ജിഎസ്ടി ട്രാക്കിലെത്തി; ജൂലൈ 1ന് നടപ്പിലാക്കാനാകും: ജയ്റ്റ്‌ലി

ജിഎസ്ടി ട്രാക്കിലെത്തി; ജൂലൈ 1ന് നടപ്പിലാക്കാനാകും: ജയ്റ്റ്‌ലി

ചെറുകിട ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും അഞ്ചു ശതമാനം നികുതി

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ഒറ്റ നികുതി സമ്പ്രദായത്തിലേക്ക് മാറുന്നതിനായി ആവിഷ്‌കരിച്ച ജിഎസ്ടി (ചരക്കുസേവന നികുതി) ട്രാക്കിലെത്തിയതായും ജൂലൈ ഒന്നു മുതല്‍ തന്നെ നടപ്പിലാക്കാനാകുമെന്നും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഡെല്‍ഹിയില്‍ ചേര്‍ന്ന 13-)o ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര ജിഎസ്ടി (സിജിഎസ്ടി), സംയോജിത ജിഎസ്ടി (ഐജിഎസ്ടി) എന്നിവയുടെ കരട് ജിഎസ്ടി കൗണ്‍സില്‍ യോഗം അംഗീകരിച്ചു. സിജിഎസ്ടി, ഐജിഎസ്ടി എന്നിവയുടെ കരടില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയിലെത്തിയിട്ടുണ്ട്. സംസ്ഥാന ജിഎസ്ടി, കേന്ദ്രഭരണപ്രദേശ ജിഎസ്ടി എന്നിവയുടെ കരടുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മാര്‍ച്ച് 16ന് ജിഎസ്ടി കൗണ്‍സില്‍ വീണ്ടും യോഗം ചേരും.

ജിഎസ്ടി സംബന്ധിച്ച എല്ലാ ബില്ലുകളുടെ കരടിനും കൗണ്‍സില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍, കേന്ദ്ര സര്‍ക്കാര്‍, ബില്ലുകള്‍ മന്ത്രിസഭയുടെ അംഗീകാരത്തിനു വിടും. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംപാദത്തില്‍ ജിഎസ്ടി ബില്ലുകളുടെ കരട് പരിഗണനയ്‌ക്കെത്തുമെന്ന് അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. സിജിഎസ്ടി, ഐജിഎസ്ടി എന്നിവയുടെ കരട് നിയമങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട ചെറിയ ചില ഭേദഗതികള്‍ ഉണ്ടാകും.

അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജിഎസ്ടി കൗണ്‍സില്‍ വേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി സിജിഎസ്ടി ഐജിഎസ്ടി ബില്ലുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറും. പിന്നീട് ബില്ലുകള്‍ കൗണ്‍സിലിന്റെ അന്തിമ അംഗീകാരത്തിനെത്തുമെന്നും ജൂലൈ ഒന്നു മുതല്‍ ജിഎസ്ടി നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അരുണ്‍ ജയ്റ്റ്‌ലി വിശദീകരിച്ചു.

കേന്ദ്ര സര്‍ക്കാരും ചില സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള പ്രധാന തര്‍ക്ക വിഷയമായ ചെറുകിട ഹോട്ടലുകളിലെയും റെസ്‌റ്റോറന്റുകളിലെയും നികുതി ഘടനയിലും ജിഎസ്ടി കൗണ്‍സില്‍ യോഗം ധാരണയിലെത്തി. അഞ്ചു ശതമാനമായിരിക്കും ഈ വിഭാഗത്തിന്റെ നികുതി. അഞ്ചു ശതമാനത്തില്‍ രണ്ടര ശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കും. പ്രതിവര്‍ഷം 50ലക്ഷം രൂപ വരെ വരുമാനമുള്ള ഹോട്ടലുകള്‍ക്കാണിത്.

കേന്ദ്ര ജിഎസ്ടി വഴി ചരക്കു സേവനങ്ങള്‍ക്ക് മേല്‍ എക്‌സൈസ് ഡ്യൂട്ടിയും സേവന നികുതിയും ഉള്‍പ്പെടുത്തി നികുതി പിരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് അധികാരം വന്നുചേര്‍ന്നിട്ടുണ്ട്. വാറ്റും മറ്റു സംസ്ഥാന നികുതികളും ഉള്‍പ്പെടുത്തിയ നികുതി പിരിക്കുന്നതിനുള്ള സംസ്ഥാന ജിഎസ്ടി നിയമം എല്ലാ സംസ്ഥാന നിയമസഭകളും പാസാക്കേണ്ടതുണ്ട്. അഞ്ച്, 12, 18, 28 എന്നീ നിരക്കുകളിലാകും ഇനി മുതല്‍ രാജ്യം മുഴുവനും വിവിധ ചരക്കു സേവനങ്ങള്‍ക്ക് നികുതി ഈടാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ട 26 നിര്‍ദേശങ്ങളാണ് കേന്ദ്രം അംഗീകരിച്ചത്.

Comments

comments