അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വെട്ടിക്കുറച്ച് സൗദി

അസംസ്‌കൃത എണ്ണയുടെ കയറ്റുമതി വെട്ടിക്കുറച്ച് സൗദി

കഴിഞ്ഞ മാസമുണ്ടായത് 1,26,000 ബാരലിന്റെ കുറവ്

റിയാദ്: ഏറ്റവും വലിയ പെട്രോളിയം ഉല്‍പ്പാദന രാജ്യമായ സൗദി അറേബ്യയുടെ കഴിഞ്ഞ മാസത്തെ അസംസ്‌കൃത എണ്ണ കയറ്റുമതിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഓയില്‍ അധിഷ്ഠിത സമ്പദ് വ്യവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിന്റെ ഭാഗമായി അസംസ്‌കൃത എണ്ണയുടെ വിതരണം വെട്ടിക്കുറച്ചതാണ് ഇടിവിന് കാരണമായത്.
ഫെബ്രുവരിയില്‍ ഒരു ദിവസം 7.04 മില്യണ്‍ ബാരല്‍ അസംസ്‌കൃത എണ്ണയാണ് ചരക്കു കപ്പലുകള്‍ കയറ്റുമതി ചെയ്തത്. ജനുവരിയില്‍ ഒരു ദിവസം കയറ്റുമതി ചെയ്തതിനെ അപേക്ഷിച്ച്, 1,26,000 ബാരലിന്റെ കുറവാണ് കഴിഞ്ഞ മാസമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗവണ്‍മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഡിസംബര്‍ മുതല്‍ ദിവസം ഒരു മില്യണ്‍ ബാരലിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

എണ്ണ വിപണിയെ തിരിച്ച് ലാഭത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉല്‍പ്പാദനം ആറ് മാസത്തേക്ക് കുറയ്ക്കണമെന്ന് പെട്രോളിയം ഉല്‍പ്പാദന രാജ്യങ്ങള്‍ തീരുമാനമെടുത്തിരുന്നു. 2014 ന്റെ മധ്യത്തോടെയാണ് എണ്ണവിപണിയില്‍ ഇടിവ് അനുഭവപ്പെട്ടു തുടങ്ങിയത്. ജനുവരിക്ക് ശേഷമുള്ള ഒപിഇസി അംഗങ്ങളുടെ ഉല്‍പ്പാദനം കരാറിനോട് 90 ശതമാനം നീതിപുലര്‍ത്തുന്ന രീതിയിലായിരുന്നു. ഒപിഇസിയില്‍ ഇല്ലാത്ത 11 രാജ്യങ്ങളും ഇതിന് പിന്തുണ നല്‍കിയിട്ടുണ്ട്.

ഉല്‍പ്പാദനം കുറച്ചതിനെത്തുടര്‍ന്ന് വിലയില്‍ വര്‍ധന രേഖപ്പെടുത്തിയതിനാല്‍ രാജ്യങ്ങള്‍ നിയന്ത്രണം തുടരാനാണ് സാധ്യത. ഒക്‌റ്റോബറിന് മുന്‍പ് ദിവസം 4,86,000 ബാരലിന്റെ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് സൗദി ഉറപ്പുനല്‍കിയിരിക്കുന്നത്. ഉല്‍പ്പാദനം നിയന്ത്രിച്ചത് വിപണിയിലുണ്ടാക്കിയ മാറ്റം ഒക്‌റ്റോബറിലാണ് നിര്‍ണയിക്കുക.

അസംസ്‌കൃത എണ്ണ സൂക്ഷിച്ച് വെക്കാനുള്ള സൗകര്യങ്ങള്‍ സൗദിക്കുണ്ട്. അതിനാല്‍ അവരുടെ ഉല്‍പ്പാദനവും കയറ്റുമതിയും തമ്മില്‍ ബന്ധിപ്പിക്കാന്‍ കഴിയില്ല. മാസാമാസം കയറ്റുമതി വെട്ടിക്കുറക്കുന്നതിലൂടെ ഉല്‍പ്പാദനം കുറയ്ക്കാതെ തന്നെ ഒപിഇസി രാജ്യങ്ങളുമായുള്ള കരാറില്‍ ഉറച്ചു നില്‍ക്കാന്‍ സൗദിക്ക് കഴിയും. ജനുവരി മാസത്തെ അപേക്ഷിച്ച് ഇപ്പോള്‍ പ്രതിദിന കയറ്റുമതിയില്‍ 7.16 മില്യണ്‍ ബാരലിന്റെ കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ബ്ലൂംബര്‍ഗ് പറയുന്നു.

സൗദി അറേബ്യയില്‍ നിന്ന് പോകുന്ന 70 ശതമാനം ചരക്കു കപ്പലുകളും എത്തുന്നത് ജപ്പാന്‍, ചൈന, സൗത്ത് കൊറിയ, യുഎസ്, ഇന്ത്യ എന്നിവിടങ്ങളിലേക്കാണ്. സൗദി അറേബ്യന്‍ തീരത്തുള്ള റാസ് തനൂറ, പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള ജൈമാഹ്, ചെങ്കടലിലുള്ള യന്‍ബു എന്നീ തുറമുഖങ്ങളില്‍ നിന്ന് ചരക്കു കയറ്റുന്ന കപ്പലുകളെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ജോയിന്‍ഡ് ഓര്‍ഗനൈസേഷന്‍ ഡാറ്റ ഇനീഷ്യേറ്റീവിന്റെ (ജെഒഡിഐ) റിപ്പോര്‍ട്ട് അനുസരിച്ച് ഒക്‌റ്റോബറില്‍ പ്രതിദിനം 7.64 മില്യണ്‍ ബാരല്‍ ഓയിലാണ് സൗദി അറേബ്യ ഇറക്കുമതി ചെയ്തത്. ഉല്‍പ്പാദനത്തേക്കുറിച്ചും കയറ്റുമതിയെക്കുറിച്ചും നേരിട്ട് രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ എടുത്താണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രതിദിനം നടത്തിയ കയറ്റുമതിയുടെ അളവ് 8 മില്യണ്‍ ബാരല്‍ ആയിരുന്നു. ഈ വര്‍ഷം ആദ്യം മുതലാണ് ഉല്‍പ്പാദനം കുറയ്ക്കാനുള്ള കരാര്‍ നിലവില്‍ വന്നത്.

കഴിഞ്ഞ വര്‍ഷം എണ്ണ വിലയില്‍ വന്‍ ഇടിവ് രേപ്പെടുത്തിയതിനെ തുടര്‍ന്ന് സൗദി അറേബ്യ സാമ്പത്തിക മാന്ദ്യത്തിലായിരുന്നു. എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറുന്നതിന്റെ ഭാഗമായി ഉല്‍പ്പാദനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ തന്നെയാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.

വ്യാവസായിക നിര്‍മാണ മേഖലയിലേക്ക് സമ്പദ് വ്യവസ്ഥയെ മാറ്റുന്നതിന്റെ ഭാഗമായി വിഷന്‍ 2030 പദ്ധതിയ്ക്കും സൗദി സര്‍ക്കാര്‍ തുടക്കമിട്ടു.

 

Comments

comments