ഓഹരി തിരികെ വാങ്ങലിനൊരുങ്ങി വിപ്രൊയും

ഓഹരി തിരികെ വാങ്ങലിനൊരുങ്ങി വിപ്രൊയും

ന്യൂഡെല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനും ഇന്‍ഫൊസിസിനും പിന്നാലെ ഇന്ത്യന്‍ ഐടി രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ വിപ്രൊയും ഓഹരി തിരികെ വാങ്ങലിനെ കുറിച്ച് ആലോചിക്കുന്നു.

3000- 4000 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന് തിരികെവാങ്ങാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. മുമ്പ് 2016 ഏപ്രിലിലാണ് കമ്പനി വിപണിയില്‍ ഓഹരി തിരികെവാങ്ങല്‍ നടപ്പാക്കിയത്.

ഇതുള്‍പ്പടെ വിവിധ നിര്‍ദേശങ്ങല്‍ അടങ്ങിയ പത്രിക വിപ്രോയുടെ ഡയറക്റ്റര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഓഹരിയുടമകള്‍ക്കായി വിശദമായ കാപ്പിറ്റല്‍ റിട്ടേണ്‍ നയം നടപ്പാക്കണമെന്നും നിര്‍ദേശമുണ്ടെന്ന് വിവിധ ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരുതല്‍ ധനത്തില്‍ നിന്ന് 25-30 ശതമാനമെങ്കിലും ഓഹരിയുടമകളുടെ റിട്ടേണ്‍സിനായി നീക്കിവെക്കുന്നത് മൂന്നുവര്‍ഷത്തിനുള്ളില്‍ ഉറപ്പുവരുത്താനാകണമെന്നാണ് നിര്‍ദേശിക്കുന്നത്. എതിരാളികളായ കോഗ്നിസെന്റിന്റെ നയത്തോട് ഏതാണ്ട് സമാനമാണ് ഇത്.

പ്രതി ഓഹരിക്ക് രണ്ടു രൂപ എന്ന നിലയില്‍ ഓഹരി ഉടമകള്‍ക്ക് ഇടക്കാല ഡിവിഡന്റെ നല്‍കുമെന്ന് വിപ്രൊ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ടെണ്ടര്‍ മാര്‍ഗത്തിലൂടെ 5.61 കോടി ഓഹരികള്‍ തിരികെ വാങ്ങുമെന്ന് ടിസിഎസ് ഫെബ്രുവരി ആദ്യത്തിലാണ് പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെ ഇന്‍ഫോസിസ് തങ്ങളുടെ ആര്‍ട്ടിക്ക്ള്‍സ് ഓഫ് അസോസിയേഷനില്‍ ഓഹരി തിരികെപിടിക്കുന്നതിനുള്ള വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ക്കാന്‍ ശ്രമമാരംഭിച്ചു. 2.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ തിരികെ പിടിക്കാനാണ് ഇന്‍ഫോസിസ് ലക്ഷ്യമിടുന്നത്.

Comments

comments

Tags: India, Wipro