2018ല്‍ ചന്ദ്രനില്‍ രണ്ട് സഞ്ചാരികളെയെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

2018ല്‍  ചന്ദ്രനില്‍ രണ്ട് സഞ്ചാരികളെയെത്തിക്കുമെന്ന് സ്‌പേസ് എക്‌സ്

വാഷിംഗ്ടണ്‍: 2018ല്‍ ചന്ദ്രനിലേക്ക് രണ്ട് സഞ്ചാരികളെ അയക്കുമെന്ന് അമേരിക്കയിലെ സ്വകാര്യ ബഹിരാകാശ പരിവേഷണ കമ്പനിയായ സ്‌പേസ് എക്‌സ്. വാണിജ്യാടിസ്ഥാനത്തിലായിരിക്കും ഇത് നടപ്പാക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഡ്രാഗണ്‍ 2 ഉപഗ്രഹം വിക്ഷേപിക്കുന്നത് നടപ്പാക്കിയ ശേഷം 2018ന്റെ അവസാനത്തോടെ ചാന്ദ്രദൗത്യം നടപ്പിലാക്കാനാണ് എലോണ്‍ മസ്‌കിന്റെ സ്‌പേസ് കമ്പനി ലക്ഷ്യമിടുന്നത്.

രണ്ട് പേര്‍ ചന്ദ്രനിലേക്കുള്ള യാത്രയ്ക്ക് തയാറായി തങ്ങളെ സമീപിച്ചുവെന്നും ഇവര്‍ നല്ലൊരു തുക പ്രതിഫലമായി നല്‍കിയിട്ടുണ്ടെന്നും മസ്‌ക് പറയുന്നു. എന്നാല്‍ സഞ്ചാരികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അപകടസാധ്യതകള്‍ ഉണ്ടെന്ന് മനസ്സിലാക്കി തന്നെയാണ് യാത്രയ്ക്ക് സഞ്ചാരികള്‍ തയാറായിട്ടുള്ളതെന്നും സ്‌പേസ് എക്‌സ് വെളിപ്പെടുത്തി. സഞ്ചാരികളുടെ ആരോഗ്യ പരിശോധകളും മറ്റും ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും.

നിലവിലുള്ള ഷെഡ്യൂള്‍ അനുസരിച്ച് 2018 അവസാനത്തോടെ ഡ്രാഗണ്‍ 2 ക്യാപ്‌സൂളുകളും ഫാല്‍ക്കണ്‍ ഹെവി റോക്കറ്റും ഉപയോഗിച്ചാണ് ചാന്ദ്ര ദൗത്യം നടത്തുക. സ്വയം പ്രവര്‍ത്തിക്കുന്ന വിധത്തിലായിരിക്കും ചാന്ദ്രദൗത്യത്തിലെ സാങ്കേതിക സംവിധാനം ചിട്ടപ്പെടുത്തുക. ബഹിരാകാശത്തിലെ ആശയവിനിമയത്തിനും സാധ്യതയുണ്ടാകും. സ്വകാര്യകമ്പനിയായ സ്‌പേസ് എക്‌സിന് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജനന്‍സിയായ നാസയുമായി കരാര്‍ ഉണ്ട്.

ചൊവ്വയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനും സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നുണ്ട്. സ്‌പേസ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി രംഗത്ത് വന്‍ നിക്ഷേപമിറക്കാന്‍ കമ്പനി തയാറെടുക്കുന്നതാണ് റിപ്പോര്‍ട്ട്.

Comments

comments

Categories: Life, World