ജിഎസ്ടി ജൂലൈ ഒന്ന് മുതല്‍ തന്നെ നടപ്പിലാക്കാനാകുമെന്ന് ശക്തികാന്ത ദാസ്

ജിഎസ്ടി ജൂലൈ ഒന്ന് മുതല്‍ തന്നെ നടപ്പിലാക്കാനാകുമെന്ന് ശക്തികാന്ത ദാസ്

മുംബൈ: ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി പുതുക്കിപ്പണിയുമെന്ന് കരുതുന്ന ചരക്കുസേവന നികുതി ജൂലൈ ഒന്ന് മുതല്‍ തന്നെ നിലവില്‍ വരുമെന്ന് സാമ്പത്തിക കാര്യസെക്രട്ടറി ശക്തികാന്ത ദാസ്. ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നടപ്പിലാക്കുന്നത് ബൃഹത്തായ കാര്യമാണെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജൂലൈ ഒന്ന് മുതല്‍ ഇത് നടപ്പിലാക്കുന്നതിനായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അവസാനം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു ശേഷം ജിഎസ്ടി ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കുമോയെന്നത് സംബന്ധിച്ച് ആശങ്കയുയര്‍ന്നിരുന്നു. ജിഎസ്ടി യുമായി ബന്ധപ്പെട്ട പലനിര്‍ദേശങ്ങളെയും പല സംസ്ഥാന സര്‍ക്കാരുകളും സാമ്പത്തിക, രാഷ്ട്രീയ കാരണങ്ങളാല്‍ നേരത്തെ എതിര്‍ത്തിരുന്നു.

ഫെഡറല്‍ ഭരണസംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഉല്‍പ്പന്നത്തിനും സേവനത്തിനും പലതരത്തിലുള്ള നികുതികള്‍ ചുമത്തപ്പെടുന്നുണ്ട്. ചില നികുതികള്‍ കേന്ദ്രവും മറ്റ് ചിലത് സംസ്ഥാന സര്‍ക്കാരും ചുമത്തുന്നു. എന്നാല്‍ ജിഎസ്ടി നിലവില്‍ വരുന്നതോടെ ഈ സംവിധാനം മാറി ഒറ്റ നികുതിയായി മാറും. ഇതുവഴി വരുമാനം ഉയര്‍ത്താനും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഫണ്ട് കണ്ടെത്താനും സാധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ മുഖ്യവരുമാന മാര്‍ഗമായ മദ്യ വില്‍പ്പന, പെട്രോളിയം, റിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ മേഖലകളെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കാനഡ,ആസ്‌ട്രേലിയ,ന്യൂസീലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ പണപ്പെരുപ്പം ഒറ്റത്തവണ വര്‍ധിച്ചുവെന്നും പിന്നീട് സാധാരണഗതിയിലായെന്നും വിദഗ്ധര്‍ പറയുന്നു.

ജിഎസ്ടി നിരക്ക് 18 ശതമാനത്തിലാകുമ്പോള്‍ ഉപഭോക്തൃ വിലയില്‍ വരുന്ന ആഘാതത്തെ അവഗണിക്കാന്‍ സാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: Top Stories
Tags: from GST, GST, India