ഇറാഖിനേര്‍പ്പെടുത്തിയ യാത്രാ വിലക്ക് ട്രംപ് നീക്കിയേക്കും

ഇറാഖിനേര്‍പ്പെടുത്തിയ യാത്രാ വിലക്ക് ട്രംപ് നീക്കിയേക്കും

വാഷിംഗ്ടണ്‍: ഇറാഖി പൗരന്മാര്‍ക്കു യുഎസില്‍ താത്കാലിക യാത്രാ വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പ്രസിഡന്റ് ട്രംപ് പിന്‍വലിച്ചേക്കുമെന്നു സൂചന. ഐഎസിനെതിരേയുള്ള യുദ്ധത്തില്‍ ഇറാഖിനുള്ള പങ്ക് നിര്‍ണായകമാണ്. ഇക്കാര്യം പരിഗണിച്ച് ഇറാഖിനു മേലുള്ള വിലക്ക് നീക്കം ചെയ്യണമെന്നു പെന്റഗണും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും പ്രസിഡന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാഖിനേര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കാന്‍ ട്രംപ് ആലോചിക്കുന്നത്.

ചൊവ്വാഴ്ച യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സെഷനെ അഭിസംബോധന ചെയ്യുന്ന ഘട്ടത്തില്‍ യുഎസിലേക്ക് അവിദഗ്ധരായ തൊഴിലാളികളുടെ ഒഴുക്ക് കുറയ്ക്കാന്‍ മെറിറ്റ് അടിസ്ഥാനമാക്കിയ പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് ട്രംപ് സൂചിപ്പിച്ചിരുന്നു. അവിദഗ്ധരായ തൊഴിലാളികളെ ആശ്രയിക്കുന്നതിനു പകരം മെറിറ്റ് അടിസ്ഥാനപ്പെടുത്തിയായിരിക്കണം യുഎസ് ഇമിഗ്രേഷന്‍ നയം രൂപീകരിക്കേണ്ടതെന്ന് ട്രംപ് പറഞ്ഞു.

അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും പിന്തുണയ്ക്കുകയാണെങ്കില്‍ വിശാലമായൊരു ഇമിഗ്രേഷന്‍ റിഫോം പദ്ധതി നടപ്പിലാക്കാമെന്നും ട്രംപ് ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കു യുഎസില്‍ യാത്രാ വിലക്കേര്‍പ്പെടുത്തിയ തീരുമാനത്തെ മയപ്പെടുത്തുന്നതായിരുന്ന ട്രംപിന്റെ പ്രസ്താവനയെന്നും വിലയിരുത്തുന്നുണ്ട്.
ഓസ്‌ട്രേലിയന്‍ ശൈലിയിലുള്ള ഇമിഗ്രേഷന്‍ സംവിധാനം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കക്കാര്‍ക്കു തൊഴിലിലും വേതനത്തിലും പുരോഗതി കൈവരിക്കുന്ന, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നത തരത്തിലുള്ള ഇമിഗ്രേഷന്‍ പരിഷ്‌കാരമാണ് അമേരിക്കയ്ക്ക് ആവശ്യമെന്നും ട്രംപ് പറഞ്ഞു.

Comments

comments

Categories: Life, Politics, World