പോളാറിസ് പുതിയ ഇലക്ട്രിക് ബൈക് പുറത്തിറക്കും

പോളാറിസ് പുതിയ ഇലക്ട്രിക് ബൈക് പുറത്തിറക്കും

അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യന്‍’ ബ്രാന്‍ഡില്‍ പുതിയ ഇലക്ട്രിക് ബൈക് അവതരിപ്പിക്കും

മിന്നെസോട്ട : മോട്ടോര്‍ സൈക്കിള്‍-ഓള്‍ ടെറെയ്ന്‍ വെഹിക്ക്ള്‍ (എടിവി) നിര്‍മ്മാതാക്കളായ പോളാറിസ് ഇന്‍ഡസ്ട്രീസ് ഇന്‍കോര്‍പ്പറേറ്റഡ് അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ‘ഇന്ത്യന്‍’ ബ്രാന്‍ഡില്‍ പുതിയ ഇലക്ട്രിക് ബൈക് അവതരിപ്പിക്കും. പോളാറിസ് പുറത്തിറക്കുന്ന രണ്ടാമത്തെ മോഡല്‍ ഇലക്ട്രിക് ബൈക്കായിരിക്കുമിത്.

‘എംപള്‍സ്’ ഇലക്ട്രിക് ബൈക്ക് ഉള്‍പ്പെടെ തങ്ങളുടെ ‘വിക്ടറി’ മോട്ടോര്‍സൈക്കിളുകളുടെ ഉല്‍പ്പാദനം ജനുവരിയില്‍ കമ്പനി നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ പതിനെട്ട് വര്‍ഷത്തിനിടെ 100 മില്യണ്‍ ഡോളറിലധികം സഞ്ചിത നഷ്ടം സംഭവിച്ചതാണ് കടുത്ത തീരുമാനമെടുക്കുന്നതിന് കമ്പനിയെ നിര്‍ബന്ധിച്ചത്.
2011 ല്‍ ഏറ്റെടുത്ത ‘ഇന്ത്യന്‍’ ബ്രാന്‍ഡില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനാണ് പദ്ധതിയെന്ന് പോളാറിസ് മോട്ടോര്‍സൈക്കിള്‍ ഡിവിഷന്‍ പ്രസിഡന്റ് സ്റ്റീവ് മെന്നേറ്റോ അറിയിച്ചു. പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒരു തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 120-140 മൈല്‍ ദൂരം സഞ്ചരിക്കാം.

എംപള്‍സ് ബൈക്കില്‍ 75 മൈല്‍ ദൂരം മാത്രമാണ് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ വില എത്രയാകുമെന്ന് വ്യക്തമാക്കാന്‍ മെന്നേറ്റോ തയ്യാറായില്ല. വിക്ടറി എംപള്‍സിന് കമ്പനി നിര്‍ദ്ദേശിച്ച ചില്ലറ വില 19,999 ഡോളറിന് മുകളിലായിരുന്നു.

പോളാറിസും തങ്ങളേക്കാള്‍ വലിയ എതിരാളികളായ ഹാര്‍ലി-ഡേവിഡ്‌സണും ‘വില-ബോധം’ പ്രകടിപ്പിക്കുന്ന മില്ലേനിയലുകളെയാണ് (എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ചവര്‍) ഇപ്പോള്‍ തങ്ങളുടെ ഉപയോക്താക്കളായി നോട്ടമിടുന്നത്. അമേരിക്കയിലെ തങ്ങളുടെ പ്രധാന ഉപയോക്താക്കളായ ബേബി ബൂമര്‍മാര്‍ക്ക് (രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജനിച്ചവര്‍) പ്രായമേറിയതിനെതുടര്‍ന്ന് വലിയ ബൈക്കുകളുടെ ആവശ്യകത കുറഞ്ഞതാണ് ഈ കമ്പനികളെ മാറ്റിച്ചിന്തിപ്പിക്കുന്നത്.

ചെറിയ സിലിണ്ടര്‍ ശേഷിയുള്ള ബൈക്കുകളുമായി ‘ഇന്ത്യന്‍’ ബ്രാന്‍ഡിന്റെ വിവിധ മോഡലുകള്‍ പുറത്തിറക്കാനും പോളാറിസ് ആലോചിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 708.5 മില്യണ്‍ ഡോളറില്‍നിന്ന് അടുത്ത അഞ്ച് വര്‍ഷത്തിനിടെ മോട്ടോര്‍സൈക്കിള്‍ ബിസിനസ്സില്‍നിന്നുള്ള വരുമാനം ഒരു ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മാര്‍ക്കറ്റ് ലീഡറായ ഹാര്‍ലിയും യുവ റൈഡര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. 2014 ല്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ലിവ്‌വയര്‍ പ്രോട്ടോടൈപ്പ് മോട്ടോര്‍സൈക്കിള്‍ കമ്പനി പുറത്തിറക്കിയിരുന്നു. അടുത്ത നാല് വര്‍ഷത്തിനിടെ ഇലക്ട്രിക് ബൈക്ക് അവതരിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മോട്ടോര്‍ സൈക്കിള്‍-അനുബന്ധ ഉല്‍പ്പന്നങ്ങളില്‍നിന്നുമായി ഹാര്‍ലിയുടെ വരുമാനം 2.7 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ മോട്ടോര്‍സൈക്കിള്‍ ബിസിനസ്സില്‍നിന്നും പാര്‍ട്‌സ്, ഗാര്‍മെന്റ്‌സ്, ഘടകഭാഗങ്ങള്‍ എന്നിവയുടെ വില്‍പ്പനയില്‍നിന്നുമായി പോളാറിസിന്റെ വരുമാനം ഇതേ കാലയളവില്‍ മുപ്പത് ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്.

Comments

comments

Categories: Auto
Tags: bike, Electric