പിങ്ക് കാരവന്‍ റൈഡ് മാര്‍ച്ച് ഏഴിന് തുടങ്ങും

പിങ്ക് കാരവന്‍ റൈഡ് മാര്‍ച്ച് ഏഴിന് തുടങ്ങും

സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് പിങ്ക് കാരവന്‍ റൈഡ് മിഷന്‍ നടപ്പാക്കുന്നത്

ഷാര്‍ജ: സ്തനാര്‍ബുദ ബോധവല്‍ക്കരണത്തിനായി നടത്തുന്ന പിങ്ക് കാരവന്‍ റൈഡ് മാര്‍ച്ച് ഏഴിന് തുടങ്ങും. ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പിങ്ക് കാരവന്‍ മിഷനെ എമിറേറ്റി സമൂഹവും മാധ്യമങ്ങളും പിന്തുണയ്ക്കണമെന്ന് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ മെമ്പറുമായ ഡോ. ഷേയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖ്വാസിമിയുടെ ഭാര്യ ഷേയ്ഖാ ജാവഹെര്‍ ബിന്റ് മുഹമ്മദ് അല്‍ ഖ്വാസിമി ആവശ്യപ്പെട്ടു.

സ്തനാര്‍ബുദം നേരത്തേ കണ്ടെത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളില്‍ എത്തിക്കുന്നതിനായാണ് പിങ്ക് കാരവന്‍ റൈഡ് മിഷന്‍ നടപ്പാക്കുന്നത്. സന്ദേശം എല്ലാവരിലേക്ക് എത്തിക്കുന്നതിനായി എല്ലാവരുടേയും പിന്തുണ വേണമെന്നും അവര്‍ പറഞ്ഞു. പിങ്ക് കാരവന്റെ യാത്രയില്‍ പ്രത്യക്ഷമായി പിന്തുണ നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ നമുക്ക് കഴിയുമെന്നും ഷേയ്ഖാ ജവഹെര്‍ പറഞ്ഞു.

ഒരുമയുടേയും സഹകണത്തിന്റേയും ഐക്യത്തിന്റേയും മാതൃകയാവുകയാണ് യുഎഇ. യുഎഇയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് പിങ്ക് കാരവന്‍ മിഷന്‍ പോലുള്ള പ്രവര്‍ത്തനങ്ങളെന്നും ഷേയ്ഖാ ജവഹെര്‍.

മാര്‍ച്ച് 7 ന് ആരംഭിക്കുന്ന റൈഡ് 10 ദിവസമാണ് നീണ്ടു നില്‍ക്കുന്നത്. ഷാര്‍ജാ ഇക്വസ്ട്രിയന്‍ ആന്‍ഡ് റേസിങ് ക്ലബ്ബില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഏഴ് എമിറേറ്റുകളിലും എത്തി അവിടത്തെ ജനങ്ങള്‍ക്ക് സൗജന്യ മെഡിക്കല്‍ പരിശോധന ലഭ്യമാക്കും. മാര്‍ച്ച് 17 ന് അബുദാബിയിലാണ് യാത്ര അവസാനിക്കുന്നത്. സ്തനാര്‍ബുദത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായി ഡോ. ഷെയഖ് സുല്‍ത്താന്റെ നേതൃത്വത്തില്‍ തയാറാക്കിയ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന ‘സെവന്‍ ഇയേഴ്‌സ്  ഫോര്‍ സെവന്‍ എമിറേറ്റ്‌സ്’ എന്ന പദ്ധതിയുടെ ഭാഗമാണ് പിങ്ക് കാരവന്‍ റൈഡ്.

കാന്‍സറിനെ മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയുന്നവരില്‍ 98 ശതമാനം പേര്‍ക്കും രോഗത്തില്‍ നിന്ന് പൂര്‍ണമായും മോചനം നേടാനാവുന്നുണ്ടെന്ന് ഷെയ്ഖാ ജവഹെര്‍ പറഞ്ഞു. പിങ്ക് കാരവന്റെ മുന്‍ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുണ്ടായ ഫലം പ്രതീക്ഷ നല്‍കുന്നതാണ്. ഇതുവരെ പിങ്ക് കാരവന്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലൂടെ 41,390 പുരുഷന്‍മാരിലും സ്ത്രീകളിലും സ്തനാര്‍ബുദം കണ്ടെത്തിയിട്ടുണ്ട്.

ഈ വര്‍ഷം ഓരോ എമിറേറ്റുകളിലേയും ഏഴ് ക്ലിനിക്കുകള്‍ പിങ്ക് കാരവന്‍ ഉദ്ഘാടനം ചെയ്യും. ഓരോ ക്ലിനിക്കിലും എത്തുന്ന മെഡിക്കല്‍ ടീം സന്ദര്‍ശകരെ പരിശോധിക്കുകയും സ്തനാര്‍ബുദവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുകയും ചെയ്യും.

Comments

comments

Categories: Auto, Life, Women, World