ഗോകൂപ്പ്: ചൂഷണത്തില്‍ നിന്ന് കൈത്തറിക്ക് ഓണ്‍ലൈന്‍ സംരക്ഷണം

ഗോകൂപ്പ്: ചൂഷണത്തില്‍ നിന്ന് കൈത്തറിക്ക് ഓണ്‍ലൈന്‍ സംരക്ഷണം

ഇന്ത്യയിലെ ഒരു മില്യണിലധികം വരുന്ന നെയ്ത്ത് – കരകൗശല വിഭാഗത്തിന് ഓണ്‍ലൈന്‍ വിപണിയൊരുക്കുകയാണ് ഗോകൂപ്പ്

ഇന്ത്യയിലെ സഹകരണരംഗത്തെയും കൂട്ടായ്മയിലധിഷ്ഠിതമായതുമായ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് ഗോകൂപ്പ്. കൈത്തറിയെയും കരകൗശലമേഖലയെയും സംയോജിപ്പിച്ചുകൊണ്ട് മറ്റൊരു ഫഌപ്പ്കാര്‍ട്ടോ ആമസോണോ ആയി മാറാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇ – മാര്‍ക്കറ്റിംഗിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും ഇവരെ തേടിയെത്തി. ആമസോണ്‍, ഫഌപ്പ്കാര്‍ട്ട്, ക്രാഫ്റ്റ്‌വില്ല തുടങ്ങിയ ഇ – കൊമേഴ്‌സ് ഭീമന്‍മാരോടാണ് ഗോകൂപ്പ് ഇന്ന് മത്സരിക്കുന്നത്.

തുടക്കം

അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റംസിലാണ് ശിവ ദേവിറെഡ്ഡി ബിരുദാനന്തരബിരുദം നേടിയത്. അതിന് ശേഷം 14 വര്‍ഷത്തോളം വിവരസാങ്കേതികവിദ്യ, ബിസിനസ് ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. എക്‌സെംപ്ലറി ഇന്‍കോര്‍പറേഷന്‍, അസെഞ്ച്വര്‍ തുടങ്ങിയ പ്രസിദ്ധങ്ങളായ സ്ഥാപനങ്ങളില്‍ ഇക്കാലയളവില്‍ അദ്ദേഹം ജോലി ചെയ്തു. തന്റെ ജോലിയുടെ ഭാഗമായാണ് അദ്ദേഹം ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍പ്പെട്ട ഒരു ചെറിയ ഗ്രാമം സന്ദര്‍ശിക്കാനിടയായത്്. അവിടെവെച്ചു നെയ്ത്തുകാരുടെ ജീവിതപ്രശ്‌നങ്ങളെ കുറിച്ച് ശിവ നേരിട്ട് മനസിലാക്കി. അദ്ദേഹം നിരവധി നെയ്ത്തുതൊഴിലാളികളുമായി സംസാരിച്ചു.

ഉല്‍പ്പാദനമോ, നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലവാരമോ ഒന്നുമല്ല ഈ മേഖലയിലെ യഥാര്‍ത്ഥപ്രശ്‌നമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്താന്‍ സാധിക്കാത്തതായിരുന്നു ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇത് മേഖലയെ ഇടനിലക്കാരുടെ ആധിപത്യത്തിലേക്ക് തള്ളിവിട്ടു. വലിയ രീതിയിലുള്ള സാമ്പത്തികചൂഷണത്തിന് വിധേയരായ ഈ തൊഴിലാളികള്‍ അനുഭവിച്ചിരുന്നത് കൊടിയ ദാരിദ്ര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ചിന്തിക്കുന്നത്.

എന്നാല്‍ ഇത്തരമൊരു നീക്കം നടത്തുന്നതിന് മുന്നോടിയായി ഏറ്റവും അടിത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ ആദ്യം പരിഹരിക്കേണ്ടതുണ്ടെന്ന് ശിവയ്ക്ക് അറിയാമായിരുന്നു. ഇത്തരമൊരു ഉദ്യമത്തിന് ആവശ്യമായ പഠനങ്ങള്‍ക്കായി അദ്ദേഹം രണ്ട് വര്‍ഷത്തോളം ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ – ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ചെലവഴിച്ചു. ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ 2012ല്‍ അദ്ദേഹം ഗോകൂപ്പിന് തുടക്കമിട്ടു.

ഗോകൂപ്പിനെക്കുറിച്ച്

ലോകത്തിലെ ഏറ്റവും വലിയ കൈത്തറി ഉല്‍പ്പന്ന വിതരണക്കാരാണ് ഇന്ത്യ. ഒമ്പത് മില്യണോളം വരുന്ന നെയ്ത്ത് – കരകൗശല തൊഴിലാളികളുടെ ശക്തമായ അടിത്തറയാണ് രാജ്യത്തുള്ളത്. 600 ഹാന്‍ഡ്‌ലൂം ക്ലസ്റ്ററുകളും ഇവിടെയുണ്ട്. മികച്ച ഒരു വിതരണശൃംഖലയുടെ അഭാവം മേഖലയെ വല്ലാതെ ബാധിച്ചിരുന്നു. ഇതുവഴി ദേശീയതലത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സാധിക്കാതെ വന്നു. പലപ്പോഴും വളരെ കുറഞ്ഞ വിലയ്ക്കാണ് തൊഴിലാളികള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായത്.

ഈ കുറവ് നികത്തിക്കൊണ്ട് ഉല്‍പ്പാദകര്‍ക്ക് സുസ്ഥിരമായ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഗോകൂപ്പ് സ്ഥാപിച്ചത്. സാങ്കേതികവിദ്യയുപയോഗിച്ച് സാമൂഹ്യമാറ്റമുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചത്. 2012ലാണ് ശിവ ഈ രംഗത്തെ ആദ്യത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമെന്ന നിലയില്‍ ഗോകൂപ്പിന് തുടക്കമിടുന്നത്.

തീര്‍ത്തും സുതാര്യമായ ഒരു പ്ലാറ്റ്‌ഫോമാണിത്. ഉല്‍പ്പാദകര്‍ക്ക് സാങ്കേതികവിദ്യയുടെ സേവനം ലഭ്യമാക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. ഇവിടെ നെയ്ത്തുകാര്‍ തീരുമാനിക്കുന്ന വില അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ലഭിക്കും. 12 മുതല്‍ 15 ശതമാനം കമ്മീഷനാണ് ഇതിനായി ഉല്‍പ്പാദകരില്‍ നിന്ന് ഇവര്‍ ഈടാക്കുന്നത്. അതും നെയ്ത്തുകാരുടെ അഭിപ്രായം ആരാഞ്ഞതിന് ശേഷം മാത്രം. രണ്ട് പ്രവൃത്തിദിനങ്ങള്‍ക്കുള്ളില്‍ ഉല്‍പ്പാദകര്‍ക്ക് അവരുടെ പെയ്‌മെന്റ് ലഭ്യമാവും. മറ്റ് ഇ- കൊമേഴ്‌സ് പോര്‍ട്ടലുകളില്‍ ഇതിന് 15 ദിവസം വരെ കാലതാമസമുണ്ട്.

തുടക്കകാലത്തെ വെല്ലുവിളികള്‍

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകളുടെ ഉപജീവനമാര്‍ഗമേഖലയാണ് കൈത്തറി. എന്നിട്ടും സുതാര്യമായ ഒരു വിപണന സംവിധാനമില്ല എന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. കാര്‍ഷികമേഖലയിലെപ്പോലെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പ്രാദേശിക വിപണികള്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ ഉല്‍പ്പാദകരെ വലിയ രീതിയില്‍ ചൂഷണം ചെയ്യുന്ന വിപണികള്‍ ഇടനിലക്കാരുടെ സങ്കേതമാണ്.

ആദ്യനാളുകളില്‍ ഇത്തരത്തിലുള്ള ഒരു പദ്ധതിയുമായി രംഗത്തിറങ്ങിയപ്പോള്‍ ആളുകളില്‍ നിന്നുള്ള പ്രതികരണം നിരാശാജനകമായിരുന്നു. ബാങ്കിംഗ്, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളെക്കുറിച്ച് ഈ സമൂഹങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള അവബോധമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഗോകൂപ്പ്‌സ് എങ്ങനെ അവരുടെ ജീവിതത്തില്‍ ഉപകാരപ്പെടുമെന്നതിനെക്കുറിച്ച് ഇവര്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടി വന്നു.

ഈ സമൂഹങ്ങളുമായി ശക്തമായ ബന്ധ സ്ഥാപിക്കാന്‍ ഇത് അത്യാവശ്യമായിരുന്നുവെന്ന് ശിവ പറയുന്നു. അതുകൊണ്ട് തന്നെ ആദ്യരണ്ട് വര്‍ഷം ഇവര്‍ കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാല, ഒറീസ എന്നിവിടങ്ങളിലെ ക്ലസ്റ്ററുകളില്‍ നേരിട്ട് തന്നെ പ്രവര്‍ത്തിച്ചു. ഇവര്‍ക്കായി അവബോധ ക്ലാസുകള്‍ സംഘടിപ്പിച്ചു. മാര്‍ക്കറ്റ് റിസര്‍ച്ച്, ഡിസൈന്‍ ഡെവലപ്പ്‌മെന്റ്, ഉയര്‍ന്ന നിലവാരത്തിലുള്ള അസംസ്‌കൃതവസ്തുക്കള്‍ ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടത്തി. ഇത്തരത്തിലുള്ള 50 വര്‍ക്ക്‌ഷോപ്പുകളാണ് ഗോകൂപ്പ്് സംഘടിപ്പിച്ചത്.

ഗോകൂപ്പ് ഇന്ന്

2014ലാണ് ഗോകൂപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ശിവ 44 ക്ലസ്റ്ററുകളിലും 285 സഹകരണസംഘങ്ങളിലുമായി 70,000 ഉല്‍പ്പാദകരെ ഗോകൂപ്പുമായി ബന്ധിപ്പിച്ചു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, കേരളം, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒറീസ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. അടുത്തിടെ മധ്യപ്രദേശിലേക്കും ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. 10,000 ഓര്‍ഡറുകളാണ് ഇതിനോടകം ഗോകൂപ്പിന് ലഭിച്ചിട്ടുള്ളത്. 11,000 രജിസ്റ്റേഡ് ബയര്‍മാര്‍ സ്ഥാപനത്തിനുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ കൂടി സാന്നിധ്യമറിയിക്കാനുള്ള തയാറെടുപ്പിലാണിവര്‍. ഗോകൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും വരുമാനത്തില്‍ 15 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്. അടുത്ത 24 മാസങ്ങള്‍ക്കുള്ളില്‍ 100 ക്ലസ്റ്ററുകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ഒരുലക്ഷം ഉപഭോക്താക്കള്‍ക്കിടയിലേക്ക് എത്തിച്ചേരാനുമാണ് ശിവ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ വരുന്ന നെയ്ത്തുതൊഴിലാളികളെ ശാക്തീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.

Comments

comments

Tags: gocoop, India