കെഎംഎ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ കൊച്ചിയില്‍

കെഎംഎ മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ കൊച്ചിയില്‍

മാനേജ്‌മെന്റ് സംഘടനാ രംഗത്തെ പ്രമുഖ പേരായ കെഎംഎ അറുപതിന്റെ നിറവില്‍. ബിസിനസ് ഭരണരംഗത്തെ നൂതന പ്രവണതകളും മുന്നേറ്റങ്ങളും വാര്‍ഷിക യോഗത്തില്‍ ചര്‍ച്ച ചെയ്യും

രാജ്യത്തെ മാനേജ്‌മെന്റ് അസോസിയേഷനുകളില്‍ ഏറ്റവും പാരമ്പര്യം അവകാശപ്പെടാനുള്ള സംഘടനകളിലൊന്നാണ് കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ( കെഎംഎ). രൂപീകരണത്തിന്റെ 60 വര്‍ഷം പിന്നിടുമ്പോള്‍ പ്രവര്‍ത്തനമേഖലയില്‍ വലിയ മുന്നേറ്റമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. മാനേജ്‌മെന്റ് വിദ്യാഭ്യാസ മേഖലയിലും മാനേജ്‌മെന്റുമായി ബന്ധപ്പെട്ട പല മേഖലകളിലും ശക്തമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ കാഴ്ചവെക്കുന്നത്.

കഴിഞ്ഞ 35 വര്‍ഷമായി കെഎംഎയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രധാന പരിപാടികളില്‍ ഒന്നാണ് വാര്‍ഷികയോഗം. മാര്‍ച്ച് 9, 10 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന 36-ാം മാനേജ്‌മെന്റ് കണ്‍വന്‍ഷന് വേദിയാകുന്നത് കൊച്ചി ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററാണ്.

പരിപാടിക്ക് മുന്നോടിയായി കെഎംഎ മാനേജ്‌മെന്റ് വാരം നടത്തി വരികയാണ്. മുന്‍രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം പ്രസ്താവിച്ചതനുസരിച്ച് എല്ലാ കൊല്ലവും ഫെബ്രുവരി 21ന് മാനേജ്‌മെന്റ് ദിനമായി ആഘോഷിക്കാറുണ്ട്. എന്നാല്‍ മാനേജ്‌മെന്റ് തലത്തിലുള്ള എല്ലാ മേഖലയിലും പ്രവര്‍ത്തനം നടത്തുന്നതിനായി സംഘടന ഇതിനെ മാനേജ്‌മെന്റ് വീക്കായിട്ടാണ് ആഘോഷിക്കാറുള്ളത്. കെഎംഎയുടെ ഖ്യാതി എല്ലാത്തരത്തിലുള്ള മാനേജ്‌മെന്റ് മേഖലയിലും എത്തിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള ലക്ഷ്യം എന്ന് കെഎംഎയുടെ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് പറഞ്ഞു.

കെഎംഎ നടത്തുന്ന ഏഴാമത് മാനേജ്‌മെന്റ് വീക്കാണിത്. വിപുലമായ അനുബന്ധപരിപാടികളാണ് ഇത്തവണ നടത്തുന്നത്. ചടങ്ങിന്റെ ഉദ്ഘാടന ദിവസം പദ്മഭൂഷന്‍ ഡോ എംവി പൈലിയുടെ ജീവചരിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്യുകയുണ്ടായി. എംജി സര്‍വ്വകലാശാല, കേന്ദ്രസര്‍വ്വകലാശാല എന്നിവയുടെ വൈസ്ചാന്‍സലര്‍ പദവിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രൊഫസര്‍ ഡോ ജാന്‍സി ജെയിംസാണ് പുസ്തകം പ്രകാശനം ചെയ്തത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എംഎസ്എംഇ മേഖലയില്‍ സംസ്ഥാനസര്‍ക്കാരുമായി സംയോജിച്ച് നടത്തിയ സെമിനാര്‍, ജിഎസ് ടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ നടത്തിയ ഐടി ലീഡര്‍ഷിപ്പ് കൊണ്‍ക്ലേവ് എന്നിവയെല്ലാം ബിസിനസ് വീക്കിന്റെ വിജയത്തിനു മാറ്റു കൂട്ടാന്‍ സഹായിച്ച ചടങ്ങുകളാണ്. ഇതില്‍ എടുത്തു പറയേണ്ട ചടങ്ങാണ് ഇന്ന് നടക്കുന്ന വുമണ്‍സ് കോണ്‍ക്ലേവ്. കെഎംഎയുടെ നേതൃത്വത്തില്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്ന വുമണ്‍സ് ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മാനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ വേദിയാണ് വുമണ്‍സ് ഫോറം. പനമ്പള്ളി നഗറിലുള്ള സെന്‍ട്രല്‍ ഹോട്ടല്‍ വേദിയാകുന്ന ചടങ്ങിന് ലൈഫ് എന്നാണ് പേരിട്ടിരിക്കുന്നത്. ലീഡ്, ഇന്‍സ്പയര്‍, ഫുള്‍ഫില്‍, എംപവര്‍ എന്നതാണ് ലൈഫ് എന്ന പേരുകൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ചിരിക്കുന്നത്. രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുള്ള മാര്‍ഗരറ്റ് അല്‍വ, പ്രശസ്ത പിന്നണി ഗായിക ഉഷാ ഉതുപ്പ് എന്നിവര്‍ ചടങ്ങിലെ മുഖ്യാതിഥികളാണ്. മാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നേടുന്നതിനും, പ്രവര്‍ത്തനമേഖലയില്‍ മുന്നേറ്റങ്ങള്‍ നടത്തുന്നതിനും ഇത്തരത്തിലുള്ള പരിപാടികള്‍ സഹായമാകും

36-മത് മാനേജ്‌മെന്റ് കണ്‍വന്‍ഷന്‍ വന്‍വിജയമാക്കി തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇതിന്റെ സംഘാടകര്‍. ചേഞ്ചിങ് ഇന്ത്യ- ന്യൂ പാരാഡിഗംസ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണത്തെ കണ്‍വന്‍ഷന്‍ നടക്കുന്നത്.

മാര്‍ച്ച് ഒമ്പതിന് വൈകിട്ട് 7.30നാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തുന്നത്. ഇഷ ഫൗണ്ടേഷന്റെ സ്ഥാപകനും, ആത്മീയ ഗുരുവുമായ പദ്മവിഭൂഷന്‍ സദ്ഗുരു ജഗ്ഗി വാസുദേവാണ്. ദേശീയ-അന്താരാഷ്ട്രതലങ്ങളില്‍ പ്രശസ്തനായ സദ്ഗുരുവിന്റെ സാന്നിധ്യം കെഎംഎക്ക് ലഭിച്ച വലിയ നേട്ടമാണ്. ഉദ്ഘാടനത്തിനു ശേഷം മാര്‍ച്ച് പത്താം തീയതി നടക്കുന്ന ചടങ്ങില്‍ മാനേജ്‌മെന്റ്തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതരുടെ പ്രഭാഷണങ്ങളും ക്ലാസുകളുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Comments

comments