ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്നുവെയ്ക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്നുവെയ്ക്കും

ഒലയുമായി ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നാഗ്പുരില്‍ 300 ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലിറക്കും

ന്യൂ ഡെല്‍ഹി : കൊമേഴ്‌സ്യല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ വാണിജ്യ ഉപയോഗത്തിന് യാതൊരുവിധ പെര്‍മിറ്റുകളും വേണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റിയെ പുതിയ തലത്തിലേക്ക് വളര്‍ത്തുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഓട്ടത്തിന് കഴിയുമെന്നാണ് സര്‍ക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നത്.

രാജ്യത്ത് ഇലക്ട്രിക് ടാക്‌സികളുടെ സാധ്യത ആരായുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ടാക്‌സി ആഗ്രഗേറ്ററായ ഒലയുമായി ചേര്‍ന്ന് നാഗ്പുരില്‍ 300 ഇലക്ട്രിക് കാറുകള്‍ നിരത്തുകളിലിറക്കും. ഇന്ത്യയില്‍ ഇത്തരമൊരു സര്‍വീസ് ആരംഭിക്കുന്നതില്‍ ഒലയിലെ പ്രധാന നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മസയോഷി സണ്‍ വലിയ താല്‍പ്പര്യമാണ് പ്രകടിപ്പിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ഇലക്ട്രിക് ടാക്‌സികള്‍ അവതരിപ്പിക്കാമെന്ന നിര്‍ദ്ദേശം ഒലയും സോഫ്റ്റ്ബാങ്കും നീതി ആയോഗ് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. നീതി ആയോഗ് ഇത് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഒല-സോഫ്റ്റ്ബാങ്ക് നിര്‍ദ്ദേശത്തോട് മന്ത്രി നിതിന്‍ ഗഡ്കരി ആവേശപൂര്‍വ്വമാണ് പ്രതികരിച്ചത്.

ഇലക്ട്രിക് ടാക്‌സി സര്‍വീസ് ഇന്ത്യയില്‍ കമ്പനിക്കിഷ്ടപ്പെട്ട നഗരങ്ങളില്‍ തുടങ്ങാമെന്ന് അറിയിച്ച അദ്ദേഹം തന്റെ ലോക്‌സഭാ മണ്ഡലമായ നാഗ്പുരില്‍ 300 ചാര്‍ജിംഗ് പോയന്റുകള്‍ ഒരുക്കാമെന്നും വ്യക്തമാക്കി.

ഇലക്ട്രിക് മൊബിലിറ്റിയില്‍ വളരെയധികം ഉത്സാഹം പ്രകടിപ്പിക്കുന്ന നിതിന്‍ ഗഡ്കരി കഴിഞ്ഞ വര്‍ഷം അമേരിക്ക സന്ദര്‍ശിച്ച സമയത്ത് ടെസ്‌ല മോട്ടോഴ്‌സ് പ്ലാന്റിലെത്തുകയും തങ്ങളുടെ ഏഷ്യയിലെ മാനുഫാക്ച്ചറിംഗ് ഹബ്ബായി കമ്പനി ഇന്ത്യയെ നിശ്ചയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. കണ്ട്‌ല തുറമുഖത്തിന് സമീപം കമ്പനിക്ക് സ്ഥലം വാഗ്ദാനം നല്‍കുകയും ചെയ്തു.

അധികം വൈകാതെ ഇന്ത്യയില്‍ തന്റെ കമ്പനി ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്നാണ് ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് വ്യക്തമാക്കിയത്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമോയെന്ന കാര്യം അദ്ദേഹം തുറന്നുപറഞ്ഞില്ല.

ഇലക്ട്രിക് മൊബിലിറ്റിയുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ടാക്‌സി വാഹനം ഇലക്ട്രിക് ആണെങ്കില്‍ അത് ഓടിക്കുന്നതിനാവശ്യമായ എല്ലാ പെര്‍മിറ്റുകളും എടുത്തുകളയുമെന്നും വാണിജ്യാടിസ്ഥാനത്തിലോടുന്ന ഇലക്ട്രിക് ബസ്സുകളുടെയും ട്രക്കുകളുടെയും കാര്യത്തിലും ഇതുതന്നെയാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

വിവിധ തരത്തിലുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ക്ക് കോണ്‍ട്രാക്റ്റ് കാര്യേജ് ബസ് പെര്‍മിറ്റ്, സ്‌റ്റേജ് കാരിയര്‍ പെര്‍മിറ്റ്, ഗൂഡ്‌സ് കാരിയര്‍, മാക്‌സി കാബ്, റേഡിയോ ടാക്‌സി, ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് തുടങ്ങിയവയാണ് സാധാരണഗതിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്നത്. ഇത്തരം പെര്‍മിറ്റുകള്‍ നേടിയെടുക്കുന്നതും പുതുക്കുന്നതും വാഹനഉടമകളുടെ സമയവും പണവും നഷ്ടപ്പെടുത്തുന്നതാണ്.

സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ പഴക്കമേറിയ ബസ്സുകള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നത് സംബന്ധിച്ച പദ്ധതി കൂടി കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകളുമായി രണ്ട് പദ്ധതികളെക്കുറിച്ചും സംസാരിക്കും. ആദ്യം നാഷണല്‍ പെര്‍മിറ്റുകള്‍ എടുത്തുകളയാനാണ് ആലോചിക്കുന്നതെന്ന് റോഡ് ഗതാഗത മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിവിധ സബ്‌സിഡികള്‍ ഇളവുകളും ലഭ്യമാക്കുന്നതിന് നിതിന്‍ ഗഡ്കരി ധനകാര്യ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണ്.

ഉയര്‍ന്ന വാഹന വില, വൈദ്യുതി വിതരണ തടസ്സം, പരിസ്ഥിതി സൗഹൃദമായി ബാറ്ററികള്‍ സുരക്ഷിതമായി ഉപേക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെ അഭാവം തുടങ്ങിയ പ്രതിബന്ധങ്ങളാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ഇന്ത്യക്കാരെ പിന്തിരിപ്പിക്കുന്നത്.

Comments

comments

Categories: Auto, Life, Trending
Tags: Electric, India, Ola