ഡാനോന്‍ ഇന്ത്യ ചെലവ് ചുരുക്കുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാക്കും

ഡാനോന്‍ ഇന്ത്യ ചെലവ് ചുരുക്കുന്നു; മൂന്ന് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയാക്കും

ന്യൂഡെല്‍ഹി: ഡയറി കമ്പനിയായ ഡാനോന്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെലവ് ചുരുക്കി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വരുമാനം ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ചെലവ് ചുരുക്കുന്നതിലൂടെയുണ്ടാകുന്ന ലാഭം പരസ്യത്തിനും മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാനാണ് ഡാനോന്‍ ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ റോഡ്രിഗോ ലിമ പറഞ്ഞു.

യൂറോപ്പിലെ ഏറ്റവും വലിയ തൈര് നിര്‍മാണ കമ്പനിയായ ഡാനോന്‍ എസ്എയുടെ ഇന്ത്യന്‍ യൂണിറ്റാണ് ഡാനോന്‍ ഇന്ത്യ. അടുത്ത മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ ഉല്‍പ്പാദന ചെലവ് കുറയ്ക്കാനാകുമെന്നും ഉല്‍പ്പന്നങ്ങളുടെ വിലയില്‍ കുറവ് വരുത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും പ്രീമിയം ഉല്‍പ്പന്നങ്ങളാണ്. കമ്പനി പകുതി ശേഷി മാത്രം ഉപയോഗപ്പെടുത്തിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിക്ഷേപവും അധികചെലവുകളും കൂടുതലാണെന്നും ലിമ പറയുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് വിതരണം വിപുലീകരിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ കമ്പനി മൊത്തം ശേഷി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 20 ശതമാനത്തിലധികം കുറവ് വരുത്താന്‍ കമ്പനിക്ക് സാധിച്ചേക്കുമെന്നും ലിമ വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലെ നഗര പ്രദേശങ്ങളില്‍ മാത്രമാണ് ഡാനോന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 1,800 കോടി രൂപയാണ് ഡാനോന്‍ നിക്ഷേപിച്ചിട്ടുള്ളത്. ഹരിയാന പഞ്ചാബ് എന്നിവിടങ്ങളില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നതിനും മുംബൈയില്‍ ഹെഡ് ഓഫീസ് ഒരുക്കുന്നതിനും 2011ല്‍ വോക്കര്‍ഡ്റ്റ് ഗ്രൂപ്പിന്റെ പോഷകാഹാര ബിസിനസ് ഏറ്റെടുക്കുന്നതിനും വേണ്ടിയുമാണ് ഈ പണം വിനിയോഗിച്ചത്.

Comments

comments