സ്‌പെക്ട്രത്തെ പ്രത്യേക വിഭാഗമാക്കാന്‍ കമ്പനികള്‍ തയാറാകണം: സുനില്‍ മിത്തല്‍

സ്‌പെക്ട്രത്തെ പ്രത്യേക വിഭാഗമാക്കാന്‍ കമ്പനികള്‍ തയാറാകണം: സുനില്‍ മിത്തല്‍

പൊതുവായ സ്‌പെക്ട്രം ഉപയോഗിച്ച് നെറ്റ്‌വര്‍ക്ക് പങ്കിടല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കണം

മുംബൈ: ടെലികോം മേഖല നേരിടുന്ന സാമ്പത്തിക ഞെരുക്കം കുറയ്ക്കാന്‍ സമൂല നിര്‍ദേശവുമായി ആഗോളതലത്തിലെ മൊബീല്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ ജിഎസ്എംഎയുടെ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. സ്‌പെക്ട്രത്തെ പ്രത്യേക വിഭാഗമായോ സംരംഭമായോ പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നത്.

ലോകത്താകമാനമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ സ്പക്ട്രം ഉള്‍പ്പടെയുള്ള വിഭവസ്രോതസുകള്‍ സജീവമായി പങ്കിടേണ്ടതുണ്ട്. ഉയര്‍ന്ന റോമിങ് ചാര്‍ജിനെക്കുറിച്ചുള്ള ഭയം ലഘൂകരിക്കാനും ബില്ലിങ് സുതാര്യത മെച്ചപ്പെടുത്തുന്നതിനും തൊഴില്‍ മൂലധനത്തിന് ഉണര്‍വ് നല്‍കാനും ഇത്തരം പങ്കിടലുകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാവായ എയര്‍ടെല്ലിന്റെ ചെയര്‍മാന്‍ കൂടിയായ സുനില്‍ മിത്തല്‍ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബീല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

രാജ്യവ്യാപകമായി വോയിസ്,ഡാറ്റാ സര്‍വീസുകള്‍ക്ക് റോമിങ് ചാര്‍ജ് ഏപ്രില്‍ 1 മുതല്‍ ഒഴിവാക്കുമെന്ന് എയര്‍ടെല്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.അതേപോലം തന്നെ അന്താരാഷ്ട്ര റോമിങ് ചാര്‍ജുകളും ഒഴിവാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഒരു വര്‍ഷം ഏകദേശം 200 ബില്യണ്‍ ഡോളറാണ് ടെലികോം വ്യവസായം നിക്ഷേപിക്കുന്നത്. കൂടാതെ ഏകദേശം 56 മുതല്‍ 60 ബില്യണ്‍ ഡോളര്‍ വരെ സ്‌പെക്ട്രത്തിനായും ചെലവിടുന്നു. നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ് കമ്പനികളുമായുള്ള സ്‌പെക്ട്രം പങ്കിടല്‍ മൂലം വരുമാനം മെച്ചപ്പെടുത്താന്‍ സാധിക്കും.

നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് കമ്പനികള്‍ രൂപീകരിച്ച് സ്‌പെക്ട്രം അവയുടെ കീഴിലാക്കുകയാണ് അഭികാമ്യമായിട്ടുള്ളത്. നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിംഗ് കമ്പനികളും മൊബീല്‍ കമ്പനികളും വേറിട്ട് നില്‍ക്കണം. ഇതുവഴി സ്‌പെക്ട്രത്തിന്റെ കാര്യക്ഷമത ഉയര്‍ത്താന്‍ സാധിക്കും. ബേസ് സ്‌റ്റേഷനുകളുടെ ആവശ്യം ഇത് പകുതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

യാഥാര്‍ത്ഥമായ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനികളായിത്തീരാന്‍ ടെലികോം കമ്പനികളെ ഈ നീക്കം സഹായിക്കും. പൊതുവായ സ്‌പെക്ട്രം ഉപയോഗിച്ച് നെറ്റ്‌വര്‍ക്ക് പങ്കിടല്‍ നടത്തുന്നതിനെക്കുറിച്ച് ആലോചനകള്‍ തുടങ്ങിയിട്ടുണ്ടെന്നും സുനില്‍ മിത്തല്‍ പറഞ്ഞു.

Comments

comments