സംരംഭകനൊരു മാര്‍ഗ്ഗദര്‍ശി

സംരംഭകനൊരു മാര്‍ഗ്ഗദര്‍ശി

സമഗ്രവും ശക്തവുമാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം’ എന്ന മാനേജ്‌മെന്റ് പുസ്തകം. ബിസിനസിന്റെ സങ്കീര്‍ണതകളെ ലളിതമായി വായനക്കാരന്റെ മനോമണ്ഡലത്തിലേക്ക് എത്തിക്കുന്നതിനോടൊപ്പം സംരംഭകത്വയാത്രയിലെ പാളിച്ചകളെക്കുറിച്ച് വ്യക്തമായ ബോധ്യം ഓരോ സംരംഭകനും നല്‍കുന്നു അത്

മലയാളത്തില്‍ മാനേജ്‌മെന്റ് പുസ്തകങ്ങള്‍ അന്വേഷിച്ചിറങ്ങുന്നവര്‍ക്ക് ഓപ്ഷനുകള്‍ വളരെ ചുരുക്കമാണ്. മലയാള സാഹിത്യത്തില്‍ ദുര്‍ബലമാണ് മാനേജ്‌മെന്റ് പുസ്തകശാഖയെന്നു തന്നെ പറയാം. കേരളം ഒരു സംരംഭകത്വ വിപ്ലവത്തിന്റെ പുതുയുഗത്തിലാണെന്ന് പറയുമ്പോഴും യുവസംരംഭകര്‍ക്ക് വേണ്ടത്ര മെന്ററിംഗ് ലഭിക്കാത്തത് വലിയ പ്രശ്‌നമായി പലരും ചൂണ്ടിക്കാണിക്കാറുണ്ട്.

പൊടുന്നനെ സംരംഭങ്ങള്‍ പൊട്ടിമുളയ്ക്കുന്നതിനും അതിനേക്കാള്‍ വേഗത്തില്‍ തകര്‍ന്നുതരിപ്പണമാകുന്നതിനും കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സംരംഭകത്വത്തെക്കുറിച്ചും അതിന്റെ വിവിധ തലങ്ങളെക്കുറിച്ചും പഠിക്കുന്നതിലും അനാവരണം ചെയ്യുന്നതിലും പലര്‍ക്കും സാധിക്കാത്തതാണ് ബിസിനസുകള്‍ പരാജയപ്പെടുന്നതിന് കാരണം.

ഇംഗ്ലീഷില്‍ ലഭ്യമാകുന്നതുപോലെ മാനേജ്‌മെന്റിന്റെ വിവിധ തലങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ കുറവായതും മലയാളികളെ ബിസിനസ് പരാജയങ്ങളിലേക്ക് നയിക്കുന്നുണ്ടാകാമെന്നും പലരും വിലയിരുത്താറുണ്ട്. ബിസിനസിലെ സങ്കീര്‍ണമായ പദപ്രയോഗങ്ങളെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന പൂര്‍ണതക്കുറവാണ് ഇതിന് പണ്ട് എഴുത്തുകാര്‍ മെനക്കെടാതിരുന്നതിന് പ്രധാന കാരണമെന്നാണ് പ്രൊഫ. എം കെ സാനുവിനെപ്പോലുള്ള വിദഗ്ധര്‍ പറയുന്നത്.

ഈ പശ്ചാത്തലത്തിലാണ് പ്രമുഖ മാനേജ്‌മെന്റ് വിദഗ്ധനും കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവാലര്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന സ്ഥാപനത്തിന്റെ മേധാവിയുമായ സുധീര്‍ ബാബു രചിച്ച വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം എന്ന പുസ്തകം പ്രസക്തമാകുന്നത്.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അദ്ദേഹം പ്രധാനമായും ഫോക്കസ് ചെയ്യുന്നത് മാനേജ്‌മെന്റ് തലങ്ങളില്‍ സംരംഭകര്‍ ശ്രദ്ധവെക്കേണ്ട കാതലായ കാര്യങ്ങളെക്കുറിച്ചാണ്. വളരെക്കുറച്ച് എഴുത്തുകാര്‍ മാത്രമേ ശുദ്ധമായ മാനേജ്‌മെന്റ് പുസ്തകങ്ങള്‍ എഴുതാന്‍ മലയാളത്തില്‍ ധൈര്യപ്പെട്ടിട്ടുള്ളൂ. ഒരേ സമയം വിശ്വാസ്യയോഗ്യമായതും സമഗ്രമായതും ആകണം ബിസിനസ് മാനേജ്‌മെന്റ് പുസ്തകങ്ങള്‍, അതുകൊണ്ടുതന്നെ അതിനെ ശ്രമകരമായ ഒരു ദൗത്യമായി ആകണം മിക്കവരും കണ്ടത്.

വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം എന്ന പുസ്തകത്തിന്റെ യുഎസ്പി (യുണീക് സെല്ലിംഗ് പോയ്ന്റ്) ലാളിത്യമാണെന്ന് പറയാം. അതിസങ്കീര്‍ണമായ ബിസിനസ് ആശയങ്ങളെ ലളിതവല്‍ക്കരിച്ച് ഏതുതരം വായനക്കാരനും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് സുധീര്‍

ബിസിനസിനെ വളരെ ഗൗരവപൂര്‍വം സമീപിക്കുന്ന പുസ്തകമാണിത്. തലമുറകള്‍ക്കുവേണ്ടിയാകണം ബിസിനസ് തുടങ്ങേണ്ടതെന്ന് സുധീര്‍ ബാബു ഓര്‍മിപ്പിക്കുന്നു. നമുക്കറിയാം പല വിജയിച്ച ബിസിനസുകളും പരാജയപ്പെട്ട കഥകള്‍, എന്നാല്‍ എന്തുകൊണ്ട് അവര്‍ പരാജയപ്പെടുന്ന എന്നത് സുധീര്‍ ബാബു തന്റെ ലേഖനങ്ങളിലൂടെ ഇവിടെ അനാവരണം ചെയ്യുന്നു. സംരംഭകര്‍ക്കുള്ള മാര്‍ഗ്ഗദര്‍ശിയാകാന്‍ പ്രാപ്തിയുള്ളതാണ് പുസ്തകമെന്നാണ് ഇത് വായിച്ച ബിസിനസ് രംഗത്തെ പലരും ലേഖകനോട് പറഞ്ഞത്.

വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം എന്ന പുസ്തകത്തിന്റെ യുഎസ്പി (യുണീക് സെല്ലിംഗ് പോയ്ന്റ്) ലാളിത്യമാണെന്ന് പറയാം. അതിസങ്കീര്‍ണമായ ബിസിനസ് ആശയങ്ങളെ ലളിതവല്‍ക്കരിച്ച് ഏതുതരം വായനക്കാരനും മനസിലാകുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് സുധീര്‍.

മാനേജ്‌മെന്റ് ഇന്ന് ലോകമാകെ യുവാക്കളുടെ പഠനവിഷയങ്ങളിലെ പ്രമുഖനാണ്. മാനേജ്‌മെന്റിനെ സംബന്ധിച്ച പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ ഇക്കാലത്ത് നിരന്തരം വായനക്കാരുടെ മുന്നിലെത്തുന്നുണ്ട്. ലോകത്താകെ പുറത്തിറങ്ങുന്ന ഇത്തരം പുസ്തകങ്ങളില്‍ ഒരു നല്ല ശതമാനം ഇംഗ്ലീഷിലാണ്. ഇന്ത്യയിലാണെങ്കില്‍ മറ്റെല്ലാ നാട്ടു ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയുടെ ആകെ എണ്ണത്തെക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇവിടെ പത്തു ശതമാനം പോലും ആള്‍ക്കാര്‍ കൈകാര്യം ചെയ്യാത്ത ഇംഗ്ലീഷിലാണ് പുറത്തുവരുന്നത്.

ഇവയ്‌ക്കെല്ലാം സ്വാഭാവികമായും ഒരു പൊതു ട്രെന്‍ഡാണുള്ളത്. പക്ഷേ, കേരളത്തിലെ സംരംഭകന്‍ നേരിടുന്ന വ്യത്യസ്തമായ അനുഭവം ഇവയിലൊന്നും കാര്യമായി ഗണിക്കപ്പെട്ടിട്ടില്ല എന്നത് വെറും സത്യമാണ്. ഇവിടെയാണ് സുധീര്‍ബാബു എന്ന പ്രതിഭാധനനായ കൊച്ചിക്കാരന്‍ മാനേജ്‌മെന്റ് വിദഗ്ധന്‍ തന്റെ ഈ രചനയിലൂടെ ലളിതമായ ശൈലിയില്‍ അസൂയാവഹമായ അപഗ്രഥനപാടവം കാട്ടി മാനേജ്‌മെന്റ് ആശയങ്ങളും നിഗമനങ്ങളും നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നത്-പുസ്തകത്തിന്റെ ആമുഖത്തില്‍ പ്രമുഖ സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ്മ പറയുന്നു. ഇതില്‍ ഒട്ടും അതിശയോക്തിയില്ല, കാരണം പുസ്തകത്തിലെ 45 ലേഖനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തി തന്നെയാണ്.

ബിസിനസുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം വേണമെങ്കില്‍ ഒരു റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം തയാറാക്കിയിരിക്കുന്നത്. ഇതിലെ ഭാഷ വളരെ ലളിതവും അതേസമയം ശക്തവുമാണ്, അതിലുപരി കമ്യൂണിക്കേറ്റിവ് ആണ്. വായനക്കാരനോട് സര്‍ഗ്ഗാത്മകമായി സംവദിക്കുന്നു അത്.

ഒരു സംരംഭകനെന്ന നിലയില്‍ താന്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവ പാഠങ്ങള്‍ കഥപറയും പോലെ അവതരിപ്പിക്കാന്‍ സുധീറിന് സാധിച്ചുവെന്നതാണ് ഈ പുസ്തകത്തെ വേറിട്ടതാക്കുന്നത്. ഒരു ബിസിനസ് ലാഭകരമാകുന്നതിന്റെ രഹസ്യമെന്ത്, കമ്പനികളില്‍ ഇന്നൊവേഷന്‍ എങ്ങനെ കൊണ്ടുവരാം, എന്താണ് യഥാര്‍ത്ഥ വിജയം, ബ്രാന്‍ഡിംഗും മാര്‍ക്കറ്റിംഗും തമ്മിലുള്ള വ്യത്യാസം എന്ത്, ലീഡര്‍ഷിപ്പ് എന്തുകൊണ്ട് ഒരു പരിണാമപ്രക്രിയ ആകുന്നു, കുടുംബ ബിസിനസുകളെ എങ്ങനെ വിജയത്തിലെത്തിക്കാം….ഇങ്ങനെ നിരവധി വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട് പുസ്തകത്തില്‍.

ലാഭത്തെക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്‍കുന്ന ബിസിനസിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിവുണ്ടാകുകയുള്ളു എന്ന അടിസ്ഥാന വിശ്വാസം സുധീര്‍ ബാബുവിന്റെ ചിന്തകളുടെ കടച്ചിലിലൂടെ നമുക്കു ലഭിക്കുന്ന സത്തയാണ്. ഒരു സംരംഭകന്‍ ഇന്ന് കേരളത്തില്‍ നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങളെയും ഒരു പോസിറ്റീവ് സമീപനത്തിലൂടെ പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഒരു അധ്യാപകന്റെ കരവിരുതോടെ ഈ പുസ്തകം വഴി ലേഖകന്‍ വായനക്കാരന് നല്‍കുന്നുണ്ട്. അനവധി യുവമനസുകള്‍ ഇന്ന് ഇത്തരം അറിവുകള്‍ക്കായി കാത്തിരിക്കുന്നുണ്ട്-കെ എല്‍ മോഹനവര്‍മ്മ

അനേകം ചോദ്യങ്ങള്‍ ചോദിക്കുന്നു അദ്ദേഹം, ഓരോ ബിസിനസും നേരിടുന്ന ചോദ്യങ്ങളാണത്. അതിനുള്ള ഉത്തരങ്ങളിലേക്ക് വായനക്കാരെ നയിക്കുകയാണ് പുസ്തകത്തിലെ ലേഖനങ്ങള്‍.
ബിസിനസിന്റെ അതിജീവനത്തിനുള്ള അടിസ്ഥാന പാഠങ്ങളും മൂല്യങ്ങളും എന്തൊക്കെയാണെന്ന് വളരെ സുവ്യക്തമായും ആഴത്തിലും പ്രതിപാദിക്കാന്‍ അദ്ദേഹം ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നത് അഭിനന്ദനീയമാണ്.

ഒരു രാത്രികൊണ്ട് ബിസിനസ് വിജയം എത്തിപ്പിടിക്കാന്‍ സാധിക്കില്ല. നിരന്തരമായ സാധനയുടെ ഫലമാണത്. ആ സാധനയുടെ പ്രസക്തിയാണ് സുധീര്‍ തന്റെ ലേഖനങ്ങളിലൂടെ ഓര്‍മപ്പെടുത്തുന്നത്. സംരംഭകത്വ യാത്രയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധവെക്കേണ്ട കാര്യങ്ങളെക്കുറിച്ചും അതിലുപരി കാലിടറിപ്പോകുന്ന അവസ്ഥകളെക്കുറിച്ചും വിശദമായി, ഉദാഹരണസഹിതം വായനക്കാരോട് പറയുന്നുണ്ട് ലേഖകന്‍.
നേതൃഗുണത്തെക്കുറിച്ച് അദ്ദേഹം പങ്കുവെക്കുന്ന കാഴ്ച്ചപ്പാടുകളും ഓരോ ബിസിനസുകാരനും പാഠമാണ്. തനിക്ക് ശേഷം പ്രളയമെന്ന കാഴ്ച്ചപ്പാടിന്റെ നിരര്‍ത്ഥകത സുധീര്‍ ലേഖനങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.

ഒരു യഥാര്‍ത്ഥ നേതാവ് തന്നെ പിന്തുടരുന്ന വലിയൊരു അനുയായിവൃന്ദത്തെയല്ല സൃഷ്ടിക്കേണ്ടതെന്ന തിരിച്ചറിവിലേക്ക് ഈ കഥ നമ്മളെ നയിക്കുന്നു. പുതിയ നേതാക്കളെ തനിക്കിടയില്‍ സൃഷ്ടിക്കുവാനും വളര്‍ത്തുവാനും കഴിവുള്ളവരാകണം തലവന്മാര്‍. തന്റെയും ബിസിനസിന്റെയും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നിദാനമാകുന്ന നിപുണതയും സര്‍ഗ്ഗശേഷിയും ഒത്തിണങ്ങുന്ന നേതൃത്വങ്ങളെ തന്റെ കീഴില്‍ സൃഷ്ടിക്കുന്നതാണ് ഒരു സംരംഭകന്റെ നേതൃപാടവശേഷി.

നമ്മളില്‍ പലരും ഇന്നും സിംഹത്തിന്റെ റോള്‍ ഭംഗിയായി അഭിനയിക്കുകയാണ്. നമ്മെ പിന്തുടരുന്ന ഒരുകൂട്ടം അനുയായികളെ സൃഷ്ടിക്കുവാനല്ലാതെ നേതൃപാടവം കണ്ടെത്തുവാനോ ആ സര്‍ഗ്ഗശേഷിയെ വളര്‍ത്തുവാനോ കഴിയുന്നില്ല. ഒരു വ്യവസായി എന്ന നിലയില്‍ വിജയിക്കുന്നവര്‍ പോലും നേതൃഗുണങ്ങള്‍ തിരിച്ചറിയുന്നതിലും അവ ഉപയോഗപ്പെടുത്തുന്നതിലും പരാജയപ്പെടുന്നു-ആരാണ് ഒരു യഥാര്‍ത്ഥ നേതാവ് എന്ന ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

മൂല്യമാണ് പ്രധാനം

ലാഭമെന്നത് മൂല്യത്തിന്റെ സ്വാഭാവിക ഫലം മാത്രമാണെന്ന പ്രത്യയശാസ്ത്രം അരക്കിട്ടുറപ്പിക്കുകയാണ് പുസ്തകത്തിലൂടെ സുധീര്‍ ബാബു. അതുകൊണ്ടുതന്നെയാകാം ജീവനകലയുടെ ആചാര്യനും ആത്മീയ നേതാവും വിജയിച്ച സംരംഭകനുമായ ശ്രീ ശ്രീ രവിശങ്കറിന്റെ സന്ദേശത്തോട് കൂടി അദ്ദേഹം പുസ്തകം അവസാനിപ്പിക്കുന്നത്.
നമ്മുടെ മുഖത്തെ പുഞ്ചിരിയാണ് ബിസിനസിന്റെ വിജയം നിര്‍ണ്ണയിക്കുന്നത്. ഉയരങ്ങളിലേക്ക് പോകുംതോറും നാം പരുക്കരാവുന്നു, അസന്തുഷ്ടരാവുന്നു. ഈ മനഃസ്ഥിതിയും ആശയവിനിമയത്തിന്റെ അഭാവവും നമ്മുടെ പുരോഗതിയുടെ പ്രതിബന്ധങ്ങളാകുന്നു. മെച്ചപ്പെട്ട ആശയവിനിമയം, പരിസ്ഥിതിയുമായുള്ള സംവേദനം, പരസ്പരാശ്രയത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട്, ദീര്‍ഘവീക്ഷണം എന്നിവ സുസ്ഥിരമായ പുരോഗതിയുടെ അടിസ്ഥാന ശിലകളാണ്. ഇവയില്ലെങ്കില്‍ ഈ സമൂഹം കാലുകളില്ലാത്ത ഒരു കസേര പോലെയാണ്-ശ്രീ ശ്രീ തന്റെ ലേഖനത്തില്‍ പറയുന്നു.

Comments

comments

Categories: FK Special