വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി ഓഹരി വിപണിയില്‍ മാറ്റങ്ങള്‍

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സൗദി ഓഹരി വിപണിയില്‍ മാറ്റങ്ങള്‍

ടി പ്ലസ് ടു സൈക്കിളിലേക്ക് മാറുന്നതോടെ കൂടുതല്‍ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്

റിയാദ്: ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി സെറ്റില്‍മെന്റ് സൈക്കിള്‍ വിപുലീകരിക്കാനൊരുങ്ങി സൗദി അറേബ്യ. ജൂണ്‍ മാസത്തോടെ പ്രധാനപ്പെട്ട എല്ലാ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും ഉപയോഗിക്കുന്ന ടി പ്ലസ് ടു (T + 2) സൈക്കിളിലേക്ക് മാറുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അഥോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഇല്‍ കുവൈസ് പറഞ്ഞു.

തഡാവുല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ യോഗ്യതയുള്ള 50 വിദേശ നിക്ഷേപകരാണ് എത്തിയിരിക്കുന്നത്. ടി പ്ലസ് ടു സൈക്കിളിലേക്ക് മാറുന്നതോടെ കൂടുതല്‍ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സിസ്റ്റത്തില്‍ അന്നേ ദിവസം തന്നെയാണ് സെറ്റില്‍മെന്റ് നടക്കുന്നത്.

വിപണി ആരംഭിക്കുന്നതിനായി നിരവധി ധനകാര്യ ഉപദേഷ്ടാക്കളാണ്‌ കാത്തിരിക്കുന്നത്. സ്വകാര്യവല്‍ക്കരണ പദ്ധതിയും മാര്‍ക്കറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ മാറ്റം വരുത്തിയതും അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഫിനാന്‍ഷ്യല്‍ അഡ്‌വൈസേഴ്‌സ്. വിദേശ കമ്പനികള്‍ക്കുവേണ്ടി സൗദി അറേബ്യയില്‍ പ്രവര്‍ത്തനം നടത്തുന്ന റെഗുലേറ്റേഴ്‌സ് അവരുടെ ഇന്ററസ്റ്റ് തുകയില്‍ വന്‍ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. നോമു എന്ന പേരില്‍ ഒരു സെക്കന്‍ഡറി മാര്‍ക്കറ്റിന് തുടക്കമായതായി കുവൈസ് പറഞ്ഞു.

സാമ്പത്തികമായും സാമൂഹികമായും അഭൂതപൂര്‍വമായ മാറ്റങ്ങളാണ് സൗദി അറേബ്യയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അതിനാല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിച്ച് കൂടുതല്‍ നിക്ഷേപം സമാഹരിക്കാനുള്ള തയാറെടുപ്പിലാണ് ഗള്‍ഫിലെതന്നെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. വിദേശ നിക്ഷേപത്തിലൂന്നിയാണ് സൗദി യുവ രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ‘സൗദി വിഷന്‍ 2030’ പദ്ധതി.

എണ്ണ നിയന്ത്രിത സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മാറുക എന്ന ഉദ്ദേശ്യത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. സൗദിയുടെ വന്‍കിട എണ്ണ കമ്പനിയായ അരാംകോയെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത, നിക്ഷേപം സമാഹരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വമ്പന്‍ കമ്പനിയക്കി മാറ്റാനും പദ്ധതിയുണ്ട്.

2015 വരെ വിദേശ നിക്ഷേപം നടത്തുന്നതില്‍ കുടുത്ത നിയന്ത്രണമാണ് സൗദി സ്റ്റോക്ക് മാര്‍ക്കറ്റ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം എണ്ണ വില ഇടിഞ്ഞത് സാമ്പത്തിക മാന്ദ്യത്തിന് കാരണമായതോടെ നിയന്ത്രണങ്ങളെല്ലാം എടുത്തുകളഞ്ഞു. നിലവില്‍ 4 ശതമാനം ഷെയറുകള്‍ വിദേശികളുടെ കൈയിലാണ്. സെറ്റില്‍മെന്റില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തെ എംഎസ്‌സിഐ ഉള്‍പ്പടെയുള്ള പ്രധാന ഗ്ലോബല്‍ ഇന്‍ഡക്‌സ് പ്രൊവൈഡര്‍മാര്‍ സ്വാഗതം ചെയ്തു.

 

Comments

comments

Categories: Business & Economy, World