247 കോടി ചെലവഴിച്ച് പര്‍പ്പ്ള്‍ ലൈന്‍ നീട്ടും

247 കോടി ചെലവഴിച്ച് പര്‍പ്പ്ള്‍ ലൈന്‍ നീട്ടും

ബെംഗളൂരു : നോര്‍ത്ത്-സൗത്ത് ലൈനില്‍ നാഗസാന്ദ്ര (ഹെസരഘട്ട ക്രോസ്) മുതല്‍ ബെംഗളൂരു ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ (ബിഐഇസി) വരെ പുതിയ മെട്രോ റെയ്ല്‍ ലൈന്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറുകാരനെ ബെംഗളൂരു മെട്രോ റെയ്ല്‍ കോര്‍പ്പറേഷന്‍ (ബിഎംആര്‍സിഎല്‍) തെരഞ്ഞെടുത്തു. എന്നാല്‍ കരാറുകാരന്‍ ആരെന്ന് നമ്മ മെട്രോ അധികൃതര്‍ വെളിപ്പെടുത്തിയില്ല. അതേസമയം രണ്ട് ദിവസത്തിനുള്ളില്‍ വര്‍ക് ഓര്‍ഡര്‍ നല്‍കുമെന്ന് ബിഎംആര്‍സിഎല്‍ മാനേജിംഗ് ഡയറക്റ്റര്‍ പ്രദീപ് സിംഗ് ഖരോള വ്യക്തമാക്കി.

ബെംഗളൂരു മെട്രോ റെയ്ല്‍ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായ നാലാമത്തെ വലിയ കരാറാണിത്. മൈസൂരു റോഡ് എക്‌സ്‌ടെന്‍ഷന്‍ (രണ്ട് കരാര്‍), യേലാചെനഹള്ളി (കനകപുര റോഡ്) എന്നിവയാണ് ഇതിന് മുമ്പ് നല്‍കിയ മൂന്ന് കരാറുകള്‍.

പുതിയ പ്രോജക്റ്റിന്റെ ചെലവായി 247.41 കോടി രൂപയാണ് ടെന്‍ഡര്‍ രേഖകളില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ കരാര്‍ ഉറപ്പിച്ചത് എത്ര തുകയിലാണെന്ന് വ്യക്തമല്ല. 27 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 2019 പകുതിയോടെ പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കാം.

3.03 കിലോമീറ്റര്‍ എലിവേറ്റഡ് ലൈനില്‍ മൂന്ന് സ്‌റ്റേഷനുകളുണ്ടാകും. മഞ്ജുനാഥ നഗര്‍, ജിന്‍ഡാല്‍, ബിഐഇസി എന്നിവയാണ് ഈ സ്‌റ്റേഷനുകള്‍. തുമകുരു റോഡിലാണ് ഇവയെല്ലാം. നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ നോര്‍ത്തിലെ ബിഐഇസി മുതല്‍ സൗത്ത് ബെംഗളൂരുവിലെ അഞ്ജനപുര ടൗണ്‍ഷിപ്പ് വരെ പര്‍പ്പ്ള്‍ ലൈന്‍ നീളും. പുതിയ ലൈന്‍ നിര്‍മ്മിക്കുന്നതിന് കഴിഞ്ഞ ഒക്‌റ്റോബറിലാണ് ബിഎംആര്‍സിഎല്‍ കരാറുകാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചത്. പ്രോജക്റ്റ് സൈറ്റുകളിലെ പാതകളുടെ വീതി കൂട്ടുന്നതും കരാറുകളുടെ ഭാഗമാണ്. പര്‍പ്ള്‍ ലൈന്‍ എക്‌സ്‌ടെന്‍ഷനായി 62 സ്വകാര്യ പ്രോപ്പര്‍ട്ടികള്‍ ബിഎംആര്‍സിഎല്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ എത്ര മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഇനിയും വ്യക്തമല്ല.

എന്‍എച്ച്-4 ലൂടെ കടന്നുപോകുന്നതിനാല്‍ ബിഎംആര്‍സിഎല്‍ ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ്.

നമ്മ മെട്രോ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൈസൂരു റോഡ് സ്‌റ്റേഷന്‍ മുതല്‍ കെങ്ങേരി വരെ 659 കോടി രൂപ ചെലവഴിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. യേലെചെനഹള്ളി മുതല്‍ അഞ്ജനപുര വരെ 508.86 കോടി രൂപ ചെലവില്‍ 6.5 കിലോമീറ്റര്‍ ലൈന്‍ നിര്‍മ്മാണവും പുരോഗമിക്കുന്നു. ഈ പ്രോജക്റ്റുകളെല്ലാം തന്നെ 2019 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭയ്യപ്പനഹള്ളി, വൈറ്റ്ഫീല്‍ഡ് ആന്‍ഡ് ആര്‍വി റോഡ്, ഇലക്ട്രോണിക്‌സ് സിറ്റി-ബൊമ്മസാന്ദ്ര സെക്ഷന്‍ വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ടെന്‍ഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഏറ്റവുമധികം പറഞ്ഞുകേട്ട ഗൊട്ടിഗെരെ നാഗവര സെക്ഷന്‍ എക്‌സ്‌ടെന്‍ഷനില്‍ പണി ഇഴഞ്ഞുനീങ്ങുകയാണ്.

 

Comments

comments

Categories: Auto