എന്തുകൊണ്ട് പൃഥ്വിരാജിന്റെ നിലപാടുകള്‍ പ്രസക്തമാകുന്നു ?

എന്തുകൊണ്ട് പൃഥ്വിരാജിന്റെ  നിലപാടുകള്‍ പ്രസക്തമാകുന്നു ?

സ്ത്രീ പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ എന്നും നിഷേധാത്മക നിലപാടാണ് മലയാള സിനിമ സ്വീകരിച്ചുപോന്നത്. അതില്‍ നിന്നും വേറിട്ടുനടക്കാന്‍ തീരുമാനിച്ച നടന്‍ പൃഥ്വിരാജിന്റെ നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്

പ്രമുഖ യുവനടി ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്നാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയും സ്ത്രീ പുരുഷ സമത്വവുമെല്ലാം വീണ്ടും ചര്‍ച്ചയായത്. യുവനടിക്കെതിരെയുള്ള അക്രമത്തില്‍ സിനിമാ വ്യവസായ മേഖലയിലുള്ളവരുടെ പ്രതികരണങ്ങളും കേരളം കണ്ടു. എന്നാല്‍ അതിലെ പല പ്രതികരണങ്ങള്‍ക്കും ആത്മാര്‍ത്ഥയില്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായ വികാരം. അതിരൂക്ഷമായ സ്ത്രീവിരുദ്ധ സിനിമകളിലൂടെ താരപ്പട്ടം നേടിയവര്‍ സ്ത്രീ സുരക്ഷയെക്കുറിച്ചും സ്ത്രീ സമത്വത്തെക്കുറിച്ചുമെല്ലാം പറയുന്നതിലെ യുക്തിയെന്തെന്ന് സോഷ്യല്‍ മീഡിയ ചോദിച്ചു.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് സൂപ്പര്‍ സ്റ്റാര്‍ പട്ടം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പല സിനിമകളും സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെയും ഫ്യൂഡല്‍ മനഃസ്ഥിതിയുടെയും ഉച്ചത്തിലുള്ള പ്രഖ്യാപനങ്ങളായിരുന്നു. മഹാതാരങ്ങളെന്ന് ഖ്യാതി നേടിയ ഇവര്‍ ഇന്നേവരെ സ്ത്രീ സമത്വത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പീഡനത്തിനിരയായി ജിഷ കൊല്ലപ്പെട്ട സമയത്ത് നമ്മുടെ സഹോദരിമാരെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്ന സ്ത്രീവിരുദ്ധമായ അഭിപ്രായമായിരുന്നു ഒരു പ്രമുഖ നടന്‍ ട്വിറ്ററില്‍ കുറിച്ചത്. യുവനടി ആക്രമണത്തിന് ഇരയായതിനെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ നടന്‍ പൃഥ്വിരാജ് കൈക്കൊണ്ട നിലപാട് പുതിയ മാറ്റത്തിനാണ് വഴിതുറക്കുന്നത്.

താന്‍ സ്ത്രീവിരുദ്ധ സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും ഇത്തരത്തിലുള്ള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്നും താരം സധൈര്യം പറഞ്ഞത് ഒരു യഥാര്‍ത്ഥ നായകന്റെ ലക്ഷണമായി വേണം കാണാന്‍. ഈ ആര്‍ജ്ജവം കാണിക്കാന്‍ മറ്റൊരു പ്രമുഖ നടനും ഇതുവരെ തയാറായിട്ടില്ല. അടിച്ചമര്‍ത്തപ്പെടേണ്ടവളോ, എപ്പോഴും സംരക്ഷണം വേണ്ടവളോ ആണ് സ്ത്രീയെന്നുള്ള പ്രാകൃത കാഴ്ച്ചപ്പാട് ഇനിയെങ്കിലും മാറണം. അതിന് പൃഥ്വിരാജിനെപ്പോലുള്ള നടന്‍മാരുടെ മാറുന്ന ചിന്തകള്‍ക്ക് വലിയ സ്വാധീനം ചെലുത്താനാകും. ഈ യുവസൂപ്പര്‍ താരത്തിന്റെ പാത പിന്തുടരാന്‍ മഹാനടന്‍മാരും തയാറാകുമെന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Editorial, Movies