ഏതു സാമൂഹ്യമാധ്യമമാണ് നിങ്ങളുടെ ബിസിനസിന് ഉചിതം

ഏതു സാമൂഹ്യമാധ്യമമാണ് നിങ്ങളുടെ ബിസിനസിന് ഉചിതം

സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളാണ് സാമ്പത്തികപരാധീനതയും കുറഞ്ഞ അംഗബലവും. ഇപ്പോള്‍ ബിസിനസ് തുടങ്ങുക അത്ര വലിയ കാര്യമല്ല. നല്ല ആശയവും ഒരു ലാപ്‌ടോപ്പും ഉണ്ടെങ്കില്‍ ആര്‍ക്കും സ്വന്തമായി ബിസിനസ് തുടങ്ങാന്‍ സാധിക്കും. മാത്രമല്ല തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഇന്റര്‍നെറ്റ് വഴി കച്ചവടം ചെയ്യാനും കഴിയും. ഇതെല്ലാമാണ് ദിവസവും പുതിയ തരത്തിലുള്ള സാമൂഹ്യമാധ്യമങ്ങള്‍ പൊട്ടിമുളയ്ക്കാന്‍ കാരണമായിരിക്കുന്നത്. നിരവധി സാമൂഹ്യമാധ്യമങ്ങള്‍ ഉള്ള ഇക്കാലത്ത് ഏതു തരത്തിലുള്ളവയാണ് ബിസിനസുകളെ സഹായിക്കുക എന്ന് നോക്കാം

സ്‌നാപ്പ് ചാറ്റ്

സ്‌നാപ്പ് ചാറ്റിന്റെ അമേരിക്കന്‍ ഉപഭോക്താക്കളില്‍ 60 ശതമാനവും 24ല്‍ താഴെ പ്രായമുള്ളവരാണ്. അതില്‍ത്തന്നെ പത്തുലക്ഷത്തോളം വരുന്നവര്‍ ദിവസവും 30 മിനുറ്റിനു മുകളില്‍ സമയം ഇതില്‍ ചെലവഴിക്കുന്നുമുണ്ട്. വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകാര്‍ക്ക് സ്‌നാപ്പ്ചാറ്റ് ഒരു സ്വര്‍ണഖനിയാണ്. അതിനാല്‍ തന്നെ മിക്ക സ്ഥാപനങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും, പുതിയ പരസ്യങ്ങളും ഇതില്‍ നല്‍കാറുണ്ട്. ആത്മാര്‍ത്ഥതയുള്ള നിരവധി ഉപഭോക്താക്കളെ സമ്പാദിക്കുന്നതിന് കമ്പനികള്‍ക്ക് ഇതുവഴി സാധിക്കുന്നുമുണ്ട്.

ഫേസ്ബുക്ക്

അമേരിക്കയിലെ 25 മുതല്‍ 54 വരെയുള്ള സ്ത്രീ പുരുഷന്‍മാരുടെ കണക്കെടുക്കുമ്പോള്‍ അതില്‍ 32 ശതമാനത്തോളം വരുന്നവര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരാണ്. 18 മുതല്‍ 24 വരെയുള്ളവരുടെ കണക്കെടുക്കുമ്പോള്‍ അത് വെറും 9 ശതമാനത്തിലേക്ക് ചുരുങ്ങുന്നു. പ്രധാനമായും 24 വയസിനു താഴെയുള്ള ഉപഭോക്താക്കളെ ലക്ഷ്യം വച്ചിരിക്കുന്ന കമ്പനികള്‍ക്ക് ഫേസ്ബുക്കിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുകയോ അല്ലങ്കില്‍ കമ്പനിയുടെ പ്രധാനപ്പെട്ട ചുമതലകള്‍ വഹിക്കുന്ന വ്യക്തികളുമായി ബന്ധപ്പെടാനുള്ള നമ്പറുകള്‍ മാത്രം നല്‍കി പേജ് നിര്‍മ്മിക്കുകേയാ ആണ് ഉചിതം. ഇതുവഴി കമ്പനിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ സാധിക്കും. കമ്പനി മറ്റു പ്രായത്തിലുള്ളവരുടെ ഭാഗത്തുനിന്നുള്ള ബിസിനസ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഫേസ്ബുക്ക് നല്ലൊരു തട്ടകമായിരിക്കും. കാരണം ഫേസ്ബുക്ക് ഉപയോഗിക്കുന്ന 44 ശതമാനം ആളുകളും ദിവസത്തില്‍ പലതവണ സൈറ്റ് നോക്കുന്നവരാണ്.

ഇന്‍സ്റ്റഗ്രാം

50 കോടി ജനങ്ങളാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നത്. അതില്‍ 59 ശതമാനത്തോളം വരുന്ന ആളുകളും സ്ഥിരമായി ഇത് ഉപയോഗിക്കുന്നവരാണ്. ഇന്‍സ്റ്റഗ്രാമിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ഈ കണക്കില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കും. വേണ്ടവിധത്തിലുള്ള ഉപയോഗമാണ് കാഴ്ച്ചവെക്കുന്നതെങ്കില്‍ ഇന്‍സ്റ്റഗ്രാം ഒരു ബ്രാന്‍ഡിനെ വളര്‍ത്തിയെടുക്കാന്‍ സാധിക്കുന്ന സൈറ്റുകളില്‍ ഒന്നാണ്. അതിനായി ബ്രാന്‍ഡുമായി ബന്ധപ്പെട്ട മനോഹരമായ ഫോട്ടോകളും വീഡിയോകളും ഇതില്‍ പോസ്റ്റു ചെയ്യുകയാണ് വേണ്ടത്. എന്നാല്‍ ഒരു മാര്‍ക്കറ്റിങ്ങ് രീതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആളുകളെ വരുതിയില്‍ വരുത്തുന്നതിനുള്ള വ്യക്തമായ പദ്ധതി രൂപീകരിക്കേണ്ടതുമാണ്

പിന്റെറെസ്റ്റ്

പ്രധാനമായും സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ബിസിനസാണെങ്കില്‍, അതിനു ഉചിതമായിട്ടുള്ള വെബ്‌സൈറ്റാണ് പിന്റെറെസ്റ്റ്. സ്ത്രീകള്‍ക്കിടയില്‍ വലിയ സാന്നിധ്യമാണ് ഇതിനുള്ളത്. ഓണ്‍ലൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ 42 ശതമാനവും പിന്റെറെസ്റ്റ് ഉപയോഗിക്കുന്നവരാണ്. അതില്‍ തന്നെ 34 ശതമാനം വരുന്നവര്‍ 18നും 29നും മദ്ധ്യേ പ്രായമുള്ളവരാണ് ബാക്കി 28 ശതമാനത്തില്‍ വരുന്നവരാകട്ടെ 30നും 49നും ഇടയില്‍ പ്രായമുള്ളവരും. ഗൃഹോപകരണ വസ്തുക്കള്‍, ഭക്ഷണവസ്തുക്കള്‍, ഫാഷന്‍, ആര്‍ട്ട്… നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എന്തുമാകട്ടെ ഇതിന്റെയെല്ലാം മനോഹരമായ ഫോട്ടോകള്‍ തയ്യാറാക്കി പിന്റെറെസ്റ്റില്‍ പോസ്റ്റ് ചെയ്യുക. അവയെല്ലാം കൃത്യമായ ലക്ഷ്യത്തില്‍ എത്തുന്നതിന് പിന്റെറെസ്റ്റ് സഹായിക്കും.

 

Comments

comments