തായ്‌വാനില്‍ യുബറിന് പിടിവീഴുമ്പോള്‍

തായ്‌വാനില്‍ യുബറിന് പിടിവീഴുമ്പോള്‍

തായ്‌വാനിലെ അമേരിക്കന്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് ഇത് നല്ല സമയമാണ്. പ്രസിഡന്റ് സായ് ഇങ് വെന്‍ രാജ്യത്ത് ഒരു ഏഷ്യന്‍ സിലിക്കണ്‍വാലി തന്നെ പടുത്തുയര്‍ത്തുമെന്നാണ് പ്രതിജ്ഞ ചെയ്തിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തായ്‌വാന്റെ പ്രതിയോഗിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചൈനയുമായി ഒരു വാണിജ്യ യുദ്ധഭീഷണി മുഴക്കിക്കഴിഞ്ഞു.

ഇത്തരമൊരു അനുകൂല സാഹചര്യം നിലനില്‍ക്കുമ്പോഴും ഏവരേയും ഞെട്ടിച്ചുകൊണ്ട് അമേരിക്കയുടെ ഏറ്റവും പ്രബലമായ ഡിജിറ്റല്‍ കമ്പനികളില്‍ ഒന്നായ യുബറിന്റെ തായ്‌വാനിലെ പ്രവര്‍ത്തനം തടസപ്പെട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതലായിരുന്നു ഇത്. യുബര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പറേഷന്‍ പോലുള്ള ലൈസന്‍സില്ലാത്ത ഗതാഗത സര്‍വ്വീസുകള്‍ക്കു മേല്‍ എട്ട് ലക്ഷം ഡോളറിന് മുകളില്‍ പിഴ ചുമത്തിക്കൊണ്ടുള്ള പുതിയ നിയമമാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. ഇതുപോലൊരു തീരുമാനം തങ്ങള്‍ എവിടെയും കണ്ടിട്ടില്ലെന്ന് യുബറിന്റെ ഏഷ്യ പസഫിക് റീജിയണ്‍ ഡയറക്റ്റര്‍ ഫോര്‍ പബ്ലിക് പോളിസി ഡാമിയന്‍ അലക്‌സാണ്ടര്‍ കസബ്ഗി പറഞ്ഞു. എട്ട് മില്യണ്‍ ഡോളറാണ് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് വെക്കുന്നത് വരെ സര്‍വ്വീസുകള്‍ പിന്‍വലിക്കുകയല്ലാതെ തങ്ങള്‍ക്ക് വേറെ വഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തായ്‌വാനിലെ ടാക്‌സി മേഖലയ്ക്ക് തായ്‌പെയ് സര്‍ക്കാരില്‍ വളരെ വലിയ സ്വാധീനമുണ്ടെന്നാണ് ഇവിടെയുള്ള ഏറ്റവും വലിയ പ്രശ്‌നം. ചുരുങ്ങിയത് യുബറിന്റെ വീക്ഷണകോണിലൂടെയെങ്കിലും ഇത് വിലയിരുത്തേണ്ടതുണ്ട്. തായ്‌വാനില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി യുബര്‍ റൈഡ് ഷെയറിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഓഗസ്റ്റ് മുതല്‍ ഇതൊരു ടാര്‍ജെറ്റ് അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനമായി മാറി. ആദ്യം സര്‍ക്കാര്‍ യുബറിന്റെ ബിസിനസ് ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ജനുവരിയില്‍ പിഴ ചുമത്തിക്കൊണ്ടുള്ള നിയമവും പാര്‍ലമെന്റ് പാസാക്കി. പുതിയ നിയമങ്ങള്‍ അംഗീകരിക്കാനോ നവീകരിക്കാനോ ഉള്ള സൗമനസ്യം കാണിക്കാത്ത യാഥാസ്ഥികമായ ഒരു സര്‍ക്കാരാണ് തായ്‌വാനിലേതെന്ന് കസബ്ഗി പറയുന്നു. അതുകൊണ്ട് അന്തിമവിജയം രാജ്യത്തെ ടാക്‌സി മേഖലയുടെ കൂടെയുമായെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എന്നാല്‍ സംഭവത്തിന്റെ വ്യത്യസ്തമായ മറ്റൊരു വശമാണ് തായ്‌വാന്‍ സര്‍ക്കാരിന് പറയാനുള്ളത്. തായ്‌വാന്‍ സര്‍ക്കാര്‍ ഡിസംബര്‍ മുതല്‍ കമ്പനിക്ക് ഇതുമായി ബന്ധപ്പെട്ട് മെമ്മോ നല്‍കി വരുന്നുണ്ടെന്നാണ് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങളെയും ഗതാഗത സുരക്ഷയെയും ബാധിക്കുന്നുവെന്നതിനാല്‍ മിക്ക രാജ്യങ്ങളും പൊതുഗതാഗതരംഗം കേന്ദ്രീകരിച്ചുകൊണ്ടുള്ള ബിസിനസുകളെ നിയന്ത്രിക്കുന്നുണ്ട്. വിപണിയുടെ ഘടന നിലനിര്‍ത്താനും പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അതുകൊണ്ട് തന്നെ സര്‍ക്കാര്‍ തലത്തിലുള്ള കാര്യക്ഷമമായ ഇടപെടല്‍ അത്യാവശ്യമാണെന്നും ഇവര്‍ പറയുന്നു.

തായ്‌വാനില്‍ യുബറിന്റെ അവസ്ഥ ഇപ്പോള്‍ ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതാണ്. യുബറിനെതിരെയുള്ള നിയമനിര്‍മാണം വീണ്ടും പരിഗണിക്കാന്‍ വിവിധ വകുപ്പുകള്‍ തായ്‌വാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അതിനാല്‍ തന്നെ ഇപ്പോഴത്തെ സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും കസബ്ഗി പറയുന്നു.

ഈ വിഷയം ഇത്രത്തോളം സങ്കീര്‍ണമാക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. ഏഷ്യ പസഫിക് മേഖലയില്‍ അമേരിക്കയുമായി ഏറ്റവും അടുത്ത ബന്ധമുള്ള മേഖലയാണ് തായ്‌വാന്‍. പ്രദേശത്ത് സൈന്യത്തിനുള്ള ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും പ്രധാന വിതരണക്കാര്‍ കൂടിയാണ് അമേരിക്ക. ഒറ്റ ചൈന നയം റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തായ്‌വാന്‍ പ്രസിഡന്റിനെ ട്രംപ് ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
തായ്‌വാനെ ഒരു സ്വതന്ത്ര പ്രദേശമായി പരിഗണിക്കാതെയുള്ള നയത്തില്‍ നിന്ന് പിന്‍മാറിയത് യുഎസ് തായ്‌വാന്‍ ബന്ധത്തില്‍ പുതിയ വഴിത്തിരിവായിട്ടുണ്ട്.

സംരക്ഷണവാദമെന്നത് എല്ലായിടത്തും ഉയര്‍ന്നുവരാവുന്ന വിഷയമാണെന്നാണ് യുബറിന്റെ തായ്‌വാനിലെ അനുഭവം പഠിപ്പിക്കുന്നത്. അമേരിക്കന്‍ വിപണിക്ക് പുറത്ത് ഉല്‍പ്പാദിപ്പിച്ച് രാജ്യത്തു വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് നികുതികള്‍ ചുമത്തിയിട്ടുണ്ട്. പ്രസിഡന്റായി ചുമതലയേറ്റെടുത്തയുടന്‍ തന്നെ തായ്‌വാന്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബഹുമുഖ വ്യാപാരകരാര്‍ അദ്ദേഹം അവസാനിപ്പിക്കുകയും ചെയ്തു. അതേസമയം, തായ്‌വാനിലെ യുബറിനെതിരായ നിയമം യുഎസുമായുള്ള വാണിജ്യ കരാറുകളില്‍ വ്യാപാര പങ്കാളികളാണു നേട്ടമുണ്ടാക്കുന്നതെന്ന ട്രംപിന്റെ വാദത്തിന് പിന്തുണയും നല്‍കുന്നു.

തായ്‌വാന്‍ തിരിച്ചടികളെക്കുറിച്ച് ഭയപ്പെടുന്നില്ലെന്നാണ് യുഎസിലെ തായ്‌പെയ് ഇക്കണോമിക് ആന്റ് കള്‍ച്ചറല്‍ റപ്രസന്ററ്റീവ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കമ്പനികള്‍ പ്രാദേശികമായ നിയമങ്ങള്‍ പാലിക്കുകതന്നെ വേണമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. തായ്‌വാനിലെ ടാക്‌സിമേഖലയെ സംരക്ഷിക്കാനുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തേണ്ടത്. യുബര്‍ ഓപ്പറേറ്റ് ചെയ്യപ്പെടുന്ന രാജ്യങ്ങളിലെയെല്ലാം ടാക്‌സി മേഖലയ്ക്ക് അവര്‍ ഒരു പ്രശ്‌നമായി മാറാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ ഇതുവഴി ഒരു തൊഴില്‍ നഷ്ടവും സമ്പദ്‌വ്യവസ്ഥയില്‍ ഉണ്ടാവുന്നില്ല. ടാക്‌സി ഡ്രൈവര്‍മാരുടെ വരുമാനത്തിന് ഇത് ഭീഷണിയായേക്കാമെങ്കിലും യുബര്‍ റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പുതിയ തൊഴില്‍ സാധ്യതകള്‍ തുറന്ന് നല്‍കുന്നു. തായ്‌വാനും അമേരിക്കയുമായുള്ള വ്യാപാരബന്ധങ്ങളെ ഇത്തരമൊരു നീക്കം ബാധിക്കുമെന്ന് തന്നെയാണ് കരുതുന്നത്. യുബറിനെതിരായ നീക്കം വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് അമേരിക്കയിലെ ഇന്റര്‍നെറ്റ് അസോസിയേഷന്റെ സിഇഒയും പ്രസിഡന്റുമായ മൈക്കല്‍ ബേക്കര്‍മാന്‍ സായ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Comments

comments

Categories: Auto, FK Special, Tech, World
Tags: thaiwan, Uber