രാംജാസ് കോളേജില്‍ വിവാദം പുകയുന്നു

രാംജാസ് കോളേജില്‍ വിവാദം പുകയുന്നു

ന്യൂഡല്‍ഹി: എബിവിപി തിങ്കളാഴ്ച ഡല്‍ഹി സര്‍വകലാശാല ക്യാംപസില്‍ ജാഥ നടത്തി. രാംജാസ് കോളേജില്‍ സമീപദിവസങ്ങളില്‍ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് ജാഥ സംഘടിപ്പിച്ചത്.

ഫെബ്രുവരി 21നു ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള രാംജാസ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് ലിറ്റററി സൊസൈറ്റി രണ്ട് ദിവസത്തെ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. Cultures of Protest: A Seminar Exploring Representations of Dissent എന്നതായിരുന്നു സെമിനാറിന്റെ വിഷയം. സെമിനാറില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് ജെഎന്‍യു സര്‍വകലാശാല വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനെയും ഷെഹ്‌ല റഷീദിനെയുമായിരുന്നു.

എന്നാല്‍ സെമിനാര്‍ നടന്നു കൊണ്ടിരുന്നപ്പോള്‍ കല്ലേറുണ്ടായി. എബിവിപിയുടെ നേതൃത്വത്തിലായിരുന്നു കല്ലേറ് ഉണ്ടായതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ചു 22നു ജെഎന്‍യു, രാംജാസ് കോളേജ് വിദ്യാര്‍ഥികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ചില്‍ പങ്കെടുത്തവരെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും ആരോപണമുയര്‍ന്നു.

സംഭവത്തില്‍ പ്രശാന്ത ചക്രവര്‍ത്തിയെന്ന ഇംഗ്ലീഷ് അധ്യാപകനും മാരകമായി പരിക്കേറ്റു.
ഇതോടെ എബിവിപി പ്രവര്‍ത്തകര്‍ക്കെതിരേ പ്രതിഷേധം വ്യാപകമായി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു എബിവിപി തടയിടുകയാണെന്ന വാദവും ഉയര്‍ന്നു വന്നു.
ഇതിനിടെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ മകളും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയുമായ ഗുര്‍മെഹര്‍ കൗര്‍ എബിവിപിക്കെതിരേ രംഗത്തുവന്നു.

‘ ഞാന്‍ എന്റെ രാജ്യത്തെയും എന്റെ സഹപാഠികളായ വിദ്യാര്‍ഥികളെയും സ്‌നേഹിക്കുന്നു. സംസാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഞാന്‍ പിന്തുണയ്ക്കുന്നു’ എന്ന് ഗുര്‍മെഹര്‍ ട്വീറ്റ് ചെയ്തു. ഇതിനു പുറമേ യുദ്ധത്തിനെ ആക്ഷേപിച്ചു കൊണ്ടുള്ള വീഡിയോയും ഗുര്‍മെഹര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. അച്ഛനെ നഷ്ടപ്പെട്ടതിനു കാരണം പാകിസ്ഥാനല്ലെന്നും യുദ്ധമാണെന്നുമായിരുന്നു വീഡിയോയില്‍ ഗുര്‍മെഹര്‍ പരാമര്‍ശിച്ചത്. എന്നാല്‍ ഗുര്‍മെഹറിനെ വിമര്‍ശിച്ചു കൊണ്ടു ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്, നടന്‍ രണ്‍ദീപ് ഹൂഡ, കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജു തുടങ്ങിയവര്‍ രംഗത്തുവന്നു.

പാകിസ്ഥാനെതിരേ ട്രിപ്പിള്‍ സെഞ്ച്വറി അടിക്കാനുള്ള കാരണം ഞാനല്ല, എന്റെ ബാറ്റ് ആണെന്നു പരിഹസിച്ചു കൊണ്ടുള്ള പോസ്റ്റ് നവമാധ്യമമായ ട്വിറ്ററിലിട്ടു കൊണ്ടാണു വീരേന്ദ്ര സേവാഗ് പ്രതികരിച്ചത്.

കേന്ദ്രമന്ത്രി കിരണ്‍ റിജിജ്ജുവിന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു.’ ആരാണ് ഈ യുവതിയുടെ മനസിനെ മലിനമാക്കുന്നത്? ശക്തമായ സൈന്യമാണ് യുദ്ധത്തെ തടയുന്നത്. ഇന്ത്യ ഒരിക്കലും ആരെയും ആക്രമിച്ചിട്ടില്ല. എന്നാല്‍ ദുര്‍ബലയായ ഇന്ത്യയില്‍ എന്നും അധിനിവേശം നടന്നിട്ടുണ്ട്’ റിജിജ്ജു ട്വീറ്റ് ചെയ്തു.

ഗുര്‍മെഹറിനെ പരിഹസിച്ചും വിമര്‍ശിച്ചും പ്രമുഖരെത്തിയതിനു പുറമേ നിരവധി ഭീഷണികളും ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ലഭിച്ചു. ദേശവിരുദ്ധ പ്രസ്താവനയാണ് ഗുര്‍മെഹര്‍ നടത്തിയതെന്നും പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ ബലാല്‍സംഗം ചെയ്യുമെന്നുമായിരുന്നു ഭീഷണി.

Comments

comments

Categories: Life, Politics, Women