സര്‍ക്കാര്‍ നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് ആര്‍ബിഐ

സര്‍ക്കാര്‍ നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശരിയ ബാങ്കിങ് ആരംഭിക്കുന്നതിനെ കുറിച്ച് തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിന് കേന്ദ്രധനകാര്യ മന്ത്രാലയം നല്‍കിയ മറുപടി പരസ്യമാക്കാനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പലിശ കൊടുക്കുന്നതും സ്വീകരിക്കുന്നതും അനുവദനീയമല്ല എന്ന ഇസ്ലാമിക തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ശരിയാ ബാങ്ക് പ്രവര്‍ത്തിക്കുന്നത്.

വിവരാവകാശ നിയമപ്രകാരം ഈ വിവരങ്ങള്‍ പരസ്യമാക്കാന്‍ കഴിയുമോയെന്നത് സംബന്ധിച്ച് ആര്‍ബിഐ സാമ്പത്തിക സേവന വകുപ്പിനോട് പ്രതികരണം ആരാഞ്ഞിരുന്നു. സെക്ഷന്‍ 8 (1) (ര) യുടെ കീഴില്‍ ഈ കത്ത് വരുമോയെന്ന കാര്യത്തില്‍ സാമ്പത്തിക സേവന വകുപ്പിനോട് ഉപദേശം തേടിയിട്ടുണ്ടെന്ന് പിടിഐയുടെ വിവരാകാശ അപേക്ഷക്ക് മറുപടിയായി ആര്‍ബിഐ പറഞ്ഞു. വിവരങ്ങളുടെ വെളിപ്പെടുത്തല്‍ പാര്‍ലമെന്റിന്റെയോ അല്ലെങ്കില്‍ സംസ്ഥാന നിയമസഭകളുടെയും വിശേഷാധികാരത്തിന്റെ ലംഘനമാകുമെന്നാണ് ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ശരിയാ ബാങ്കിങ് സംവിധാനവും ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം ആര്‍ബിഐ നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. പലിശരഹിത ബാങ്കിംഗ് സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള ബാങ്കുകളില്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. മതപരമായ കാരണങ്ങളാല്‍ ബാങ്കിംഗില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ കൂടി ഉള്‍ച്ചേര്‍ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ ശരിയാ ബാങ്കിംഗ് അപരിചിതമായതിനാല്‍ ഘട്ടംഘട്ടമായി നടപ്പാക്കണമെന്നാണ് ആര്‍ബിഐ നിര്‍ദേശിക്കുന്നത്. സാമ്പത്തിക വിനിമയങ്ങളിലെ ഇസ്ലാമിക നിബന്ധനകളും സങ്കീര്‍ണ്ണതയും അതുമായി പരിചയമില്ലാത്ത ഇന്ത്യന്‍ ബാങ്കുകളില്‍ നടപ്പാക്കുന്നത് ശ്രമകരമാകുമെന്നും ആര്‍ബി ഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
2008ല്‍ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ചെയര്‍മാനായ സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായുള്ള കമ്മിറ്റി പലിശരഹിത ബാങ്കിംഗ് സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പലിശരഹിത ബാങ്കിംഗ് സേവനം വേണ്ടത്ര ലഭ്യമല്ലാത്തതിനാലാണ് സാമ്പത്തിക പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്നവരടക്കം നല്ലൊരു ശതമാനം ഇന്ത്യക്കാര്‍ ബാങ്കിംഗ് മേഖലയില്‍നിന്ന് പിന്‍മാറുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

Comments

comments

Related Articles