മാരുതി തുടങ്ങിവെച്ചു; ഇന്ത്യന്‍ വിപണിയില്‍ ഇനി എസ്‌യുവികള്‍ ജനപ്രിയമാകും കാലം

മാരുതി തുടങ്ങിവെച്ചു; ഇന്ത്യന്‍ വിപണിയില്‍ ഇനി എസ്‌യുവികള്‍ ജനപ്രിയമാകും കാലം

ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് നെടുനായകത്വം വഹിച്ചത് മാരുതി സുസുകിയല്ലാതെ മറ്റാരുമല്ല. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ ഇന്ത്യന്‍ കാര്‍ വ്യവസായത്തിന്റെ വികാസപരിണാമങ്ങളെ മാരുതി സുസുകി മുന്നില്‍നിന്ന് നയിച്ചു

1996 നും 2016 നുമിടയില്‍ ഇന്ത്യയുടെ ജിഡിപി നാല് മടങ്ങിലധികം വര്‍ധിച്ച് 2 ട്രില്യണ്‍ ഡോളറിലേക്കാണ് വളര്‍ന്നത്. ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം മൂന്നുമടങ്ങ് വര്‍ധിച്ച് 1,751 ഡോളറുമായി. 4.5 ലക്ഷം കോടി രൂപ വരുന്ന ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വ്യവസായവും ഇതേ വേഗത്തിലാണ് ഇക്കാലയളവില്‍ സഞ്ചരിച്ചത്. 1996 ല്‍ രാജ്യത്ത് കേവലം അഞ്ച് കാര്‍ നിര്‍മ്മാതാക്കള്‍ പോലുമില്ലാതിരുന്ന കാലത്ത് 4.68 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിച്ചിരുന്നത്. 2016 ആയപ്പോഴേക്കും രാജ്യത്ത് കുറഞ്ഞത് 17 കാര്‍ നിര്‍മ്മാതാക്കളെങ്കിലും പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ നൂറിലധികം മോഡലുകളും വേരിയന്റുകളും അണിനിരന്നപ്പോള്‍ വാര്‍ഷിക വില്‍പ്പന മുപ്പത് ലക്ഷം യൂണിറ്റുകളായി വളര്‍ന്നുപന്തലിച്ചു.

മാരുതി സുസുകിയെന്ന വടവൃക്ഷം
യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ കാര്‍ വ്യവസായത്തിന് നെടുനായകത്വം വഹിച്ചതും നട്ടെല്ലായി പ്രവര്‍ത്തിച്ചതും മാരുതി സുസുകിയല്ലാതെ മറ്റാരുമല്ല. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തെ ഇന്ത്യന്‍ കാര്‍ വ്യവസായത്തിന്റെ വികാസപരിണാമങ്ങളെ മാരുതി സുസുകി മുന്നില്‍നിന്ന് നയിച്ചു. വിപണിയില്‍ വലിയ മത്സരം അഭിമുഖീകരിക്കാതെ 1996 ല്‍ അറുപത് ശതമാനം വിഹിതത്തോടെയാണ് മാരുതി ഇന്ത്യന്‍ കാര്‍ വിപണി അടക്കിഭരിച്ചത്. എന്നാല്‍ അതിശയകരമെന്ന് പറയട്ടെ, വിപണി മത്സരം നട്ടുച്ച പ്രാപിച്ച 2016 ലും 47.6 ശതമാനം വിപണിവിഹിതത്തോടെ മാരുതി ഉയരങ്ങളില്‍ വിരാജിക്കുന്നു. ടോപ് സിക്‌സ് ക്ലബ് (വളരെയധികം വില്‍ക്കപ്പെടുന്ന കാര്‍ മോഡലുകള്‍, വാര്‍ഷിക യൂണിറ്റ് വില്‍പ്പനയുടെ അടിസ്ഥാനത്തില്‍) മാരുതി സുസുകിയുടെ ഈ ജൈത്രയാത്ര കൃത്യമായി പ്രതിഫലിപ്പിക്കുന്നതാണ്.

1996 നും 2016 നുമിടയ്ക്ക് വരത്തന്‍മാരായ ടൊയോട്ട ക്വാളിസ്, ഫിയറ്റ് പാലിയോ എന്നിവ ഈ ടോപ് സിക്‌സ് ക്ലബിലെത്തിയിരുന്നു. ഒരു ദശാബ്ദത്തിലധികം ക്ലബിലെ ആദ്യ പകുതിയില്‍ വിരാജിച്ചിരുന്ന ഇന്നാട്ടുകാരായ ടാറ്റ മോട്ടോഴ്‌സും മഹീന്ദ്ര & മഹീന്ദ്രയും പുറത്തുപോവുകയും ചെയ്തു. രണ്ട് ദശാബ്ദത്തിലധികമായി ടോപ്പ് സിക്‌സ് ക്ലബിലെ മാരുതി സുസുകിയുടെ സ്ഥാനത്തിന് യാതൊരു മാറ്റവുമില്ല. 1998 ല്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ഹ്യുണ്ടായ് നമ്പര്‍ 2 സ്ഥാനം അരക്കിട്ടുറപ്പിക്കുന്ന കാഴ്ച്ച പിന്നീട് കണ്ടുവെന്നുമാത്രം.

മാരുതിയെപ്പോലെ ഇന്ത്യക്കാരെ ഇത്രയധികം മനസ്സിലാക്കുകയും അവരുടെ അഭിരുചികള്‍ക്കനുസൃതമായ വാഹനങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്ന കമ്പനി വേറെയില്ലെന്ന് എമ്മ കണ്‍സള്‍ട്ടന്‍സി സഹസ്ഥാപകന്‍ ദീപേഷ് റാത്തോര്‍ ചൂണ്ടിക്കാട്ടുന്നു. 1996 ല്‍ ആറ് ടോപ്-സെല്ലിംഗ് മോഡലുകളിലെ അഞ്ച് എന്‍ട്രികള്‍ മാരുതിയില്‍നിന്നായിരുന്നു. ഇവയില്‍ മാരുതി 800 ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. 2016 ല്‍ ആദ്യ നാല് സ്ഥാനങ്ങള്‍ മാരുതി നിലനിര്‍ത്തിയപ്പോള്‍ ഹ്യുണ്ടായ് മറ്റ് രണ്ട് സ്ഥാനങ്ങള്‍ നേടിയെടുത്തു.

1996 ല്‍ രാജ്യത്തെ ആകെ കാര്‍ വില്‍പ്പനയുടെ 93.4 ശതമാനം മാരുതിയുടെ ആറ് ടോപ് മോഡലുകളാണ് കയ്യടക്കിയത്. 2016 ആയപ്പോള്‍ ഇത് 34 ശതമാനമായി കുറഞ്ഞു. മാരുതിയെ സംബന്ധിച്ച് എന്‍ട്രി-ലെവല്‍ മിനി കാറുകളാണ് ഇപ്പോഴും ഏറ്റവുമധികം വില്‍പ്പന നടക്കുന്ന മോഡലുകള്‍. എന്നാല്‍ ഇവയുടെ വിപണി വിഹിതം മുമ്പത്തെ 41.7 ശതമാനത്തില്‍നിന്ന് 8.2 ശതമാനമായി കുറഞ്ഞു. വരുംവര്‍ഷങ്ങളില്‍ ഇത് വീണ്ടും കുറഞ്ഞേക്കാം.

വരുമാനവും ആഗ്രഹങ്ങളും വര്‍ധിച്ചതോടെ ഇന്ത്യന്‍ ജനത കൂടുതല്‍ വിലയേറിയ സ്വിഫ്റ്റ്, ഡിസൈര്‍, ഹ്യുണ്ടായ് i20 കാറുകള്‍ വാങ്ങാന്‍ തുടങ്ങിയപ്പോള്‍ നാല് ലക്ഷം രൂപയ്ക്കുമുകളിലുള്ള കോംപാക്റ്റ് കാറുകളായി ഇന്ത്യന്‍ വിപണിയിലെ പോപുലര്‍ സെഗ്‌മെന്റ്. മാരുതി, ഹ്യുണ്ടായ് എന്നിവര്‍ക്കുമാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആധിപത്യം സ്ഥാപിച്ചെടുക്കാനായത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര എന്നിവയ്ക്കും മറ്റ് ബഹുരാഷ്ട്ര കാര്‍ കമ്പനികള്‍ക്കും ഇന്ത്യന്‍ വിപണി കാര്യമായി പിടികൊടുത്തിട്ടില്ല.

1996 ല്‍ രാജ്യത്തെ ആകെ കാര്‍ വില്‍പ്പനയില്‍ 41.66 ശതമാനവും വിറ്റുപോയത് മാരുതി 800 ആയിരുന്നു. എന്നാല്‍ ഇന്ന് 2.45 ലക്ഷം യൂണിറ്റ് മാരുതി ആള്‍ട്ടോ വില്‍ക്കുന്നുണ്ടെങ്കിലും വിപണിവിഹിതം 8 ശതമാനമായി കുറഞ്ഞു.

പരിമിതമായ ചോയ്‌സുകള്‍ അനുഗ്രഹമായപ്പോള്‍ 1996 ല്‍ ആറ് ടോപ് മോഡലുകളുടെ വില്‍പ്പന രാജ്യത്തെ ആകെ കാര്‍ വില്‍പ്പനയുടെ 93.4 ശതമാനമായിരുന്നു. 2016 ല്‍ ഇത് 34 ശതമാനമായി കുറഞ്ഞു. നാട്ടുരാജാക്കന്‍മാരായ മഹീന്ദ്ര & മഹീന്ദ്രയുടെയും ടാറ്റ മോട്ടോഴ്‌സിന്റെയും വില്‍പ്പനയിലും ഇടിവ് സംഭവിച്ചു. അതേസമയം ആഗോള അതികായന്‍മാരായ മിക്ക കാര്‍ നിര്‍മ്മാതാക്കളും ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടേതായ ഇടം കണ്ടെത്താന്‍ കിണഞ്ഞുപരിശ്രമിക്കുന്ന കാഴ്ച്ചയാണ് ഈ സമയത്ത് കാണാനായത്.

1996 ല്‍ പ്രതിമാസം 3,200 യൂണിറ്റ് വില്‍പ്പന നടക്കുന്ന കാര്‍ മോഡല്‍ പോലും ടോപ് സിക്‌സ് ക്ലബിലെത്തുമായിരുന്നു. 1996 വര്‍ഷത്തില്‍ 38,451 യൂണിറ്റ് വില്‍പ്പന നടന്ന മഹീന്ദ്ര കമാന്‍ഡര്‍ അങ്ങനെയാണ് ടോപ് സിക്‌സിലെത്തിയത്. ജീവനക്കാരുടെ യാത്രാസൗകര്യത്തിനായി ഐടി ഔട്ട്‌സോഴ്‌സിംഗ് കമ്പനികളില്‍നിന്ന് ലഭിച്ച വന്‍ ഡിമാന്‍ഡിന്റെ അടിസ്ഥാനത്തില്‍ 2001 ല്‍ 46,565 യൂണിറ്റ് വിറ്റഴിച്ച ടൊയോട്ട ക്വാളിസ് ആദ്യ ആറ് സ്ഥാനങ്ങളിലെത്തിയിരുന്നു. ഈ ടോപ്പ് സിക്‌സ് ക്ലബില്‍ പ്രവേശനം നേടുന്നത് ഇപ്പോള്‍ കൂടുതല്‍ ദുഷ്‌കരമായി തീര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഹ്യുണ്ടായ് i20 എലൈറ്റിന് ടോപ് സിക്‌സ് ക്ലബില്‍ കയറുന്നതിന് പ്രതിമാസം 10,200 യൂണിറ്റുകളുടെ വില്‍പ്പന നടക്കണം.

വരുമാനം വര്‍ധിച്ചതോടെ കൂടുതല്‍ വിലയേറിയ കാര്‍ വാങ്ങുന്ന ശീലമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ പിന്തുടരുന്നത്. 1996 ല്‍ മൂന്ന് ലക്ഷം രൂപയ്ക്കുതാഴെ വില വരുന്ന-മാരുതി 800- വിപണിയുടെ നാല്‍പ്പത് ശതമാനത്തലധികം കയ്യടക്കിയപ്പോള്‍ നിലവില്‍ നാല് ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകളാണ് തൊണ്ണൂറ് ശതമാനവും വിറ്റുപോകുന്നത്.

ഇക്കാര്യത്തില്‍ ഹ്യുണ്ടായുടെ ഉല്‍പ്പന്ന വൈവിധ്യവും തന്ത്രവും എടുത്തുപറയേണ്ടതാണ്. 1998-2005 കാലത്ത് 2.5-4 ലക്ഷം രൂപ വില വരുന്ന സാന്‍ട്രോ കാറിനാണ് ഞങ്ങള്‍ പ്രചാരം നല്‍കിയതെന്ന് ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യ ലിമിറ്റഡ് സെയ്ല്‍സ് & മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു. 2005-2012 ആയപ്പോള്‍ നാല് ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന i10 ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇപ്പോള്‍ 6-9 ലക്ഷം സെഗ്‌മെന്റിലെ i20, ക്രീറ്റ എന്നിവയാണ് ഹ്യുണ്ടായ് മുന്നില്‍ നിര്‍ത്തുന്നത്. ഈ രണ്ട് മോഡലുകളുമായി പ്രതിമാസം 20,000 യൂണിറ്റുകള്‍ ഹ്യുണ്ടായ് വില്‍ക്കുന്നു. 2021 ഓടെ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറ്റഗറി കാറുകളാവും കൂടുതല്‍ വിറ്റഴിയുന്നതെന്ന് ശ്രീവാസ്തവ പറഞ്ഞു. അപ്പോഴേക്കും ഇന്ത്യയുടെ പാസഞ്ചര്‍ വാഹന വ്യവസായവും ടോപ് സിക്‌സും വലിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാകും.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ അനുസരിച്ച് മുന്നേറും

വാഹനങ്ങളിലെ സുരക്ഷിതത്വവും ബഹിര്‍ഗമനവും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ 2020 ഓടെ കാര്‍ നിര്‍മാതാക്കള്‍ക്ക് നടപ്പാക്കേണ്ടിവരും. ഉദാഹരണത്തിന് എയര്‍ ബാഗുകള്‍ കാറുകളില്‍ സര്‍വ്വസാധാരണമാകും. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് പുറത്തിറക്കുന്നതിനാല്‍ കാറുകളുടെ വിലയില്‍ വര്‍ധന അനിവാര്യമായിത്തീരും. ഇതില്‍ത്തന്നെ ചെറുകാറുകളുടെ വിലയായിരിക്കും ശതമാനക്കണക്കില്‍ താരതമ്യേന കൂടുതല്‍ വര്‍ധിക്കുന്നത്. ഡീസല്‍ വേരിയന്റുകളിലുള്ള താല്‍പ്പര്യം കുറയുകയും ചെയ്യും.

പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ ഡീസല്‍-പെട്രോള്‍ വേരിയന്റുകളുടെ വിലയിലെ അന്തരം വര്‍ധിക്കാനാണ് സാധ്യത. പെട്രോള്‍ വേരിയന്റിന്റെ വില 7-8 ശതമാനം കൂടുമ്പോള്‍ ഡീസല്‍ വാഹനങ്ങളുടേത് 15-20 ശതമാനം വര്‍ധിച്ചേക്കും. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത കൈവരികയും ചെയ്യും.

ഓട്ടോമാറ്റിക് വേരിയന്റുകളുടെ വിപണി വിഹിതം നിലവിലെ 5-6 ശതമാനത്തില്‍നിന്ന് 2021 ഓടെ ഇരട്ടിയായി വര്‍ധിച്ച് 10-12 ശതമാനത്തിലെത്തും. വിമണ്‍ സെഗ്‌മെന്റ് ഇപ്പോഴത്തെ 12 ശതമാനത്തില്‍നിന്ന് അടുത്ത 5-7 വര്‍ഷങ്ങള്‍ക്കുള്ളില്‍ 20 ശതമാനമായും വര്‍ധിക്കും. സ്ത്രീ ഉപയോക്താക്കളെ ലക്ഷ്യമാക്കി ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും വിപണനവും നടത്താന്‍ ഇത് കാര്‍ നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കും. കാര്‍ ഡീലര്‍മാര്‍ കൂടുതല്‍ വനിതാ ജീവനക്കാരികളെ നിയമിച്ചേക്കാം. യൂസ്ഡ് കാര്‍ വ്യവസായം 2021 ഓടെ ഇരട്ടിയായി 6.6 മില്യണ്‍ യൂണിറ്റുകളിലെത്തും.

2020 ഓടെ ഇന്ത്യക്കാരുടെ പ്രതിശീര്‍ഷ വരുമാനം 3000 ഡോളര്‍ കടക്കാനാണ് സാധ്യത. ഇത് ഇന്ത്യന്‍ വിപണിയിലെ കാര്‍ ആവശ്യകത അമ്പത് ലക്ഷത്തിലെത്തിക്കും. J-curve വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്യൂഷോ, കിയ, ദെയ്ഹാറ്റ്‌സു തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളും സായിക് തുടങ്ങിയ ചൈനീസ് കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്.

വിപണിയിലെ മത്സരവും മോഡല്‍ ഓപ്ഷനുകള്‍ വര്‍ധിക്കുന്നതും ടോപ് സിക്‌സ് ക്ലബിലെ മോഡലുകളുടെ വില്‍പ്പന വിഹിതത്തില്‍ വീണ്ടും ഇടിവ് സംഭവിക്കുന്നതിന് കാരണമാകും. മിനി കാറുകളുടെ വില്‍പ്പന കുറയുന്നതിനും പത്ത് ലക്ഷത്തിന് മുകളില്‍ വിലയുള്ള കാറുകളുടെ വില്‍പ്പന വര്‍ധിക്കുന്നതിനും സാക്ഷ്യം വഹിക്കേണ്ടിവരും.

ചെറിയ എസ്‌യുവികള്‍ ടോപ് സിക്‌സ് ക്ലബില്‍ ഇടംപിടിക്കുമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രധാന സംഗതി. കാറ് വാങ്ങുന്ന സ്ത്രീകളുടെ എണ്ണം കുത്തനെ വര്‍ധിക്കും. ഡീസല്‍ കാറുകളുടെ പ്രതാപം മങ്ങുമ്പോള്‍ ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ജനകീയമാകും. ഓട്ടോമാറ്റിക് വേരിയന്റുകളും വിപണി കീഴടക്കും.

J-curve വളര്‍ച്ച കൈവരിക്കും

2020 ഓടെ ഇന്ത്യന്‍ കാര്‍ വിപണി 45-50 ലക്ഷം യൂണിറ്റുകളെന്ന ലക്ഷ്യത്തിലെത്തും. പ്രതിശീര്‍ഷ വരുമാനം 3,000 ഡോളറായി വര്‍ധിക്കുന്നതോടെ പാസഞ്ചര്‍ വാഹന വ്യവസായം ആഗോളതലത്തില്‍ പുതിയ നാഴികക്കല്ല് പിന്നിടും. ചൈന ഉള്‍പ്പെടെയുള്ള മിക്ക രാജ്യങ്ങളിലും പാസഞ്ചര്‍ വാഹന ആവശ്യകത J- curve പ്രകടിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ 1,751 ഡോളറായ ഇന്ത്യയിലെ പ്രതിശീര്‍ഷ വരുമാനം 2020 ഓടെ 3,500 ഡോളറായി വര്‍ധിക്കും. 2020 മുതല്‍ ഇന്ത്യയിലെ കാര്‍ ആവശ്യകത ക്രമാതീതമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഇന്ത്യയിലെ കാര്‍ ഉടമസ്ഥത വളരെയധികം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഹൗസ്‌ഹോള്‍ഡ് സര്‍വ്വെ ഓണ്‍ ഇന്ത്യാസ് സിറ്റിസണ്‍, എന്‍വിയോണ്‍മെന്റ് & കണ്‍സ്യൂമര്‍ ഇക്കോണമി (ഐസിഇ 360 ഡിഗ്രി സര്‍വ്വെ) അനുസരിച്ച് രാജ്യത്ത് വില്‍ക്കപ്പെടുന്ന ആകെ കാറുകളുടെ 69 ശതമാനവും ജനസംഖ്യയുടെ അഞ്ചിലൊരു ശതമാനം വരുന്ന കുടുംബങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രതീശീര്‍ഷ വരുമാനം വര്‍ധിക്കുന്നത് കാര്‍ ഉടമസ്ഥതയില്‍ മാറ്റം വരുത്തുമെന്നും കൂടുതല്‍ ജനാധിപത്യപരമാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനിടെ ടോപ്-സിക്‌സ് ക്ലബില്‍ എന്ത് മാറ്റം സംഭവിക്കുമെന്നതും പരിഗണനാവിഷയമാണ്. ഇന്ത്യന്‍ നിരത്തുകളിലെ മേധാവിത്വം മാരുതിയും ഹ്യുണ്ടായും തുടരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്‍ നിര്‍മ്മാതാക്കളുടെ മത്സര തീവ്രത വര്‍ധിക്കുകതന്നെ ചെയ്യും. പ്യൂഷോ, കിയ മോട്ടോഴ്‌സ്, ദെയ്ഹാറ്റ്‌സു തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളും ചൈനീസ് കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് അരങ്ങൊരുങ്ങുന്നത്.

ടോപ്പ് സെല്ലിംഗ് മോഡലുകള്‍ ഇത്രയധികം വില്‍ക്കേണ്ട

വിപണി മത്സരം വര്‍ധിക്കുന്നതിനിടെ കാര്‍ വിപണി കൂടുതല്‍ വികേന്ദ്രീകൃതമായേക്കും. കാര്‍ വിപണിയുടെ പകുതിയോളം മാരുതി സുസുകി അടക്കിഭരിക്കുന്നതിനാല്‍ നിലവില്‍ ഇന്ത്യന്‍ വിപണി ലോകത്തെ വലിയ കേന്ദ്രീകൃത വിപണിയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മോഡലുകളുടെ വില്‍പ്പന കാര്യത്തിലും മാറ്റം വരാം. ടോപ് സെല്ലിംഗ് മോഡലിന് ഇന്ത്യന്‍ വിപണിയില്‍ എട്ട് ശതമാനം പങ്കാളിത്തമുണ്ടെന്നത് വളരെ കൂടുതലാണെന്ന് ഇവര്‍ പറയുന്നു. ഇത് ക്രമേണ കുറയുമെന്നും 4-5 ശതമാനത്തില്‍ നിലനില്‍ക്കുമെന്നും ഡിലോയിറ്റ് ഇന്ത്യ സീനിയര്‍ ഡയറക്റ്റര്‍ കുമാര്‍ കന്ദസ്വാമി നിരീക്ഷിച്ചു.

അമേരിക്കയില്‍ 2016 ല്‍ 17.5 മില്യണ്‍ പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റത്. ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ടൊയോട്ട, ഹോണ്ട കമ്പനികള്‍ ടോപ് മോഡല്‍ ക്ലബ് തുല്യമായി വീതിച്ചെടുത്തു. ഫോര്‍ഡ് എഫ് സീരീസില്‍ വരുന്ന ലൈറ്റ്-ഡ്യൂട്ടി, മീഡിയം-ഡ്യൂട്ടി ട്രക്കുകളാണ് ടോപ്പ് സെല്ലിംഗ് മോഡലായി ഉയര്‍ന്നുവന്നത്. അമേരിക്കന്‍ വിപണിയിലെ ആകെ വില്‍പ്പന വിഹിതത്തില്‍ ഈ ടോപ്പ് സെല്ലിംഗ് മോഡലിന്റേത് 4.58 ശതമാനം മാത്രമായിരുന്നു.

ചൈനയില്‍ കഴിഞ്ഞ വര്‍ഷം 28 മില്യണ്‍ യൂണിറ്റുകളാണ് വിറ്റഴിച്ചത്. സായിക് ജിഎം-വൂളിംഗ് സംയുക്ത സംരംഭത്തിന്റെ കോംപാക്റ്റ് മള്‍ട്ടിപര്‍പ്പസ് വാഹനമായ വൂളിംഗ് ഹോങ് ഗ്വാങ് ആയിരുന്നു ടോപ് സെല്ലിംഗ് മോഡല്‍. ഈ മോഡല്‍ ആകെ 6.5 ലക്ഷം യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്. ചൈനീസ് വിപണിയിലെ ആകെ വില്‍പ്പന വിഹിതത്തിന്റെ 2.3 ശതമാനം മാത്രം. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ടോപ്പ് സെല്ലിംഗ് മോഡലിന്റെ വില്‍പ്പന വിഹിതത്തില്‍ ഇടിവ് സംഭവിക്കുമെന്ന് പ്രീതീക്ഷിക്കപ്പെടുന്നു.

ചെറുകാറുകള്‍ക്ക് പ്രത്യേക സ്ഥാനം

മിനി കാറുകളുടെ പ്രാധാന്യം താരതമ്യേന കുറയുമെങ്കിലും ഇന്ത്യന്‍ കാര്‍ വ്യവസായത്തില്‍ ഈ സെഗ്‌മെന്റിന് പ്രത്യേക സ്ഥാനമുണ്ടായിരിക്കും. ഗ്രാമീണ മേഖലകളില്‍ ഇരുചക്ര വാഹനങ്ങള്‍ വിട്ട് ആദ്യമായി കാറ് വാങ്ങുന്നവരുടെ ഇഷ്ട സെഗ്‌മെന്റ് ഈ ചെറുകാറുകളായിരിക്കുമെന്ന് എണസ്റ്റ് & യങ് നാഷണല്‍ ലീഡര്‍ (ഓട്ടോമോട്ടീവ്) രാകേഷ് ബത്ര വ്യക്തമാക്കുന്നു. പലവിധ കാരണങ്ങളാല്‍ മാരുതി തങ്ങളുടെ ആധിപത്യം തുടരും.

ഗ്രാമീണ മേഖലകളിലെ ഉപയോക്താക്കള്‍ പരിചിതവലയങ്ങളുടെ അഭിപ്രായത്തിന് ചെവികൊടുത്താണ് കാര്‍ വാങ്ങാനെത്തുന്നത്. സുഹൃത്തുക്കളുടെയും മറ്റും അഭിപ്രായങ്ങള്‍ ഇവര്‍ വലിയ തോതില്‍ മുഖവിലയ്‌ക്കെടുക്കും. മാരുതി നയിക്കുന്ന ഈ സെഗ്‌മെന്റില്‍ ഇപ്പോള്‍ ഹ്യുണ്ടായ് ഇയോണ്‍, റെനോ ക്വിഡ് എന്നീ രണ്ട് മോഡലുകളും പ്രമുഖ സാന്നിധ്യമാണ്.

എസ്‌യുവികള്‍ ജനപ്രിയമാകും

2021 ഓടെ ചെറു എസ്‌യുവികള്‍ ടോപ് സിക്‌സ് മോഡല്‍ പട്ടികയില്‍ വരുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ എസ്‌യുവി സെഗ്‌മെന്റ് വലിയ വളര്‍ച്ചയാണ് കൈവരിക്കുന്നത്. 2014 ജനുവരിയില്‍ ഇന്ത്യയില്‍ ആകെ വിറ്റ 1.64 ലക്ഷം വാഹനങ്ങളില്‍ 46,000 എസ്‌യുവികളായിരുന്നു(28 ശതമാനം). 2017 ജനുവരിയില്‍ ആകെ വില്‍പ്പന നടത്തിയ 1.86 ലക്ഷം വാഹനങ്ങളില്‍ എസ്‌യുവികള്‍ 62,000 ആയി വര്‍ധിച്ചു (33.3 ശതമാനം). അമേരിക്ക മുതല്‍ ചൈന വരെയുള്ള രാജ്യങ്ങളിലെല്ലാം എസ് യുവികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുവരികയാണ്. ഇന്ത്യയും അവരുടെ കൂട്ടത്തില്‍ കൂടുമെന്ന് കന്ദസ്വാമി പറഞ്ഞു.

Comments

comments

Categories: Auto, Trending