സെയില്‍ യൂണിറ്റുകളുടെ വില്‍പ്പന: തീരുമാനം സെപ്റ്റംബറില്‍

സെയില്‍ യൂണിറ്റുകളുടെ  വില്‍പ്പന: തീരുമാനം സെപ്റ്റംബറില്‍

ന്യൂഡെല്‍ഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ(സെയില്‍)യുടെ മൂന്ന് ശാഖകളുടെ ആസ്തികള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് സെപ്റ്റംബറില്‍ അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഭദ്രാവതി, സേലം, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളിലെ സെയില്‍ യൂണിറ്റുകളുടെ ആസ്തി വിറ്റഴിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക അനുമതി നല്‍കിയിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല. ആറ്-ഏഴ് മാസങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്. യൂണിറ്റുകളുടെ ആസ്തികള്‍ വിറ്റഴിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതിനോടകം തീരുമാനമുണ്ടാകും-ഒരു ഉന്നത ഉദ്യോസ്ഥന്‍ പറഞ്ഞു.

ചില യൂണിറ്റുകള്‍ വിറ്റഴിക്കുന്നത് സംബന്ധിച്ച് തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഇടപാടുകള്‍ നടത്തുന്നതിന് ഉപദേശകരെയും നിയമോപദേശകരെയും നിയമിക്കുക, നിര്‍ദേശങ്ങള്‍ ആധാരമാക്കി ആസ്തിയുടെ മൂല്യം കണക്കാക്കുക, ലേലം കൊള്ളാന്‍ താല്‍പര്യമുള്ളവരുടെ ലിസ്റ്റ് തയാറാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെയില്‍ യൂണിറ്റുകളെ തിടുക്കപ്പെട്ട് വില്‍ക്കില്ലെന്നും അവയ്ക്ക് പറ്റിയ മാനേജ്‌മെന്റിനെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Comments

comments

Tags: India, New Delhi, SAIL