സ്പാനിഷ് ലീഗ് – കടിഞ്ഞാണ്‍ കൈവിടാതെ റയല്‍

സ്പാനിഷ് ലീഗ് – കടിഞ്ഞാണ്‍ കൈവിടാതെ റയല്‍
  • വിയ്യാറയലിനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
  • പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തുടരുന്നു

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ റയല്‍ മാഡ്രിഡിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിയ്യാറയലിനെയാണ് റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്നതിന് ശേഷമായിരുന്നു റയല്‍ മാഡ്രിഡിന്റെ തിരിച്ചുവരവ്. ഗാരെത് ബെയ്ല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അല്‍വാരോ മൊറാറ്റ എന്നിവരാണ് റയല്‍ മാഡ്രിഡിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

വിയ്യാറയലിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ 50, 57 മിനുറ്റുകളില്‍ യഥാക്രമം സ്‌പെയിനിന്റെ ട്രിഗെറസ് മ്യുനസ്, കോണ്‍ഗോളീസ് താരമായ സെഡ്രിക് ബെകാംബു എന്നിവരിലൂടെ ആതിഥേയര്‍ മുന്നിലെത്തി. ഇതോടെ, റയല്‍ മാഡ്രിഡ് സമ്മര്‍ദ്ദത്തിലായെങ്കിലും 64-ാം മിനുറ്റില്‍ വെയ്ല്‍സിന്റെ ഗാരെത് ബെയ്ല്‍ ഒരു ഗോള്‍ മടക്കി. സ്പാനിഷ് താരമായ ഡാനി കര്‍വാജലിന്റെ ക്രോസില്‍ നിന്നായിരുന്നു ബെയ്‌ലിന്റെ ഗോള്‍.

എഴുപത്തിനാലാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം. റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ താരം ടോണി ക്രൂസ് തൊടുത്ത ഷോട്ട് വിയ്യാറയലിന്റെ സ്പാനിഷ് താരം ബ്രൂണോ സോറിയാനോയുടെ കൈയില്‍ തട്ടിയതിനാണ് പെനാല്‍റ്റി അനുവദിക്കപ്പെട്ടത്. ഇതിനെച്ചൊല്ലി ഒഫീഷ്യലുകള്‍ തമ്മില്‍ വാഗ്വാദവും ഉണ്ടായിരുന്നു.

83-ാം മിനുറ്റില്‍ സ്പാനിഷ് താരമായ അല്‍വാരോ മൊറാറ്റയും ഗോള്‍ കണ്ടെത്തിയതോടെ റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം, ആംഗിള്‍ ഇഞ്ചുറി കാരണം 88-ാം മിനുറ്റില്‍ ഗാരെത് ബെയ്‌ലിനെ റയല്‍ പരിശീലകനായ സിനദീന്‍ സിദാന്‍ തിരികെ വിളിച്ചു. ആദ്യപകുതിയില്‍ റയല്‍ മാഡ്രിഡിനെ ഗോളടിക്കാന്‍ അനുവദിക്കാത്ത വിയ്യാറയല്‍ പ്രതിരോധം മത്സരത്തില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രധാന മത്സരത്തില്‍ ബാഴ്‌സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. രണ്ടാം പകുതിയുടെ അറുപത്തിനാലാം മിനുറ്റില്‍ ബ്രസീലിയന്‍ താരമായ റാഫിന്‍ഹായിലൂടെ ബാഴ്‌സലോണ ലീഡെടുത്തു.

ആറ് മിനുറ്റുകള്‍ക്ക് ശേഷം സ്പാനിഷ് താരമായ കോക്കെയുടെ ഫ്രീ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ച് ഉറുഗ്വായുടെ ഡീഗോ ഗോഡിന്‍ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. എന്നാല്‍, 86-ാം മിനുറ്റില്‍ അര്‍ജന്റൈന്‍ സൂപ്പര്‍ താരമായ ലയണല്‍ മെസ്സി ബാഴ്‌സലോണയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ട തന്റെ ഷോട്ട് മെസ്സി വീണ്ടും വലയിലേക്ക് തൊടുക്കുകയായിരുന്നു.

സ്പാനിഷ് ലീഗിലെ മറ്റ് മത്സരങ്ങളില്‍, ഐബര്‍, എസ്പാന്യോള്‍ ടീമുകള്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യഥാക്രമം മലാഗയെയും ഒസാസുനയേയും തോല്‍പ്പിച്ചു. അത്‌ലറ്റിക്കോ ബില്‍ബാവോ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഗ്രനാഡയേയും പരാജയപ്പെടുത്തി. അതേസമയം, സ്‌പോര്‍ട്ടിംഗ് ഗിജോണ്‍-സെല്‍റ്റ വിഗോ പോരാട്ടം ഓരോ ഗോളുകളുടെ സമനിലയില്‍ കലാശിച്ചു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ഇരുപത്തിമൂന്ന് മത്സരങ്ങളില്‍ നിന്നും അന്‍പത്തഞ്ച് പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ഇവരേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച ബാഴ്‌സോണ 54 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഇരുപത്തിനാല് മത്സരങ്ങള്‍ക്കിറങ്ങിയ സെവിയ്യ, അത്‌ലറ്റിക്കോ മാഡ്രിഡ് ടീമുകള്‍ യഥാക്രമം 52, 45 പോയിന്റുകളുമായി ലീഗില്‍ തൊട്ടടുത്ത സ്ഥാനങ്ങളിലാണ്.

Comments

comments

Categories: Sports