മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ മോഹങ്ങള്‍ക്കു ശക്തി പകരും

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ മോഹങ്ങള്‍ക്കു ശക്തി പകരും

രാജ്യത്തുടനീളം ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ബിജെപി നടത്തുന്ന നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണു മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ അതികായന്മാരെയാണു ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ശിവസേനയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു ജനവിധി തേടാനും ബിജെപി ഇപ്രാവിശ്യം ബാദ്ധ്യസ്ഥമായി. ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ബിജെപി മുന്നേറി.

മഹാരാഷ്ട്രയില്‍ ഫെബ്രുവരി 23നു പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്കു സംതൃപ്തി നല്‍കി കാണുമെന്ന കാര്യം തീര്‍ച്ചയാണ്. മുംബൈ ഉള്‍പ്പെടെ, ഒന്‍പത് നഗരസഭകളിലേക്കും 25 ജില്ലാ സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോള്‍ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും ബിജെപിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടായി. രാജ്യത്തുടനീളം ശക്തമായ സാന്നിധ്യം ഉറപ്പാക്കാന്‍ വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും ബിജെപി നടത്തുന്ന നീക്കങ്ങള്‍ ഫലം കണ്ടു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണു മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കിയത്.

2014ല്‍ മോദി തുടക്കമിട്ട തരംഗം 2017ല്‍ മഹാരാഷ്ട്രയില്‍ നിലനിര്‍ത്താനായതില്‍ തീര്‍ച്ചയായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അഭിമാനിക്കാം. അതോടൊപ്പം ഫഡ്‌നാവിസില്‍ വിശ്വാസം അര്‍പ്പിച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറായ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും വിജയത്തില്‍ അഭിമാനിക്കാം. സുതാര്യതയും സല്‍ഭരണവും വാഗ്ദാനം ചെയ്തു കൊണ്ടാണു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ജനങ്ങള്‍ക്കു മുന്‍പില്‍ വോട്ട് തേടിയിറങ്ങിയത്. 2014 മുതല്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി പദം അലങ്കരിക്കുന്ന ഫഡ്‌നാവിസ്, അദ്ദേഹത്തിന്റെ കഴിഞ്ഞ കാലത്തെ ഭരണത്തെ വിലയിരുത്താനും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. ഇതു വോട്ടര്‍മാരില്‍ വിശ്വാസം ആര്‍ജ്ജിക്കാന്‍ സഹായിച്ചു.

ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ അതികായന്മാരെയാണു ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. ശിവസേനയുമായി രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു ജനവിധി തേടാനും ബിജെപി ഇപ്രാവിശ്യം ബാദ്ധ്യസ്ഥമായി. ഫലം പുറത്തുവന്നപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ബിജെപി മുന്നേറി. 25 ജില്ലാ സമിതികളില്‍ 12 എണ്ണത്തില്‍ ബിജെപി നേട്ടം കൊയ്തു. 2012ല്‍ ബിജെപി നേടിയത് ഒരു ജില്ലാ സമിതി മാത്രമായിരുന്നു. ഈയൊരു സീറ്റില്‍ നിന്നുമാണ് 2017 എത്തിയപ്പോള്‍ 12 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കിയത്.

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടന്നത് ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കാണ്(ബിഎംസി). ഇവിടെ 1997 മുതല്‍ ബിജെപി-ശിവസേന സഖ്യമാണു ഭരണം നടത്തിയിരുന്നത്. എന്നാല്‍ രണ്ട് പതിറ്റാണ്ട് നീണ്ട സഖ്യം അവസാനിപ്പിച്ച് ഇരുവിഭാഗവും നേര്‍ക്കുനേര്‍ പോരാടി. ഫലം വന്നപ്പോള്‍ 82 സീറ്റുകളില്‍ ബിജെപിയും 84 സീറ്റുകളില്‍ ശിവസേനയും വിജയിച്ചു. മുംബൈയിലും താനെയിലും മറാഠി വോട്ട് ബാങ്കാണു ശിവസേന ലക്ഷ്യമിട്ടത്. ഇവിടെ ശിവസേനയ്ക്കു തുണയായതും ഈയൊരു ഘടകമാണ്. എന്നാല്‍ ഇപ്രാവിശ്യം മുംബൈയും താനെയും ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മണ്ഡലങ്ങളില്‍ യാതൊരു വിധത്തിലുമുള്ള ധ്രുവീകരണം ഉണ്ടായില്ലെന്നത് ശ്രദ്ധേയമായി.

2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി പ്രചാരണത്തിനു പുറത്തിറക്കിയ തന്ത്രങ്ങളാണു മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പയറ്റിയത്. വോട്ടര്‍മാരുമായി വ്യക്തമായും ഫലപ്രദമായും സംവദിക്കാന്‍ ബിജെപി പ്രത്യേകം ശ്രദ്ധിച്ചു. ഇത് ഫലം കാണുകയുമുണ്ടായി. തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയ്ത ബിജെപി, ഇപ്പോള്‍ ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും ഉറക്കം കെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്രയില്‍നിന്നും ബിജെപിയെ പുറത്താക്കാനുള്ള കരുനീക്കങ്ങളാണ് ഇപ്പോള്‍ ഈ മൂന്ന് പ്രബലശക്തികളും അണിയറയില്‍ നടത്തുന്നതെന്നും സംസാരമുണ്ട്.

ബിഹാറിലെയും യുപിയിലെയും പോലെ ബിജെപിയെ പൊതുശത്രുവായി കണക്കാക്കി സഖ്യം രൂപീകരിക്കുക എന്നതാണ് ഇവര്‍ ലക്ഷ്യമിടുന്നത്. യുപിയില്‍ അഖിലേഷിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസും, ബിഹാറില്‍ ലാലു പ്രസാദിന്റെ ആര്‍ജെഡിയുമായി നിതീഷ്‌കുമാറിന്റെ ജെഡിയുവും സഖ്യത്തിലേര്‍പ്പെട്ടതു ബിജെപിയെ എതിര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ബിഹാറില്‍ ഈ തന്ത്രം വിജയിച്ചു. യുപിയില്‍ വിജയിച്ചോ എന്നത് മാര്‍ച്ച് 11നു ശേഷവും അറിയാം. പക്ഷേ പ്രാദേശിക-ദേശീയ പാര്‍ട്ടികളുടെ ഇത്തരത്തിലുള്ള നീക്കം ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

ബിജെപിക്കെതിരേ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുമ്പോള്‍ അവര്‍ ഇന്ത്യയിലെ രാഷ്ട്രീയ ഭൂപടത്തില്‍ സുപ്രധാന സ്ഥാനം കൈവരിക്കുമെന്നതു തീര്‍ച്ചയാണെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇതാവട്ടെ, ബിജെപിക്കു കൂടുതല്‍ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വിജയം കരസ്ഥമാക്കുവാനും അധികാരത്തിലേറുവാനും ഇടയാക്കുകയും ചെയ്യുമെന്നും ഇവര്‍ പറയുന്നു.

Comments

comments

Categories: Politics

Related Articles