കരുത്തരെ വീഴ്ത്തിയ കിയേണ്‍സ്

കരുത്തരെ വീഴ്ത്തിയ കിയേണ്‍സ്

വാഹനങ്ങളുടെ അവിഭാജ്യ ഘടകമാണ് വൈപ്പര്‍. റോബര്‍ട്ട് കിയേണ്‍സ് എന്ന അമേരിക്കക്കാരനാണ് ഇന്നു നാം കാണുന്ന തരത്തിലെ ചലിക്കുന്ന വൈപ്പര്‍ കണ്ടുപിടിച്ചത്. എന്നാല്‍ വൈപ്പറിന്റെ അവകാശത്തെച്ചൊല്ലി വമ്പന്‍ വാഹന നിര്‍മാതാക്കളുമായി നടത്തിയ നിയമയുദ്ധമായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയത്. കിയേണ്‍സിന്റെ കണ്ടുപിടുത്തം വരുന്നതുവരെ തുടര്‍ച്ചയായി ചലിച്ചുകൊണ്ടിരിക്കുന്ന വൈപ്പറുകളാണ് വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്നത്. അതിനു പകരം ഇടവിട്ട സമയങ്ങളില്‍ ചലിക്കുന്ന വൈപ്പറിന് കിയേണ്‍സ് രൂപംകൊടുത്തു. മഴക്കാലത്തും മഞ്ഞു കാലത്തും ഡ്രൈവര്‍മാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്നു കിയേണ്‍സിന്റെ വൈപ്പര്‍.

1967ല്‍ കിയേണ്‍സ് തന്റെ കണ്ടുപിടുത്തത്തിന് പേറ്റന്റ് സ്വന്തമാക്കി. വാഹന നിര്‍മാതാക്കളുമായി കരാറിലെത്താന്‍ അദ്ദേഹം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫോര്‍ഡ് തങ്ങളുടെ വാഹനങ്ങളില്‍ കിയേണ്‍സിന്റെ വൈപ്പര്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു. പിന്നാലെ മറ്റു കമ്പനികളും ആ പാത പിന്തുടര്‍ന്നു. തന്റെ അനുവാദമില്ലാതെ വൈപ്പര്‍ ഉപയോഗിച്ച ഫോര്‍ഡ് അടക്കമുള്ള രണ്ടു ഡസനിലേറെ കമ്പനികളുമായി കിയേണ്‍സ് നിയമയുദ്ധത്തില്‍ ഏര്‍പ്പെട്ടു. 1990ല്‍ വിധി കിയേണ്‍സിന് അനുകൂലമായി. ഫോര്‍ഡിന് 10 മില്ല്യണ്‍ ഡോളറും ക്രൈസ്‌ലറിന് 20 മില്ല്യണ്‍ ഡോളറും കോടതി പിഴയിട്ടപ്പോള്‍ ഒരു ദശാബ്ദത്തിലേറെ നീണ്ട നിയമയുദ്ധത്തിന് പരിസമാപ്തി.

Comments

comments

Categories: Auto, Editorial, World