ഐഎല്‍ ആന്‍ഡ്എഫ്എസ് ലോണ്‍ സ്റ്റാറുമായി കൈകോര്‍ക്കുന്നു

ഐഎല്‍ ആന്‍ഡ്എഫ്എസ്  ലോണ്‍ സ്റ്റാറുമായി കൈകോര്‍ക്കുന്നു

ഇന്ത്യയിലെ കിട്ടാക്കടങ്ങള്‍ ഏറ്റെടുക്കും

മുംബൈ: പശ്ചാത്തല സൗകര്യ നിക്ഷേപക കമ്പനി ഐഎല്‍ ആന്‍ഡ്എഫ്എസ് ആഗോള സ്വകാര്യ നിക്ഷേപകരായ ലോണ്‍ സ്റ്റാര്‍ ഫണ്ട്‌സുമായി ചേര്‍ന്ന് നിഷ്‌ക്രിയ ആസ്തികള്‍ വാങ്ങുന്നതിന് പുതു സംരംഭം തുടങ്ങുന്നു. ഇന്ത്യയിലെ കിട്ടാക്കടങ്ങള്‍ ഫണ്ട് ഏറ്റെടുക്കും. നിഷ്‌ക്രിയ ആസ്തി ഏറ്റെടുക്കല്‍ സ്ഥാപനത്തിന് 550 മില്ല്യണ്‍ ഡോളറിന്റെ മൂലധനമുണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ബാങ്കുകള്‍, സ്വകാര്യ നിക്ഷേപകര്‍, ആസ്തി പുനര്‍നിര്‍മാണ കമ്പനികള്‍ എന്നിവയെ മൂലധനം പുതുക്കുന്നതിന് പുതിയ ഫണ്ട് സഹായിക്കും. അതുവഴി പുതു പദ്ധതികളില്‍ അവര്‍ക്ക് പുനര്‍നിക്ഷേപം നടത്താന്‍ സാധിക്കുകയും ചെയ്യും.

1995ല്‍ സ്ഥാപിതമായ ലോണ്‍ സ്റ്റാര്‍ ആഗോളതലത്തില്‍ കമ്പനികള്‍, റിയല്‍ എസ്റ്റേറ്റ്, ഓഹരി, ക്രെഡിറ്റ്, മറ്റ് ധനകാര്യ ആസ്തികള്‍ എന്നിവയില്‍ നിക്ഷേപിച്ചിരുന്നു. പൊതുമേഖല, കോര്‍പ്പറേറ്റ് ജീവനക്കാര്‍, വിരമിച്ചവര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പെന്‍ഷന്‍ ഫണ്ടുകളിലും മെഡിക്കല്‍ റിസര്‍ച്ച്, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ ലോണ് സ്റ്റാര്‍ ഇതുവരെ 70 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു. ധനസഹായവും സഹ നിക്ഷേപകരുടെ ഏറ്റെടുക്കലും ഉള്‍പ്പെടെ 180 ബില്ല്യണ്‍ ഡോളറിന്റെ മൂല്യമുള്ള 1,350 ലധികം ഇടപാടുകള്‍ കമ്പനിക്കുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

അടിസ്ഥാനസൗകര്യ ആസ്തികള്‍ പുതുക്കുന്നതിനുവേണ്ടിയാണ് ഐഎല്‍ ആന്‍ഡ്എഫ്എസുമായി സഹകരിക്കാന്‍ തയാറായത്. പശ്ചാത്തല വികസന പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ ഐഎല്‍ ആന്‍ഡ്എഫ്എസിന് ഈ പങ്കാളിത്തം ഗുണംചെയ്യുമെന്ന് ലോണ്‍ സ്റ്റാറിന്റെ ഏഷ്യ പസഫിക്ക് പ്രസിഡന്റ് മാര്‍ക്ക് ന്യൂമാന്‍ പറഞ്ഞു.

രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന മേഖല നവീകരണത്തിനുള്ള തയാറെടുപ്പിലാണ്. ലോണ്‍ സ്റ്റാറുമായുള്ള പങ്കാളിത്തം പ്രത്യക്ഷ വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വഴിയൊരുക്കുമെന്ന് ഐഎല്‍ ആന്‍ഡ്എഫ്എസ് ചെയര്‍മാന്‍ രവി പാര്‍ത്ഥസാരഥി പറഞ്ഞു.

Comments

comments