ഓസ്‌കര്‍ വേദിയിലെ തിളക്കം

ഓസ്‌കര്‍ വേദിയിലെ തിളക്കം

ഓസ്‌കര്‍ എന്ന പേരിനുമപ്പുറം 89 വര്‍ഷക്കാലത്തെ ചരിത്രമാണ് ഈ പുരസ്‌കാരത്തിന് പറയുവാനുള്ളത്. ഓരോ ഓസ്‌കറിനും ഓരോ പ്രത്യേകതകളുണ്ടാവും. ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ നടന്ന പ്രത്യേകതകള്‍ നിറഞ്ഞ ചില സംഭവങ്ങളിതാ…

സിനിമയെ ഇഷ്ടപ്പെടാത്തവര്‍ ആരും തന്നെയുണ്ടാവില്ല. സിനിമാപ്രേമികള്‍ എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് ഓസ്‌കാര്‍ എന്നറിയപ്പെടുന്ന അക്കാദമി അവാര്‍ഡ്. സംവിധായകര്‍, തിരക്കഥാകൃത്തുകള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്ര രംഗത്തെ പ്രവര്‍ത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് നല്‍കുന്ന പുരസ്‌കാരമാണ് ഓസ്‌കാര്‍ അവാര്‍ഡുകള്‍. ലോകത്തിലെ ഏറ്റവുമധികം ആളുകള്‍ വീക്ഷിക്കുന്ന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങായ ഇത് ഏറെ പ്രൗഢഗംഭീരമാണ്. 1927ല്‍ അഭിനേതാവ് ആയ കോണ്‍റഡ് നീകല്‍ ആണ് ഈ ആശയത്തെ മുമ്പോട്ട് വെക്കുന്നത്. 1931ല്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി ആയിരുന്ന മേരിയറ്റ് ഹാരിസണ്‍ ഈ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നില്‍ വെച്ച് 250ല്‍ താഴെ ആള്‍ക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാര്‍ഡുകള്‍ നല്‍കിയത്. ആദ്യ വര്‍ഷത്തിനു ശേഷം റേഡിയോയിലും പിന്നീട് 1953 മുതല്‍ ടെലിവിഷനിലും ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യുന്നു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ആള്‍ക്കാര്‍ കണ്ണിമ ചിമ്മാതെ വീക്ഷിക്കുന്ന ഒരു ടെലിവിഷന്‍ പരിപാടി കൂടിയാണ് ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങ്.

ബെന്‍ഹര്‍(1959), ദ ലോര്‍ഡ് ഓഫ് ദ റിങ്‌സ് : ദ റിട്ടേണ്‍ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങളാണ് ഏറ്റവുമധികം തവണ ഓസ്‌കര്‍ പുരസ്‌കാരം നേടിയത്. 11 വീതം ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതല്‍ തവണ ഓസ്‌കര്‍ നേടിയത് വാള്‍ട്ട് ഡിസ്‌നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985ല്‍ ഗാന്ധി എന്ന ചിത്രത്തിലെ വേഷവിധാനത്തിനും 1992ല്‍ സത്യജിത് റേ സ്‌പെഷല്‍ ഓസ്‌കാറും സ്വന്തമാക്കിയിരുന്നു. 2009ല്‍ മികച്ച ഗാനത്തിനും സംഗീതത്തിനും എ ആര്‍ റഹ്മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാര്‍ഡ് റസൂല്‍ പൂക്കുട്ടിക്കും ലഭിച്ചു. അമേരിക്കയിലാണ് ഓസ്കാര്‍ നല്‍കുന്നതെങ്കിലും ലോകം മുഴുവന്‍ ഈ അവാര്‍ഡിനായി കാത്തിരിക്കുന്നു. ഈ വര്‍ഷത്തെ 89-ാമത് ഹോളിവുഡ് ഓസ്‌കാര്‍ പുരസ്‌കാര നിശ ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററിലാണ് അരങ്ങേറിയത്.

തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാവരുടെയും ആകര്‍ഷണം പിടിച്ചു പറ്റുന്ന വേദി. അക്കാദമി അവാര്‍ഡുകള്‍ അഥവാ ഓസ്‌കറിന് ഇതിലും നല്ല ഒരു വിശേഷണം ലഭിക്കുക അല്‍പ്പം ബുദ്ധിമുട്ട് തന്നെ. ഒരു പക്ഷെ ഓസ്‌കര്‍ അവതാരകനായ ജിമ്മി കിമ്മല്‍ തമാശകളിലൂടെ വേദി കീഴടക്കിയതുകൊണ്ടാകാം. അസാധാരണത്വം നിറഞ്ഞ ഹിറ്റ് സിനിമകളും ആശ്ചര്യകരമാം വിധത്തില്‍ അവസാന നിമിഷങ്ങളില്‍ തല കീഴായി നടന്ന മാറ്റങ്ങളുമൊക്കെ ഓസ്‌കാര്‍ വേദിയിലെ പ്രത്യേകത തന്നെ. എന്നിരുന്നാലും ഒരുപാട് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്ന വിധത്തിലുള്ള കാര്യങ്ങളും ഓസ്‌കര്‍ ദിവസം സംഭവിക്കുന്നു എന്നതില്‍ സംശയമില്ല.

എല്ലായ്‌പ്പോഴും ഒരു പ്രമേയത്തില്‍ അധിഷ്ഠിതമായിട്ടായിരിക്കും ഓസ്‌കര്‍ വിരുന്നൊരുക്കുന്നത്. മണിക്കൂറുകളോളം നീണ്ടു നില്‍ക്കുന്ന വര്‍ണാഭമായ പരിപാടികള്‍. പലപ്പോഴും താരങ്ങള്‍ ഭൂമിയിലിറങ്ങി വരുന്നതു പോലുള്ള കാഴ്ചയാവും ഓസ്‌കാര്‍ കാണികള്‍ക്ക് സമ്മാനിക്കുക. ഹോളിവുഡിന്റെ സൗന്ദര്യവും മനോഹാരിതയുമൊക്കെ വിനയം, കഠിനാദ്ധ്വാനം, കഷ്ടപ്പാടുകള്‍ എന്നിവയുടെ ആകെത്തുകയാണെന്ന തരത്തിലുള്ള കാഴ്ചകളായിരിക്കും പലപ്പോഴും ഓരോ ഓസ്‌കര്‍ വേദിയും നമ്മെ ഓര്‍മിപ്പിക്കുന്നത്. അസാധ്യമായ കാര്യം നേടിയെടുക്കുന്നതിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കുകയെന്നതും പലപ്പോഴും ഓരോ താരങ്ങളിലൂടെ ഓസ്‌കാര്‍ വേദിയില്‍ അനര്‍ഥമാകുന്നത് നമുക്ക് കാണാന്‍ സാധിക്കും. ഓരോ ഓസ്‌കാര്‍ ദിവസവും ഇത്തരത്തിലുള്ള എന്തെങ്കിലുമൊക്കെ പ്രത്യേകതകള്‍ ഉണ്ടായേക്കാം. ഈ വര്‍ഷം നടന്ന 89-ാമത് ഓസ്‌കാറിന്റെ ശ്രദ്ധയാകര്‍ഷിച്ച ചില നിമിഷങ്ങളിതാ.

യഥാര്‍ഥ ഹീറോയെ തിരിച്ചറിയുന്നത്

നാസ ജീവനക്കാരായ കാതറീന്‍ ജോണ്‍സണ്‍, ഡൊറോത്തി വൗഗാന്‍, മേരി ജാക്‌സണ്‍ എന്നിവരുടെ ആരാലും അറിയപ്പെടാതെ പോയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തികച്ചും പ്രചോദനാത്മകമായ കഥ പറയുന്ന സിനിമയാണ് ഹിഡന്‍ ഫിഗേഴ്‌സ്. ജോണ്‍ ഗ്ലെന്നിനെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ അമേരിക്കകാരന്‍ ആക്കുന്നതിന് കാരണമായതും ഇവര്‍ തന്നെ. തന്റെ ജീവിതം തിരശ്ശീലയില്‍ എത്തിക്കുന്നതിന് കാരണമായ മൂന്ന് അഭിനേത്രികള്‍ക്കൊപ്പം കാതറിന്‍ ജോണ്‍സണും വേദിയിലെത്തിയെന്നത് ഈ വര്‍ഷത്തെ ഓസ്‌കാറിനെ വ്യത്യസ്തമാക്കി. വീല്‍ച്ചെയറില്‍ വേദിയിലെത്തിയ അവരെ എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവം നടത്തിയാണ് കാണികള്‍ വരവേറ്റത്. മൂന്ന് അമേരിക്കന്‍ വനിതാ ഗണിതശാസ്ത്ര വിദഗ്ദരുടെ കഥയാണ് ഹിഡന്‍ ഫിഗേഴ്‌സില്‍ പറയുന്നത്. 1950കളിലും 60കളിലും നാസയുടെ നേതൃത്വത്തില്‍ നടന്ന ശൂന്യാകാശ യാത്രകളില്‍ കാതറീന്റെ പങ്ക് ഏറെ നിര്‍ണായകമായിരുന്നു. 98കാരിയായ കാതറീന് ഹോളിവുഡ് ആദരം നല്‍കിയപ്പോള്‍ നന്ദി എന്ന ഒറ്റവാക്കില്‍ അവര്‍ തന്റെ മറുപടി ചുരുക്കുകയായിരുന്നു, ഓസ്‌കാര്‍ മികച്ച സഹനടിക്കുള്ള ഓസ്‌കാര്‍ നേടിയ വിയോള ഡേവിസ്.
ചരിത്രം സൃഷ്ടിച്ച അവാര്‍ഡ്

മികച്ച സഹനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം ഇത്തവണ സ്വന്തമാക്കിയത് കറുത്തവര്‍ഗക്കാരിയായ വിയോള ഡേവിസ്. അഭിനയത്തിന് എമ്മി, ടോണി, ഓസ്‌കര്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായ വനിത എന്ന നേട്ടമാണ് ഇതുവഴി അവരെ തേടിയെത്തിയത്. സ്വപ്‌നങ്ങളും സ്‌നേഹവും നഷ്ടപ്പെട്ടവരുടെ കഥകളാണ് താന്‍ പറഞ്ഞതെന്ന് പുരസ്‌കാരം സ്വീകരിച്ചുക്കൊണ്ട് വിയോള പറഞ്ഞു. മികച്ച തിരക്കഥയുടെ യഥാര്‍ത്ഥ ശക്തിയാണ് ഈ പുരസ്‌കാരം വഴി വെളിച്ചത്തു കൊണ്ടുവരുന്നതിന് സാധിച്ചതെന്ന് അവര്‍ വ്യക്തമാക്കി. ‘ കഴിവുകളെല്ലാമുള്ളവരും ഇല്ലാത്തവരുമൊക്കെ ഒരുമിച്ചു കൂടുന്ന ഒരിടമുണ്ട്. അത് ശവകുടീരമാണ്. ഒരുപാട് സ്വപ്‌നം കണ്ട്, എന്നാല്‍ ആ സ്വപ്‌നങ്ങളൊന്നും യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവരുടെ, ഒരുപാട് സ്‌നേഹിച്ച് എന്നാല്‍ അതെല്ലാം നഷ്ടപ്പെട്ടവരുടെ മൃതശരീരങ്ങള്‍ കുഴിച്ചെടുത്ത്, ആ കഥകള്‍ പുറത്തെടുക്കുന്നതിനാണ് എനിക്ക് താല്‍പര്യം. ഞാന്‍ ഒരു കലാകാരിയായി. ദൈവത്തിന് നന്ദി. കാരണം ജീവിതം എന്താണെന്ന് ആഘോഷിക്കുന്ന ഏക കല ഇതാണ്,’ പുരസ്‌കാരം സ്വീകരിച്ച് വിയോള പറഞ്ഞു. സാധാരണക്കാരെ മഹത്വവല്‍കരിച്ച, അവരുടെ ജീവിതം കുഴിച്ചെടുത്ത ഓഗസ്റ്റ് വില്‍സണുവേണ്ടി വിയോള അവാര്‍ഡ് സമര്‍പ്പിച്ചു.

എവിടെയും ലാ ലാ ലാന്‍ഡ്

ഈ ഓസ്‌കര്‍ അവാര്‍ഡ് വേളയില്‍ ‘ലാ ലാ ലാന്‍ഡ്’ ആധിപത്യമായിരുന്നു കാണാനുണ്ടായിരുന്നത്. സംഗീതവും പ്രണയവും നിറഞ്ഞ ചിത്രം 14 നോമിനേഷനുകളുമായി ഓസ്‌കര്‍ വേദിയിലെത്തി ആറ് പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടി, സംവിധായകന്‍, ഛായാഗ്രഹണം, ഒറിജിനല്‍ സംഗീതം, ഒറിജിനല്‍ സ്‌കോര്‍ എന്നീ പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡിന് ലഭിച്ചത്. പ്രശസ്ത സംവിധായകന്‍ ഡാമിയന്‍ കാസെല്ലയുടെ സംവിധാനത്തിലാണ് ഈ അമേരിക്കന്‍ സിനിമ അണിഞ്ഞൊരുങ്ങിയത്. 2010 ലാണു കാസെല്ല ഇതിന്റെ തിരക്കഥ ഒരുക്കിയത്. പിന്നീടുള്ള കാലം ഈ ചിത്രം നിര്‍മിക്കുന്നതിന് ആവശ്യമായ വിധത്തിലുള്ള സ്റ്റുഡിയോ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. താന്‍ മനസില്‍ കാണുന്ന കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. 2014 ല്‍ ഡാമിയന്‍ കാസെല്ലെയുടെ ചിത്രമായ വിപ്ലാഷ് നേടിയ വിജയത്തെത്തുടര്‍ന്ന് സമ്മിറ്റ് എന്റര്‍ടെയിന്‍മെന്റ് ഈ പ്രോജക്റ്റ് ഏറ്റെടുക്കുകയായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍ എന്ന നേട്ടവും ഇനി ഡാമിയന്‍ കസെല്ലയുടെ പേരില്‍. 86 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഈ 32കാരന്‍ തിരുത്തിയത്. 1931 ല്‍ 32 വയസ് തികഞ്ഞ് 260-ാം ദിവസം ഓസ്‌കാര്‍ നേടിയ നോര്‍മാന്‍ തൊറങിന്റെ റെക്കോഡാണ് ഇതൊടെ പഴങ്കഥയായത്. 32 വയസ് തികഞ്ഞ് 38-ാം ദിവസമാണ് ഡാമിയന്‍ കാസെല്ലയെ തേടി മികച്ച സംവിധായകനുള്ള പുരസ്‌കാരമെത്തിയത്.

അവസാന നിമിഷത്തെ മാറിമറിയലുകള്‍

ഓസ്‌കര്‍ പോലൊരു അവാര്‍ഡ് പ്രഖ്യാപന സമയത്ത് ഒരു റിസല്‍റ്റ് തന്നെ തെറ്റായി പ്രഖ്യാപിക്കേണ്ടി വന്നാല്‍ എന്താകും അവസ്ഥ. അതും മികച്ച ചിത്രത്തിനുള്ളതാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഈ വര്‍ഷത്തെ ഓസ്‌കര്‍ വേദിയില്‍ സംഭവിച്ചത് ഇതാണ്. അവതാരകരുടെ പിഴവ് മൂലം ലാ ലാ ലാന്‍ഡ് അണിയറ പ്രവര്‍ത്തകര്‍ക്ക് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് വാങ്ങാതെ തിരിച്ചിറങ്ങേണ്ടതായി വന്നു. പുരസ്‌കാര ജേതാക്കളുടെ പേരെഴുതിയ കവര്‍ മാറിയതിനാല്‍ മൂണ്‍ലൈറ്റിന് അര്‍ഹതപ്പെട്ട പുരസ്‌കാരം ലാ ലാ ലാന്‍ഡിന് പ്രഖ്യാപിക്കുകയായിരുന്നു. ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ലാ ലാ ലാന്‍ഡിനെ മികച്ച ചിത്രമായി പ്രഖ്യാപിച്ചപ്പോള്‍ ആര്‍ക്കും സംശയമൊന്നും തോന്നിയതുമില്ല. അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായി ലാ ലാ ലാന്‍ഡിന്റെ നിര്‍മാതാക്കള്‍ വേദിയിലെത്തിയതിനു ശേഷമാണ് പ്രഖ്യാപിക്കപ്പെട്ട അവാര്‍ഡ് മാറിയതായി അവതാരകന്‍ പറയുന്നത്. തുടര്‍ന്ന് മൂണ്‍ലൈറ്റിന്റെ നിര്‍മാതാക്കള്‍ എത്തി പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു.

അമ്മയും മകനും

പുലിറ്റ്‌സര്‍, എമ്മി, ഗ്രാമി, റ്റോണി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ലിന്‍ മാനുവല്‍ മിറാന്‍ഡയും അമ്മയും മ്യൂസിക്കല്‍ ഹാമില്‍ട്ടണിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡിസ്‌നിയുടെ മോണയ്ക്ക് വേണ്ടി അദ്ദേഹം ഒരുക്കിയ ഈണത്തിന് മികച്ച ഒറിജിനല്‍ സംഗീതത്തിനുള്ള അവാര്‍ഡ് നേടുന്നതിന് സാധിച്ചിരുന്നില്ല. എങ്കിലും തന്റെ സംഗീതത്തിലൂടെ അവിടെ കൂടിയിരുന്ന ആള്‍ക്കാര്‍ക്ക് മുമ്പില്‍ മധുരകരമായ നിമിഷങ്ങള്‍ പങ്കുവെക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ഓസ്‌കര്‍ വേദിയില്‍ കൂടിയിരുന്നര്‍ക്കെല്ലാം ഏറെ ഹൃദ്യമായ നിമിഷങ്ങളായിരുന്നു ഇത് സൃഷ്ടിച്ചത്. ആ ചെറിയ സംഭവം ഇങ്ങനെയാണ്. ഓസ്‌കര്‍ അവാര്‍ഡ് അവതാരകനായ ജിമ്മി കിമ്മല്‍ മിറന്‍ഡയോടും അദ്ദേഹത്തിന്റെ അമ്മയെയോടും വേദിയില്‍ വെച്ച് പറഞ്ഞ ചില കാര്യങ്ങളാണ്. കിമ്മല്‍ അദ്ദേഹത്തിന്റെ അമ്മയോട് പറഞ്ഞത് ഇങ്ങനെയാണ്, ‘ നിങ്ങളുടെ മകന്‍ ഒരു അമേരിക്കന്‍ നിധിയാണ്, അതെനിക്കറിയാമെന്നായിരുന്നു മിറന്‍ഡയുടെ അമ്മ അദ്ദേഹത്തിന് നല്‍കിയ മറുപടി. ഓസ്‌കര്‍ അവാര്‍ഡിനായി കൂടിയവര്‍ക്ക് നവ്യമായ ഒരു അനുഭവമായിരുന്നു ഇത് നല്‍കിയത്.

 

ഓസ്‌കര്‍ അവാര്‍ഡ് നേടിയവര്‍

മികച്ച ചിത്രം: മൂണ്‍ലൈറ്റ്
മികച്ച നടന്‍: കാസെ അഫ്‌ളെക്ക് (ചിത്രം: മാന്‍ചെസ്റ്റര്‍ ബൈ ദ സീ)
മികച്ച നടി: എമ്മ സ്റ്റോണ്‍ (ചിത്രം: ലാ ലാ ലാന്‍ഡ്)
മികച്ച സംവിധായകന്‍: ഡാമിയന്‍ കാസെല്ല (ചിത്രം: ലാ ലാ ലാന്‍ഡ്)
മികച്ച സഹനടന്‍: മഹെര്‍ഷലാ അലി (ചിത്രം:മൂണ്‍ലൈറ്റ്)
മികച്ച സഹനടി: വിയോള ഡേവിസ് (ചിത്രം: ഫെന്‍സസ്)
മികച്ച വിദേശ ഭാഷാ ചിത്രം: ദ സെയില്‍സ്മാന്‍ (ഇറാന്‍)
മികച്ച തിരക്കഥ: കെന്നത്ത് ലോനെര്‍ഗാന്‍ ( മാന്‍ചെസ്റ്റര്‍ ബൈ ദ സീ)
മികച്ച ഗാനം: സിറ്റി ഓഫ് സ്റ്റാര്‍സ് (ലാ ലാ ലാന്‍ഡ് )
മികച്ച പശ്ചാത്തലം സംഗീതം: ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ് (ലാ ലാ ലാന്‍ഡ് )
മികച്ച ഛായാഗ്രഹണം: ലിനസ് സാന്‍ഡ്‌ഗ്രെന്‍(ലാ ലാ ലാന്‍ഡ്)
വിഷ്വല്‍ എഫക്റ്റ്‌സ്: ജംഗിള്‍ ബുക്ക്
ഫിലിം എഡിറ്റിങ്: ജോണ്‍ ഗില്‍ബേര്‍ട്ട് (ഹാക്ക്‌സോ റിഡ്ജ് )

 

Comments

comments