ഫ്രഞ്ച് ലീഗ് – പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയം

ഫ്രഞ്ച് ലീഗ് – പാരിസ് സെന്റ് ജെര്‍മെയ്ന്‍ തകര്‍പ്പന്‍ ജയം

മാഴ്‌സെല്ലെയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

പാരിസ്: ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാരായ പാരിസ് സെന്റ് ജെര്‍മെയ്‌ന് തകര്‍പ്പന്‍ ജയം. എവേ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് മാഴ്‌സെല്ലെയെയാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. മാര്‍ക്വുഞ്ഞോസ്, എഡിസണ്‍ കവാനി, ലൂക്കാസ് മൗറ, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ബ്ലെയ്‌സ് മറ്റിയൂഡി എന്നിവരാണ് പാരിസ് സെന്റ് ജെര്‍മെയ്‌ന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.

ആദ്യപകുതിയുടെ ആറ്, പത്ത് മിനുറ്റുകളിലായിരുന്നു യഥാക്രമം ബ്രസീലിയന്‍ താരമായ മാര്‍ക്വുഞ്ഞോസ്, ഉറുഗ്വായ് സ്‌ട്രൈക്കറായ എഡിസണ്‍ കവാനി എന്നിവരുടെ ഗോളുകള്‍. രണ്ടാം പകുതിയുടെ 50, 61, 72 മിനുറ്റുകളിലാണ് യഥാക്രമം ബ്രസീലിയന്‍ താരമായ ലൂക്കാസ് മൗറ, ജര്‍മനിയുടെ ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ഫ്രഞ്ച് താരമായ ബ്ലെയ്‌സ് മറ്റിയൂഡി എന്നിവര്‍ സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ 70-ാം മിനുറ്റില്‍ ഫ്രഞ്ച് താരമായ റോഡ് ഫാന്നിയിലൂടെയായിരുന്നു മാഴ്‌സെല്ലെയുടെ ആശ്വാസ ഗോള്‍. അതേസമയം, പിഎസ്ജിയുടെ തകര്‍പ്പന്‍ ജയം യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാംപാദ മത്സരത്തില്‍ ഇവരെ നേരിടാനൊരുങ്ങുന്ന സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയ്ക്ക് തലവേദനയാണ്. ആദ്യപാദത്തില്‍ ബാഴ്‌സലോണയെ പിഎസ്ജി 4-0ത്തിന് തകര്‍ത്തിരുന്നു.

ഫ്രഞ്ച് ലീഗിലെ മറ്റ് മത്സരങ്ങളില്‍ ലിയോണ്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മെറ്റ്‌സിനെയും മൊണാക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗുയിന്‍ഹാംപിനെയും സിയെന്‍ ഏകപക്ഷീയമായ ഒരു ഗോളിന് സെയ്ന്റ് എറ്റിയെനെയും പരാജയപ്പെടുത്തി. ഫ്രഞ്ച് ലീഗിലെ ഇരുപത്തേഴ് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 62, 59, 59 പോയിന്റുകളുമായി യഥാക്രമം മൊണാക്കോ, പിഎസ്ജി, നൈസ് ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍.

Comments

comments

Categories: Sports