നാലു കമ്പനികള്‍ പാക്കേജ്ഡ് ഉല്‍പ്പന്ന വില ഉയര്‍ത്തിയേക്കും

നാലു കമ്പനികള്‍ പാക്കേജ്ഡ്  ഉല്‍പ്പന്ന വില ഉയര്‍ത്തിയേക്കും

ബ്രിട്ടാനിയ, അമൂല്‍, ഡാബര്‍, പാര്‍ലെ എന്നിവയാണ് വില വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ അളവു കുറയ്ക്കാനോ നീക്കമിടുന്നത്
ന്യൂഡെല്‍ഹി: ബ്രിട്ടാനിയ, അമൂല്‍, ഡാബര്‍, പാര്‍ലെ എന്നിവ പാക്കേജ്ഡ് ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ത്താനോ അല്ലെങ്കില്‍ അളവ് കുറയ്ക്കാനോ നീക്കമിടുന്നു. അവശ്യ വസ്തുക്കളായ പഞ്ചസാര, പാല്‍പ്പൊടി, പാമോയില്‍ എന്നിവയുടെ വിലയില്‍ 20-80 ശതമാനം വര്‍ധനവുണ്ടായ സാഹചര്യത്തിലാണിത്. അങ്ങനെയെങ്കില്‍ ബിസ്‌കറ്റ്, ഐസ്‌ക്രീം, സോപ്പ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടിവരും.

നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ ചെലവിടല്‍ കുറച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധികള്‍ക്കിടെയാണ് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികള്‍ വില ഉയര്‍ത്തലിനും അളവ് കുറയ്ക്കലിനുമൊക്കെ തയാറെടുക്കുന്നത്. നോട്ട് പിന്‍വലിക്കലിനു പിന്നാലെ വില്‍പ്പന ഇടിഞ്ഞിരുന്നു. കുറഞ്ഞത് നാലു പാദങ്ങളിലെങ്കിലും ഇതു കമ്പനികളുടെ വളര്‍ച്ചയെ ബാധിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പഞ്ചസാരയുടെയും പാല്‍പ്പൊടിയുടെയും വില വര്‍ധിച്ചതിനാലാണ് അമൂലിന്റെ ഉല്‍പ്പന്നങ്ങളുടെ വില അഞ്ചു മുതല്‍ എട്ട് ശതമാനം വരെ കൂട്ടാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. മറ്റ് ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനികളായ പാര്‍ലെയും ഡാബറും ഒന്നുകില്‍ പായ്ക്കറ്റുകളിലെ അളവ് കുറയ്ക്കുകയോ അല്ലെങ്കില്‍ പരോക്ഷ വില വര്‍ധനവിന് ഇടയാക്കുന്ന ഘടകമായ പരസ്യം കുറയ്ക്കുകയോ ചെയ്യും.

ഉല്‍പ്പാദനത്തിന് ആവശ്യമായ വസ്തുക്കളുടെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടുന്നതിന് വേണ്ടിയാണ് ബിസ്‌കറ്റുകളുടെ വില 6-7 ശതമാനം ഉയര്‍ത്താന്‍ ആലോചിക്കുന്നതെന്ന് ബ്രിട്ടാനിയ ഗുഡ്‌ഡേ ബിസ്‌കറ്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ വരുണ്‍ ബെറി പറഞ്ഞു.

ഇന്ത്യയിലെ മൂന്നാമത്തെ സോപ്പ് ബ്രാന്‍ഡായ സന്തൂറിന്റെ വില ഏകദേശം അഞ്ചു ശതമാനം ഉയര്‍ത്തുമെന്ന് വിപ്രോ കണ്‍സ്യൂമര്‍കെയറും അറിയിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കമ്പനി സോപ്പിന്റെ വില ഇത്രയധികം ഉയര്‍ത്തുന്നതെന്ന് വിപ്രോയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായ വിനീത് അഗര്‍വാള്‍ വ്യക്തമാക്കി.

സോപ്പിന്റെ പ്രധാന നിര്‍മ്മാണ ഘടകമായ പാമോയിലിന്റെ വില വര്‍ധനവാണ് സന്തൂറിന്റെ വില ഉയര്‍ത്താനുള്ള തീരുമാനത്തിന് കാരണം. ചെലവ് സമ്മര്‍ദ്ദങ്ങള്‍ ഇപ്പോള്‍ തന്നെ അധികമാണ്. മികച്ച വളര്‍ച്ചയിലാണ് കമ്പനി എല്ലായ്‌പ്പോഴും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു.

നാലു വര്‍ഷത്തിനുശേഷമാണ് മധുരപലഹാരങ്ങള്‍, സ്‌നാക്‌സ് എന്നീ വിഭാഗങ്ങളുടെ അളവ് കുറയ്ക്കുന്നതെന്ന് പാര്‍ലെ പ്രൊഡക്റ്റ്‌സിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ബി കെ റാവു പറഞ്ഞു.
ഉല്‍പ്പന്നത്തിന്റെ അളവ് കുറച്ച് നിലവിലെ വിലയില്‍ തന്നെ വില്‍ക്കുന്നതിനോടൊപ്പം സൗജന്യങ്ങള്‍ നിര്‍ത്തലാക്കാനും ചില കമ്പനികള്‍ പദ്ധതിയിടുന്നുണ്ട്.

വില വര്‍ധനവിന്റെ പ്രധാന ഘടകമായ പരസ്യചെലവ് ചുരുക്കാന്‍ ശ്രമിക്കുമെന്ന് ഡാബറിന്റെ വാട്ടിക ഷാംപു, റിയല്‍ ജ്യൂസ് എന്നിവയുടെ സിഇഒയായ സുനില്‍ ദുഗല്‍ വിശദമാക്കി. വില ഉയര്‍ത്തുന്നതിന് മുന്‍പ് നിലവിലെ പാദത്തില്‍ വ്യാപ്തി സുസ്ഥിരമാക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 മുതല്‍ ഇന്ത്യയിലെ ഉപഭോക്തൃ ഉല്‍പ്പന്ന മേഖലയില്‍ ആവശ്യകത കുറഞ്ഞിട്ടുണ്ടെന്ന് ഫിനാന്‍ഷ്യല്‍ അഡൈ്വസറി സര്‍വീസ് കമ്പനിയായ റിലിഗര്‍ കാപ്പിറ്റല്‍ മാര്‍ക്കറ്റിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Comments

comments

Categories: Branding, Life, Trending