അച്ഛന്റെ മകള്‍

അച്ഛന്റെ മകള്‍

ഐഎഎസ് ഓഫീസറായി മാറുന്നതു വഴി അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്ന ദൗത്യമായിരുന്നു കിന്‍ജാല്‍ സിംഗ് എന്ന പെണ്‍കുട്ടിക്കുണ്ടായിരുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നത്.

നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങളായി വ്യാജ ഏറ്റുമുട്ടലുകള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. നിഷ്‌കളങ്കരായ നിരവധി ആള്‍ക്കാരുടെ മരണത്തിനാണ് പലപ്പോഴും വ്യാജ ഏറ്റുമുട്ടലുകള്‍ വഴിവെക്കുന്നത്. ഇത്തരത്തിലുള്ള മരണങ്ങള്‍ സംഭവിക്കും വരെ പലപ്പോഴും ഏറ്റുമുട്ടലുകള്‍ തുടരുകയും ചെയ്യുന്നു. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരത്തിലുള്ള ഒരു വ്യാജ ഏറ്റുമുട്ടല്‍ ഉത്തര്‍പ്രദേശിലെ ഗോന്‍ഡ ജില്ലയിലും നടന്നിട്ടുണ്ട്. ആ ഏറ്റുമുട്ടലില്‍ 13 ആള്‍ക്കാരുടെ ജീവനാണ് വിധിയെടുത്തത്. കെപി സിംഗ് എന്ന ഡെപ്യൂട്ടി സൂപ്രണ്ട് പൊലീസ് ഉദ്യോഗസ്ഥനും അക്കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം നീതി ലഭിക്കുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ മകള്‍ കിന്‍ജല്‍ സിംഗിന് ഒരുപാട് പൊരുതേണ്ടി വന്നു. തന്റെ അച്ഛന്റെ മരണത്തിനു പിന്നിലുള്ള എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്നതിനായി അമ്മയോടൊപ്പം കോടതി വരാന്തകള്‍ കയറിയറങ്ങിയത് കിന്‍ജല്‍ ആയിരുന്നു.

വളരെ ചെറുപ്രായത്തില്‍ തന്നെ സമപ്രായക്കാരായ കുട്ടികള്‍ കളിച്ചു രസിച്ചു സമയം ചെലവിടുമ്പോള്‍ ഉത്തര്‍പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നും അമ്മ വിഭയ്‌ക്കൊപ്പം ഡെല്‍ഹിയിലെ സുപ്രീം കോടതിയിലേക്കുള്ള യാത്രകള്‍ക്കായിരുന്നു കിന്‍ജന്‍ സമയം ചെലവിട്ടിരുന്നത്. മകള്‍ക്കായി എല്ലാം ഉഴിഞ്ഞ് വെച്ച ശക്തയായ ഒരു അമ്മയും ഭാര്യയുമായിരുന്നു വിഭ. വരാണസിയിലെ ഒരു ട്രഷറിയില്‍ വിഭ ജോലി നേടിയെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം നീതി നേടിയെടുക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിനും മകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനുമായിരുന്നു അവര്‍ ജോലി നേടിയത്. നീതി നേടിയെടുക്കുന്നതിനുവേണ്ടി നീണ്ട 31 വര്‍ഷങ്ങളാണ് വിഭയ്ക്കും മകള്‍ക്കും പൊരുതേണ്ടി വന്നത്.

വ്യാജ ഏറ്റുമുട്ടലില്‍ സ്വന്തം സഹപ്രവര്‍ത്തകരാല്‍ മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു ഡിഎസ്പി കെപി സിംഗ്. ഒരുപാട് അഴിമതി, കൈക്കൂലി കേസുകള്‍ ചുമത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സരോജ്. താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സത്യസന്ധനായ സിംഗ് വെളിച്ചത്തു കൊണ്ടുവരുമോ എന്ന സരോജിന്റെ ആശങ്കയാണ് ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിക്കാന്‍ കാരണമായത്. മാധവ്പൂരിലെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും അതിനെ ചെറുത്തു തോല്‍പ്പിക്കുന്നതിനുമൊക്കെയായിട്ടാണ് സരോജ,് സിംഗിനെ അവിടേക്ക് കൂട്ടിക്കൊണ്ട് പോയന്നത്. അവിടത്തെ കുറ്റവാളികളെ വലയിലാക്കുക എന്നതായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും കൂടി കുറ്റവാളികളായ റാം ഭുലാവാന്‍, അര്‍ജുന്‍ പാസി എന്നിവര്‍ ഒളിവില്‍ താമസിക്കുന്നുവെന്ന് കരുതുന്ന കെട്ടിടത്തിന്റെ സമീപത്തേക്ക് എത്തുകയായിരുന്നു. സിംഗ് വാതിലില്‍ മുട്ടിയെങ്കിലും അതിന് മറുപടിയൊന്നും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് കെപി സിംഗ് രണ്ട് ചുവട് പിറകോട്ട് മാറി സരോജിനെ തിരിഞ്ഞ് നോക്കി. ആ സമയത്ത് സരോജ് കെപി സിംഗ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് മരിക്കുന്നതിനു മുമ്പ് സരോജിന്റെ പേരായിരുന്നു കെപി സിംഗ് പറഞ്ഞത്. കെപി സിംഗ് മാത്രമല്ല, 12 ഗ്രാമവാസികളും ഈ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി.

മരണമടഞ്ഞ അച്ഛന് നീതി ലഭിക്കുന്നതിനായി അമ്മയ്‌ക്കൊപ്പം കിന്‍ജാല്‍ ആയിരുന്നു കോടതിയെ സമീപിക്കാന്‍ ഒപ്പം പോയിരുന്നത്. എല്ലാ ദിവസവും ഉത്തര്‍പ്രദേശിലെ വീട്ടില്‍ നിന്നും ഡെല്‍ഹിയിലെ സുപ്രീം കോടതിയിലേക്കുള്ള യാത്രകളായിരുന്നു അവള്‍ നടത്തിയിരുന്നത്. അതിനിടയില്‍ പഠനത്തിനായി സമയം കണ്ടെത്തുകയെന്നതും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയെന്നതും അവളെ സംബന്ധിച്ചിടത്തോളം ദുഷ്‌കരമായ ഒരു കാര്യം തന്നെയായിരുന്നു. ഡെല്‍ഹിയിലെ അറിയപ്പെടുന്ന ലേഡി ശ്രീ റാം കോളെജായിരുന്നു അവള്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. എന്നാല്‍ അച്ഛനെ നഷ്ടപ്പെട്ട കിന്‍ജാലിനെയും സഹോദരിയെയും കാത്തിരുന്നത് മറ്റൊരു ദുരിതവാര്‍ത്തയായിരുന്നു. അമ്മ കാന്‍സര്‍ രോഗത്തിന് അടിപ്പെട്ടുക്കഴിഞ്ഞുവെന്ന വാര്‍ത്ത അവര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. രോഗത്തോട് കുറേ പൊരുതിയെങ്കിലും വിഭ വൈകാതെ തന്നെ മരണത്തിന് കീഴ്‌പ്പെട്ടു. ഭര്‍ത്താവിന് നീതി നേടിക്കൊടുക്കുന്നതിനായി തന്റെ പെണ്‍മക്കള്‍ രണ്ടുപേരും ഐഎഎസ് ഉദ്യോഗസ്ഥരായി തീരുമെന്ന് അവള്‍ക്കുറപ്പായിരുന്നു.

സത്യസന്ധനായ തന്റെ അച്ഛനെ കുറിച്ചും, മക്കളെ തനിച്ച് വളര്‍ത്തിയ ശക്തയായ തന്റെ അമ്മയെ കുറിച്ചും ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമാണ് മനസിലുള്ളതെന്നു കിന്‍ജാല്‍ പറയുന്നു. മരണമടഞ്ഞ ഭര്‍ത്താവിന് നേരിടേണ്ടി വന്ന അധര്‍മ്മത്തിനെതിരേ ഒറ്റയ്ക്ക് പടപൊരുതിയ ധീരയായ ഒരു സ്ത്രീയായിരുന്നു തന്റെ അമ്മയെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു വിധവയുടെ എല്ലാ പരിമിതികള്‍ക്കിടയിലും നിന്നുകൊണ്ടായിരുന്നു വിഭയുടെ പോരാട്ടങ്ങളൊക്കെയും. ഒരു ഐഎഎസ് ഓഫീസര്‍ ആയിത്തീരണമെന്നായിരുന്നു കെപി സിംഗിന്റെ സ്വപ്‌നം. അച്ഛന്റെ ആ സ്വപ്‌നം തങ്ങളില്‍ക്കൂടി പൂര്‍ത്തീകരിക്കുന്നതിനായിട്ടാണ് അദ്ദേഹത്തിന്റെ മക്കള്‍ ഇന്ന് പരിശ്രമിക്കുന്നത്.

അച്ഛന് പിന്നാലെ അമ്മയെയും വിധി തട്ടിയെടുത്തപ്പോള്‍ അതിന് മുമ്പില്‍ പകച്ചു നില്‍ക്കുകയായിരുന്നില്ല മക്കള്‍. അമ്മ മരിച്ചതിനു തൊട്ടുപിന്നാലെ കിന്‍ജാല്‍ തന്റെ പരീക്ഷകള്‍ക്കായി കോളെജിലേക്ക് മടങ്ങി. ബിരുദം നേടിയ ശേഷം തന്റെ അനുജത്തി പ്രന്‍ജാല്‍ സിംഗിനെയും കിന്‍ജാല്‍ ഡെല്‍ഹിയിലേക്ക് ഒപ്പം കൂട്ടി. തങ്ങളുടെ വലിയ സ്വപ്‌നങ്ങളിലേക്കുള്ള യാത്രയായിരുന്നു അവിടെ ഇരുവരും ചേര്‍ന്ന് നടത്തിയത്. യുപിഎസ്‌സി പരീക്ഷ എഴുതുന്നതിലും അതിനായി മുഴുവന്‍ സമയവും മാറ്റി വെക്കുന്നതിലുമായി ഇരുവരുടെയും മുഴുവന്‍ ശ്രദ്ധയും. അങ്ങനെ 2007ല്‍ ഇരുവരും യുപിഎസ്‌സി എന്ന കടമ്പ കടന്നു. കിന്‍ജാല്‍ 25-ാം റാങ്കും പ്രന്‍ജാല്‍ 252-ാം റാങ്കും കരസ്ഥമാക്കി.

തങ്ങളുടെ അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുക എന്ന ദൗത്യമായിരുന്നു ഇവര്‍ക്ക് മുമ്പില്‍ ഉണ്ടായിരുന്നത്. നിയമവ്യവസ്ഥിതിയെ ചോദ്യംചെയ്യാനുള്ള അവരുടെ തീരുമാനം ഏറെ ശക്തമായിരുന്നു. 2013ല്‍ ഡിഎസ്പി സിംഗിന്റെ മരണത്തിന് കാരണക്കാരായ 18 കുറ്റവാളികളെയും ലക്‌നൗവിലെ സിബിഐ സ്‌പെഷല്‍ കോടതി കുറ്റക്കാരായി വിധിച്ചു. 31 അമ്മയും മക്കളും 31 വര്‍ഷങ്ങള്‍ നടത്തിയ പോരാട്ടത്തിനൊടുവിലായിരുന്നു കോടതിയുടെ ഈ വിധി. അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ കിന്‍ജാലിന്റെ പ്രായം വെറും രണ്ടര വയസ്. അതുകൊണ്ട് തന്നെ അച്ഛനെക്കുറിച്ചുള്ള ഓര്‍മകളൊന്നും ആ മനസില്‍ ഉണ്ടായിരുന്നുമില്ല. എന്നാല്‍ നീതി നേടിയെടുക്കുന്നതിനായി 2004ല്‍ മരണത്തിന് കീടങ്ങുന്നതു വരെ അമ്മ നടത്തിയ പോരാട്ടങ്ങള്‍ അവള്‍ ഇന്നും ഓര്‍മിക്കുന്നു. ഇന്ന് ബെഹ്രൈച്ചിലെ ജില്ലാ മജിസ്‌ട്രേറ്റാണ് കിന്‍ജാല്‍. അനുജത്തി പ്രന്‍ജാല്‍ സിംഗ് അംബാല കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മീഷണറും. തങ്ങളുടെ അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിനായി ഈ രണ്ട് അനുജത്തിമാരും നടത്തിയത് ഒരു വലിയ പോരാട്ടം തന്നെയാണെന്നതില്‍ സംശയമില്ല.

 

Comments

comments

Categories: FK Special, Life, Motivation, Women
Tags: IAS