ഇംഗ്ലീഷ് ലീഗ് കപ്പ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം

ഇംഗ്ലീഷ് ലീഗ് കപ്പ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കിരീടം
  • സതാംപ്ടനെ പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്
  • സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന് ഇരട്ട ഗോള്‍ നേട്ടം

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് ഫുട്‌ബോളില്‍ സതാംപ്ടനെ പരാജയപ്പെടുത്തി കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീടം സ്വന്തമാക്കി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജയം. സ്വീഡിഷ് സ്‌ട്രൈക്കറായ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളുകളുടെ മികവിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയം നേടിയത്.

മത്സരത്തിന്റെ പത്തൊന്‍പതാം മിനുറ്റില്‍ സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഹോസെ മൗറീഞ്ഞോയുടെ പരിശീലനത്തിന്‍ കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. മുപ്പത്തെട്ടാം മിനുറ്റില്‍ ഇംഗ്ലീഷ് താരമായ ജെസെ ലിന്‍ഗാര്‍ഡും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. എന്നാല്‍ 45, 48 മിനുറ്റുകളില്‍ ഗോള്‍ കണ്ടെത്തി ഇറ്റാലിയന്‍ താരമായ മണോലോ ഗാബിയാഡിനി സതാംപ്ടനെ ഒപ്പമെത്തിച്ചു.

അതേസമയം, മണോലോ ഗാബിയാഡിനിയുടെ ഒരു ഗോള്‍ ആദ്യ പകുതിയില്‍ റഫറി അനുവദിച്ചില്ല. റഫറി ഓഫ് സൈഡ് വിളിച്ച ഗാബിയാഡിനിയുടെ ശ്രമം ഗോളായിരുന്നുവെന്ന് പിന്നീട് റീപ്ലേയിലൂടെ വ്യക്തമാവുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ച സതാംപ്ടണ്‍ സമനില കണ്ടെത്തിയതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ മുഖം നിരന്തരം വിറപ്പിക്കുകയും ചെയ്തു.

ഇതിനിടെ, സതാംപ്ടണിന്റെ സ്പാനിഷ് താരം ഒറിയോള്‍ റോമു തൊടുത്ത ഹെഡര്‍ എതിര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുണയായി. അതേസമയം, മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ നാല് മിനുറ്റ് മാത്രം അവശേഷിക്കെയാണ് സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയ ഗോള്‍ നേടിയത്.

സ്പാനിഷ് താരമായ ആന്‍ഡെര്‍ ഹേരേരയുടെ ക്രോസ് ബോള്‍ ഫ്രീ ഹെഡറിലൂടെ ഇബ്രാഹിമോവിച്ച് സതാംപ്ടണിന്റെ വലയിലെത്തിക്കുകയായിരുന്നു. പ്രതിരോധത്തിലേക്കിറങ്ങിയും അറ്റാക്കിംഗിലേക്ക് മാറിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മികച്ച പ്രകടനം പുറത്തെടുത്ത ഇബ്രാഹിമോവിച്ചാണ് കളിയിലെ താരം. ആളൊഴിഞ്ഞ പോസ്റ്റിലേക്കുള്ള സതാംപ്ടണിന്റെ ഒരു ഗോള്‍ ശ്രമം ഇബ്രാഹിമോവിച്ച് തടയുകയും ചെയ്തു.

Comments

comments

Categories: Sports, Trending