നിങ്ങളുടെ ഫേസ്ബുക്ക്  നിങ്ങളുടെ പാസ്‌പോര്‍ട്ട്!

നിങ്ങളുടെ ഫേസ്ബുക്ക്  നിങ്ങളുടെ പാസ്‌പോര്‍ട്ട്!

പി ഡി ശങ്കരനാരായണന്‍

നിങ്ങളുടെ ബാങ്ക് നിങ്ങളുടെ മൊബീല്‍’ എന്നത് ഇപ്പോള്‍ ഭാരതീയര്‍ക്ക് വളരെ പരിചയമുള്ള ശൈലിയായിട്ടുണ്ട്. ലോകത്ത്, കാര്യങ്ങള്‍ കുറച്ചുകൂടി മാറുകയാണ്. ബാങ്ക് മാത്രമല്ല, മറ്റുപലതും മൊബീലിലേക്കാക്കാം; ഫേസ്ബുക്കിലേക്കും!

2020 ഓടെ, ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഒരു വന്‍ വിപ്ലവത്തിന് ഒരുങ്ങുകയാണ്. യാത്രക്കാരുടെ പരിശോധനാരീതികള്‍ ഏകദേശം മുഴുവനായും യന്ത്രവല്‍ക്കരിക്കാനാണ് അവിടത്തെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2015ല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു. പരസ്പരം സംവദിക്കാതെയും രേഖകള്‍ നേരില്‍ പരിശോധിക്കാതെയും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഭംഗരഹിതമായി (seamless) പുറത്തേക്കിറങ്ങാവുന്ന അവസ്ഥ; അതായത്, നമ്മള്‍ നാട്ടില്‍ ഒരു ബസ്സില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് പോലെ വിമാനമിറങ്ങി എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാനാവും. യാത്രക്കാര്‍ ഡിസ്എംബാര്‍കേഷന്‍ കാര്‍ഡുകള്‍ നല്‍കുന്ന രീതിയും ഇമിഗ്രേഷന്‍ കൗണ്ടറിലെ ഉദേ്യാഗസ്ഥ പരിശോധനയും ഇല്ലാതാക്കും. അവര്‍ പാസ്‌പോര്‍ട്ട് എവിടെയും നല്‍കേണ്ടതില്ല; അതില്‍ സീലും അടിക്കേണ്ടതില്ല. പകരം, വിമാനമിറങ്ങി, ടെര്‍മിനലിലേക്ക് പ്രവേശിക്കുമ്പോഴുള്ള സ്വാഗതകവാടത്തില്‍ ബയോമെട്രിക് ഇലക്ട്രോണിക് സംവിധാനങ്ങള്‍ മുഖവും കണ്ണുകളും വിരലടയാളങ്ങളും നോക്കി, ആളെ തിരിച്ചറിയുന്നു. ലോകത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം നിലവില്‍വരുന്നത്.

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് പല രാജ്യങ്ങളും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. നമ്മുടെ ബയോമെട്രിക് വിവരങ്ങള്‍ (മുഖരൂപം, കണ്ണിന്റെ കൃഷ്ണമണി, വിരലടയാളം തുടങ്ങിയവ) രേഖപ്പെടുത്തിയിട്ടുള്ളതാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് അഥവാ ഇ-പാസ്‌പോര്‍ട്ട്. ഇത് കടലാസ്ചിപ്പ്/പ്ലാസ്റ്റിക്ചിപ്പ് പോലുള്ള മിശ്രരൂപത്തിലും പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തില്‍ മൊബീലിലും സൂക്ഷിക്കാവുന്നവയാണ്. നമ്മള്‍ കടന്നുപോകുമ്പോള്‍, സമീപമേഖല സംവേദന (Near Field Communication) സാങ്കേതിക വിദ്യയിലൂടെ നമ്മുടെ പഴ്‌സിലോ പോക്കറ്റിലോ മൊബീലിലോ ഉള്ള ഇ-പാസ്‌പോര്‍ട്ടില്‍ നിന്ന് കവാടരൂപത്തിലുള്ള സ്‌കാനര്‍ ഈ വിവരങ്ങള്‍ എടുക്കുന്നു. രാജ്യത്തിന് അനഭിമതനായിട്ടുള്ള, അല്ലെങ്കില്‍ വിസ ലഭിക്കാത്ത ആരെങ്കിലും കവാടത്തിലൂടെ കടന്നാല്‍ യന്ത്രം കാവല്‍ഭടന്മാരെ വിവരമറിയിക്കുന്നു; അവരെ ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധിക്കുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു. എല്ലാം കൃത്യമായുള്ള യാത്രക്കാരുമായി ഉേദ്യാഗസ്ഥര്‍ സംസാരിക്കുന്നില്ല; യാത്രക്കാര്‍ അവരെ കാണുന്നുപോലുമില്ല.

വരുന്ന ജൂലൈ മാസത്തോടെ, കാന്‍ബറ വിമാനത്താവളത്തിലാണ് ഇത് ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നത്. പിന്നീട് നവംബറോടെ സിഡ്‌നിയിലും മെല്‍ബണിലും. 2020 അവസാനിക്കുമ്പോഴേക്കും രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഈ രീതി നടപ്പില്‍വരുമെന്നാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര വ്യോമയാന സംഘടന 1966 മുതല്‍ യന്ത്രവല്‍ക്കൃത യാത്രാരേഖകളെ (മെഷീന്‍ റീഡബിള്‍ ട്രാവല്‍ ഡോക്യുമെന്റ്‌സ്) പറ്റി കാലാനുസൃതമായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നുണ്ട്. ഏറ്റവും ഒടുവില്‍ 2015ല്‍ പുറത്തിറക്കിയ പരിഷ്‌കരിച്ച ഏഴാം പതിപ്പാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ള രേഖ. ഇതില്‍ ഇ-പാസ്‌പോര്‍ട്ട് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മിക്കവാറും അംഗരാജ്യങ്ങള്‍ ഇ-പാസ്‌പോര്‍ട്ട് സംവിധാനം നടപ്പിലാക്കി വരുന്നു.

ഇന്ത്യയില്‍ ഇപ്പോള്‍ നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ ഇ-പാസ്‌പോര്‍ട്ട് ആയിട്ടാണ് നല്‍കുന്നത്. കേന്ദ്ര പാസ്‌പോര്‍ട്ട് സ്ഥാപനം, നാസിക്കിലെ സെക്യൂരിറ്റി പ്രസ്സ്, ഐഐടി കാണ്‍പൂര്‍ എന്നിവ സംയുക്തമായാണ് ഭാരതത്തില്‍ ഇ-പാസ്‌പോര്‍ട്ട് വികസിപ്പിച്ചെടുക്കുന്നത്. സ്പര്‍ശരഹിത (Contatcless) സ്മാര്‍ട്ട് കാര്‍ഡ് സാങ്കേതികവിദ്യയിലൂന്നി, പാസ്‌പോര്‍ട്ട് പുസ്തകത്തിന്റെ പുറംചട്ടയില്‍ അല്ലെങ്കില്‍ മധ്യത്തില്‍ അടക്കംചെയ്യുന്ന ഒരു മൈക്രോ പ്രോസസ്സര്‍ ചിപ്പും ഒരു ചെറിയ ആന്റിനയും അടങ്ങിയതാണ് ഇത്. മൈക്രോചിപ്പില്‍ യാത്രികന്റെ എല്ലാ വിവരങ്ങളും ഡിജിറ്റല്‍ ചിത്രവും കൃഷ്ണമണി, വിരലടയാളം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പബ്ലിക് കീ ഇന്‍ഫ്രാസ്ട്രക്ചര്‍ (PKI) എന്ന സംവിധാനത്തിലൂടെ ഇത് എവിടെയും ഉപയോഗിക്കാനാവും. (വിവരങ്ങള്‍ ശേഖരിക്കുക, സൂക്ഷിക്കുക, വിതരണം ചെയ്യുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള നിയമാവലികളുടെ അടിസ്ഥാനത്തില്‍ രൂപംകൊടുത്തതാണ് പി കെ ഐ സങ്കേതം. ഇതിന് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യതയുണ്ട്). മുന്‍പ് പറഞ്ഞതുപോലെ, സമീപമേഖല സംവേദനത്തിന് കഴിവുളവാക്കിയ ഒരു യന്ത്രത്തിന് പാസ്‌പോര്‍ട്ട് അടുത്തെത്തുമ്പോള്‍ കാര്യങ്ങള്‍ വായിച്ചെടുക്കാം.

പക്ഷേ, കാര്യങ്ങള്‍ ഇപ്പോള്‍ അതിനേക്കാള്‍ കുറച്ച് കൂടി വികസിച്ച് വരികയാണ്. അതാണ് ഓസ്‌ട്രേലിയ വിമാനത്താവളങ്ങളിലും അമേരിക്ക വിസ പ്രക്രിയയിലും ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്. അത് നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിലെ സാന്നിധ്യമാണ്. അവയില്‍ നമ്മുടെ ഫോട്ടോ മാത്രമല്ല, നമ്മുടെ എല്ലാ വ്യക്തിവിവരങ്ങളും ചിന്തകളും പ്രവൃത്തികളും ഇടപെടലുകളും ബന്ധങ്ങളും സൗഹൃദങ്ങളും കലാഭിരുചിയും പക്ഷപാതങ്ങളും യാത്രകളും യാത്രാമാര്‍ഗങ്ങളും സാന്നിധ്യവും ഭക്ഷണശീലങ്ങളും സ്വഭാവസവിശേഷതകളും എല്ലാം നാമറിയാതെ ‘ഡാറ്റ’ ആവുന്നു. വന്‍വിവരശേഖര വിശകലന (Big-Data Analytics) സാങ്കേതിക വിദ്യയുപയോഗിച്ച് ഇവയെ തരം തിരിക്കാനും താരതമ്യം ചെയ്യാനും തുലനം ചെയ്യാനും തമ്മില്‍ ബന്ധിപ്പിക്കാനുമെല്ലാം കഴിയും.

ഫേസ്ബുക്കില്‍ ഫോട്ടോ ടാഗ് ചെയ്യുമ്പോള്‍ ‘ഇത് ഇന്നയാളല്ലേ?’ എന്ന് അത് നിങ്ങളോട് ചോദിക്കുന്നുണ്ട്. നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവരെയും മറ്റുള്ളവരുടെത് നിങ്ങളെയും അറിയിക്കുന്നുണ്ട്. അതുപോലെ, ഇന്റര്‍നെറ്റില്‍ നാം ഒരു കാര്യം തിരഞ്ഞാല്‍, പിന്നീട് അക്കാര്യവുമായി ബന്ധപ്പെട്ട പലതും നമ്മുടെ ഇ-മെയിലില്‍ വരുന്നു. അതുമായി ബന്ധപ്പെട്ട പല വെബ്‌സൈറ്റുകളില്‍ നിന്ന് നമുക്ക് പ്രോംപ്റ്റ്/പ്രോപ് അപ് വരുന്നു. ലോകത്ത് എവിടെയെല്ലാമോ ഇരുന്ന് ആരെല്ലാമോ നമ്മളെയെല്ലാം വീക്ഷിക്കുന്നു. ഇത്, ഒന്ന് പാകപ്പെടുത്തി, രാജ്യസുരക്ഷയ്ക്ക് ഉതകത്തക്ക രീതിയില്‍ ഉപയോഗിക്കാന്‍ ഒരുങ്ങുകയാണ് പല രാഷ്ട്രങ്ങളും.

നാളെയൊരിക്കല്‍ ഓസ്‌ട്രേലിയയില്‍ ചെല്ലുമ്പോള്‍, ഇ-പാസ്‌പോര്‍ട്ട് വിവരങ്ങള്‍ മാത്രമല്ല, നമ്മുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങളും നമ്മുടെ കണ്ണിലെ കൃഷ്ണമണിയിലൂടെ അവര്‍ക്ക് കാണാനാവും. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശത്രുരാജ്യങ്ങളും പ്രതിലോമശക്തികളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ നമുക്കും ഇത് പ്രയോഗിക്കാവുന്നതാണ്.

(സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special