ഇതാ എത്തി, സിഇഒ ആക്റ്റിവിസത്തിന്റെ കാലം

ഇതാ എത്തി, സിഇഒ ആക്റ്റിവിസത്തിന്റെ കാലം

സംരംഭകത്വവും സംരംഭകരുമാണ് ലോകത്തിന്റെ പരിണാമപ്രക്രിയയില്‍ എന്നും നിര്‍ണായകമായിട്ടുള്ളത്. അവരെ ചുറ്റിപ്പറ്റിയാണ് ലോകക്രമം തന്നെ പലപ്പോഴും രൂപം കൊള്ളുന്നത്. അപ്പോള്‍ രാഷ്ട്രീയമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനവിരുദ്ധത കാണുമ്പോള്‍ ഇടപെടല്‍ നടത്താന്‍ അവര്‍ക്കും ബാധ്യതയില്ലേ? ഉണ്ടെന്ന് ഉച്ചത്തില്‍ പറയുന്നു, സംരംഭകരുടെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലി

ദിപിന്‍ ദാമോദരന്‍

പൊതുസമൂഹത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളില്‍ സജീവമായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അഭിപ്രായങ്ങള്‍, അത് നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, തുറന്ന് പ്രകടിപ്പിക്കുന്ന എത്ര വന്‍കിട ഇന്ത്യന്‍ സംരംഭകരുണ്ട്. കണക്കെടുക്കാം നിങ്ങള്‍ക്ക്. മലയാളി സംരംഭകരുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെപ്പോലുള്ള അത്യപൂര്‍വം ചില പേരുകള്‍ വേണമെങ്കില്‍ പറയാം.

എത്ര മലയാളി സംരംഭകര്‍ക്ക് സജീവമായ സോഷ്യല്‍ മീഡിയ എക്കൗണ്ടുകള്‍ ഉണ്ടെന്നതു പരിശോധിക്കുന്നതും നന്നായിരിക്കും. ഇതുപറഞ്ഞത് ഒരു താരതമ്യത്തിനു വേണ്ടി മാത്രമാണ്. സംരംഭകര്‍ എന്ന വാക്കിന് വ്യത്യസ്തമായ, ആഴത്തിലുള്ള അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്ന് സൂചിപ്പിക്കാന്‍. ജേണലിസ്റ്റ് ആക്റ്റിവിസം പോലും ശരിയല്ലെന്ന് ചിന്തിക്കുന്ന സാമൂഹ്യ പരിതസ്ഥിതി ഇവിടെ നിലനില്‍ക്കുമ്പോള്‍, യുഎസ് സിഇഒ ആക്റ്റിവിസത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവിടെ ചീഫ് എക്‌സിക്യൂട്ടിവുമാര്‍ക്ക് സമൂഹവും ബിസിനസും രണ്ടല്ല, സമൂഹത്തിന്റെ തന്നെ പ്രതിഫലനമാണ് ബിസിനസ്.

ട്രംപും സിഇഒ ആക്റ്റിവിസവും

കോര്‍പ്പറേറ്റുകള്‍ക്ക് സാമൂഹ്യ ഇടപെടല്‍ പാടില്ലെന്നത് പഴകി ദ്രവിച്ച കാഴ്ച്ചപ്പാടാണ്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനെപ്പോലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സാമൂഹ്യ ഇടപെടല്‍ നടത്തുന്ന ചടുലത നിറഞ്ഞ സിഇഒമാരെയാണ് ബിസിനസ് ലോകവും സാധാരണ സമൂഹവും ഇന്ന് ആഗ്രഹിക്കുന്നത്.

പൂച്ചെണ്ടുകളും ചെരുപ്പേറും ഒരുപോലെ ലഭിക്കുന്നതാണ് സിഇഒ ആക്റ്റിവിസം. നടത്തുന്നത് ബിസിനസ് ആണെന്നതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കയ്‌പ്പേറിയ നടപടികള്‍ ഉണ്ടായേക്കാം. അമേരിക്കയുടെ അസ്തിത്വമായ സ്വതന്ത്ര വ്യാപാരനയങ്ങളെ അട്ടിമറിച്ച് സംരക്ഷണനയങ്ങളുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തിയതാണ് സിഇഒ ആക്റ്റിവിസത്തെ വീണ്ടും ചര്‍ച്ചയാക്കുന്നത്.

ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജെ ബ്രിന്നും സിഇഒ സുന്ദര്‍ പിച്ചൈയും ട്രംപിനെതിരെ പ്രതിഷേധ പ്രകടനം നടത്തുന്ന ഗൂഗിള്‍ ജീവനക്കാരെ അഭിസംബോധന ചെയ്യുന്നു

സംരംഭകരുടെ കളിത്തൊട്ടിലായ സിലിക്കണ്‍ വാലിയിലെ ടെക് കമ്പനികള്‍ ട്രംപിനെതിരെ തുറന്ന നിലപാടുകള്‍ സ്വീകരിച്ച് മുന്‍നിരയിലേക്ക് വന്നു. മനുഷ്യരെ വിഭജിക്കുന്ന ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ അമേരിക്കയിലെ 100 ടെക് കമ്പനികളുടെ സിഇഒമാരാണ് ഒപ്പ് സമാഹരണം നടത്തി കോടതിയെ സമീപിച്ചത്. ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കോര്‍പ്പറേറ്റ് മൂല്യങ്ങളെ അട്ടിമറിക്കുന്നതാണെന്നും തൊഴില്‍ശക്തിയുടെ വൈവിധ്യത്തെ ഇല്ലാതാക്കുന്നതാണെന്നും അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ഇത് ട്രംപിനോടുള്ള എതിര്‍പ്പായി തെറ്റിദ്ധരിക്കുകയുമരുത്.

നേരത്തെ സ്വവര്‍ഗ്ഗരതിക്കാരുടെ (എല്‍ജിബിടി സമൂഹം) അവകാശങ്ങള്‍ നിഷേധിക്കുന്ന നിയമം വന്നപ്പോള്‍ അതിനെതിരെയും തുറന്ന നിലപാടെടുത്തവരാണ് സിലിക്കണ്‍ വാലി സിഇഒമാര്‍. എല്‍ജിബിടിക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിരവധി തവണ തന്റെ ഫേസ്ബുക്ക് പേജിലൂടെ വാദിച്ചിട്ടുണ്ട്.

കുടിയേറ്റ വിലക്ക് പ്രഖ്യാപിച്ചപ്പോള്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞത് തന്റെ കുടുംബം കുടിയേറി വന്ന് അമേരിക്കയില്‍ വിജയം വരിച്ചതിന് ഉദാഹരണമാണെന്നാണ്. ആപ്പിള്‍ സിഇഒ ടിം കുക്ക് വിലക്ക് എത്തരത്തില്‍ തങ്ങളുടെ ജീവനക്കാരെയും സമൂഹത്തേയും ബാധിക്കുമെന്ന് തുറന്നടിച്ചു. വിലക്ക് കാരണം ബുദ്ധിമുട്ടിലാകുന്ന ആപ്പിള്‍ ജീവനക്കാര്‍ക്ക് വേണ്ടി ഏതറ്റം വരെയും നിയമപോരാട്ടം നടത്തുമെന്നും പ്രഖ്യാപിച്ചു.

ഡൊണാള്‍ഡ് ട്രംപ്‌

അമേരിക്കയിലേക്ക് കുടിയേറിയവരുടെ മകനായിരുന്നു ഇന്നൊവേഷന്റെ മറുവാക്കായിരുന്ന ആപ്പിള്‍ സംരംഭത്തിന്റെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് എന്നും കുക്ക് വ്യക്തമാക്കി. ഞങ്ങളുടെ കമ്പനി നാനത്വത്തിലാണ് വിശ്വസിക്കുന്നത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളെടുത്തേ വളര്‍ച്ചയുണ്ടാകൂ, അതിന് വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്ന് വ്യത്യസ്ത വീക്ഷണകോണുകള്‍ ഉള്ള ജീവനക്കാര്‍ വേണം-കുക്ക് പറഞ്ഞു.

മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ടെസ്ല, നെറ്റ്ഫ്‌ളിക്‌സ്, വൈ കോമ്പിനേറ്റര്‍, എയര്‍ബിഎന്‍ബി, യുബര്‍ തുടങ്ങിയ വന്‍കിട കമ്പനികളുടെ നേതൃനിരയിലിരിക്കുന്നവരെല്ലാം തന്നെ ട്രംപിനെതിരെ രംഗത്തെത്തി. കുടിയേറ്റ വിലക്കിനെതിരെ സാന്‍ഫ്രാന്‍സിസ്‌കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന പ്രതിഷേധപ്രകടനങ്ങളില്‍ പങ്കെടുക്കാന്‍ ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജെ ബ്രിന്‍ എത്തിയത് എത്രമാത്രം രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നു ഈ സംരംഭകരെന്നതിന്റെ പ്രതിഫലനമാണ്.

ഫെബ്രുവരി ആദ്യവാരം 2,000ത്തോളം ഗൂഗിള്‍ ജീവനക്കാരാണ് ട്രംപിനെതിരെ പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത്, ഇവര്‍ക്ക് പൂര്‍ണപിന്തുണയേകാന്‍ സിഇഒ സുന്ദര്‍ പിച്ചൈയും സെര്‍ജെ ബ്രിന്നും ഉണ്ടായിരുന്നു.

സംരംഭകത്വവും കാപ്പിറ്റലിസവും ചങ്ങാത്ത മുതലാളിത്തമാണെന്ന മിഥ്യാധാരണയില്‍ സര്‍ക്കാരില്‍ ലോബിയിംഗ് നടത്തുന്ന ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്കുള്ള പാഠപുസ്തകമാണ് സിലിക്കണ്‍ വാലിയിലെ ടെക് സംരംഭകര്‍

ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും വേണ്ടി ധീരമായി നിലകൊള്ളുന്ന ഒരു കമ്പനിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ആവേശവുമുണ്ടെന്നായിരുന്നു സാം സെ എന്ന ജീവനക്കാരന്‍ ട്വീറ്റ് ചെയ്തത്. ട്രംപിന്റെ സാമ്പത്തിക ഉപദേശക സമിതിയില്‍ നല്‍കിയ മുഖ്യ സ്ഥാനം വലിച്ചെറിഞ്ഞാണ് യുബര്‍ സിഇഒ ട്രാവിസ് കലനിക് ഭരണകൂടത്തിനെതിരെ പ്രതികരിച്ചത്.

സ്റ്റാര്‍ബക്‌സ് സിഇഒ ഹൊവാര്‍ഡ് സ്‌കള്‍ട്‌സ് തന്റെ കമ്പനിയില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10,000 അഭയാര്‍ത്ഥികളെ ജോലിക്കെടുക്കുമെന്ന് പ്രഖ്യാപിച്ചാണ് ട്രംപിനെ വെല്ലുവിളിച്ചത്.

എത്ര കാലികമായാണ് സമൂഹത്തിന്റെ പൊതുവിഷയങ്ങള്‍ക്കനുസരിച്ച് ഇവര്‍ അഭിപ്രായപ്രകടനം നടത്തുന്നതെന്നതാണ് ശ്രദ്ധേയം. നോട്ട് അസാധുവാക്കലില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ ചില ഫിന്‍ടെക് കമ്പനികള്‍ പുകഴ്ത്തിയത് നാം കണ്ടു. ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ പുതിയ സേവനം തുടങ്ങിയപ്പോള്‍ മോദിയുടെ പടം വെച്ച് പബ്ലിസിറ്റി നടത്തിയതും വാര്‍ത്തയായി. എന്നാല്‍ ഏതെങ്കിലും വിഷയത്തില്‍ ഇന്ത്യയിലെ ഏതെങ്കിലും സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഇവിടത്തെ എത്ര കമ്പനി മേധാവികള്‍ തയാറായിട്ടുണ്ട്.

കേരളത്തിലെ സംരംഭകരോട് സംസ്ഥാന സര്‍ക്കാരിന്റെ ബിസിനസ് വിരുദ്ധ നയങ്ങളെക്കുറിച്ച് ചോദിച്ചാല്‍ മിക്കവരും നിശബ്ദരാകും. അല്ലെങ്കില്‍ നിങ്ങള്‍ പ്രസിദ്ധീകരിക്കില്ല എന്നുറപ്പ് നല്‍കിയാല്‍ പറയാമെന്നുള്ള നിബന്ധന വെക്കും. എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ പ്രതികാര നടപടികള്‍ കൈക്കൊള്ളുമോ എന്ന ഭയമാണ് ഇവര്‍ക്കുള്ളത്. ഒരിക്കലും ബിസിനസിന് ചേര്‍ന്ന ചിന്തയല്ല അത്. ഇത്രയ്ക്കും പേടിയുള്ളവര്‍ സംരംഭകനെന്ന വേഷം അണിയാതിരിക്കുകയാണ് നല്ലത്.

കാലം മാറുന്നു

മാറുന്ന കാലത്ത് അഭിപ്രായപ്രകടനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നതുമെല്ലാം ബഹുമാന്യമായ കാര്യമാണെന്ന് ഇന്ന് കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാര്‍ പോലും ചിന്തിക്കുന്നില്ല. ഈ വസ്തുത ഇവിടങ്ങളിലെ സംരംഭകര്‍ മനസിലാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവര്‍ ഏറെ പുറകിലാണ്. അടുത്തിടെ വെബെര്‍ ഷാന്‍ഡ്വിക്കും കെആര്‍സി റിസര്‍ച്ചും നടത്തിയ ഒരു സര്‍വെയില്‍ വ്യക്തമായത് ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും മനസാണ്. ലോകത്തെ 21 വിപണികളിലാണ് അവര്‍ സര്‍വെ നടത്തിയത്.

ആഗോള റെപ്യൂട്ടേഷനുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 63 ശതമാനം ജീവനക്കാരും ആവശ്യപ്പെടുന്നത് പൊതുവിഷയങ്ങളില്‍ അവരുടെ കമ്പനി മേധാവികള്‍ കൃത്യമായ നിലപാട് തുറന്നു പറയണമെന്നാണ്. ഇതേ വികാരമാണ് അമേരിക്കയിലെ ടെക് കമ്പനികളുടെ സിഇഒമാരുടെ അഭിപ്രായ പ്രകടനങ്ങളില്‍ നിഴലിച്ചത്

സര്‍വെയില്‍ പങ്കെടുത്ത 46 ശതമാനം എക്‌സിക്യൂട്ടിവുകളും (വന്‍കിട ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍) അഭിപ്രായപ്പെട്ടത് ആഗോള താപനം, കുടിയേറ്റം, സ്വവര്‍ഗ്ഗരതിക്കാരുടെ അവകാശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ തങ്ങളുടെ കമ്പനി നേതൃത്വം തുറന്ന അഭിപ്രായപ്രകടനം നടത്തണമെന്നാണ്. 2014ല്‍ നടത്തിയ സര്‍വെയില്‍ 36 ശതമാനം പേരായിരുന്നു ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 10 ശതമാനം കൂടിയെന്നത് ശ്രദ്ധേയമാണ്.

ആഗോള റെപ്യൂട്ടേഷനുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 63 ശതമാനം ജീവനക്കാരും ആവശ്യപ്പെടുന്നത് പൊതുവിഷയങ്ങളില്‍ അവരുടെ കമ്പനി മേധാവികള്‍ കൃത്യമായ നിലപാട് തുറന്നു പറയണമെന്നാണ്. ഇതേ വികാരമാണ് അമേരിക്കയിലെ ടെക് കമ്പനികളുടെ സിഇഒമാരുടെ അഭിപ്രായ പ്രകടനങ്ങളില്‍ നിഴലിച്ചത്.

എല്ലാത്തിനെയും തുറന്ന മനസ്ഥിതിയോടെ കാണാനാണ് സംരംഭകത്വമെന്ന പ്രത്യയശാസ്ത്രം അമേരിക്കയെ പഠിപ്പിച്ചത്, ഇതായിരുന്നു അവരുടെ വികസനത്തിന് അടിത്തറ പാകിയത്. ഇരുളടഞ്ഞ പ്രത്യയശാസ്ത്രവുമായി ട്രംപുമാര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആഗോളവല്‍ക്കരണമാണ് തങ്ങളുടെ അസ്തിത്വമെന്ന് പ്രഖ്യാപിക്കാന്‍ സിഇഒ ആക്റ്റിവിസത്തിലൂടെ അമേരിക്കയ്ക്ക് സാധിച്ചു. സംരംഭകത്വവും കാപ്പിറ്റലിസവും ചങ്ങാത്ത മുതലാളിത്തമാണെന്ന മിഥ്യാധാരണയില്‍ സര്‍ക്കാരില്‍ ലോബിയിംഗ് നടത്തുന്ന ഇന്ത്യയിലെ ശതകോടീശ്വരന്‍മാര്‍ക്കുള്ള പാഠപുസ്തകമാണ് സിലിക്കണ്‍ വാലിയിലെ ടെക് സംരംഭകര്‍.

Comments

comments

Categories: FK Special, Top Stories