ഇന്ത്യ-യുഎഇ സഹകരണത്തിന്റെ പ്രാധാന്യം

ഇന്ത്യ-യുഎഇ സഹകരണത്തിന്റെ പ്രാധാന്യം

സന്തോഷ് മാത്യു

രാജ്യത്തിന്റെ 68ാം റിപ്പബ്ലിക് ദിനാഘോഷത്തിലെ പ്രധാന ആകര്‍ഷണം മുഖ്യാതിഥിയായി എത്തിയ യുഎഇ രാജകുമാരന്‍ ഷെയ്ക്ക് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യ തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കീഴ്‌വഴക്കങ്ങളും മാറ്റിവച്ചുകൊണ്ട് രാഷ്ട്രത്തലവനോ ഭരണത്തലവനോ പോലുമല്ലാത്ത യുഎഇ കിരീടാവകാശിയെ വിമാനത്താവളത്തില്‍ ചെന്ന് സ്വീകരിച്ച കാഴ്ചതന്നെയായിരുന്നു ഏവരെയും അമ്പരപ്പിച്ചത്. മോദി യുഎഇയുടെ കിരീടാവകാശിക്ക് ഇത്രക്ക് പ്രാധാന്യം നല്‍കുന്നതിന് കാരണങ്ങളെന്തൊക്കെയാവാം?

ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാര്‍, ഏതാണ്ട് 70 ലക്ഷം. ഇതില്‍ 26 ലക്ഷവും യുഎഇ എന്ന അറബ് ഐക്യനാടുകളില്‍ മാത്രമാണ്. യുഎഇ ജനസംഖ്യയുടെ 30 ശതമാനവും ഇന്ന് ഇന്ത്യന്‍ പ്രവാസികളാണെന്ന് പറഞ്ഞാല്‍ മാത്രമറിയാം ഇന്ത്യക്ക് ആ രാജ്യത്തിന്മേലുള്ള പ്രാധാന്യം. അബുദാബി കിരീടാവകാശിയും യുഎഇയുടെ ഉപ സര്‍വസൈ ന്യാധിപനുമാണ് ഷെയ്ക്ക് മുഹമ്മദ് ബില്‍ നഹ്യ ഇപ്പോള്‍. ഇതാണ് യുഎഇയുടെ ഭാവി നേതാവിനെ തന്നെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാഥിതിയായി മോദി ഭരണകൂടം ക്ഷണിച്ചതിന്റെ പ്രധാന കാരണം.

പേര്‍ഷ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങളും പശ്ചിമേഷ്യയുമൊക്കെ ഇന്ത്യന്‍ വിദേശനയ രൂപീകരണത്തെ സ്വാധീനിക്കുന്ന പ്രധാന മേഖലകളാണ്. കാരണം ജിസിസി (ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍) രാജ്യങ്ങളാണ് 45 ശതമാനം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യക്ക് എത്തിച്ചുകൊണ്ടിരിക്കുന്നത്. ജിസിസി രാജ്യങ്ങള്‍ മൊത്തമായി എടുത്താല്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളികളുമാണ്. ഇതില്‍ തന്നെ ക്രൂഡോയില്‍ ഇറക്കുമതിയുടെ കാര്യമെടുത്താല്‍ ഇന്ത്യയുടെ ആറാമത്തെ ഏറ്റവും വലിയ പങ്കാളി യുഎഇയാണ്. ചുരുക്കി പറഞ്ഞാല്‍ നമ്മള്‍ അവിടേക്ക് ധാരാളം തൊഴിലാളികളെ കയറ്റിയയ്ക്കുന്നു. അവരാകട്ടെ ധാരാളം എണ്ണയും പ്രകൃതിവാതകവും തിരിച്ചുതരികയും ചെയ്യുന്നു.

ഇന്ത്യയും അറബ് ഐക്യനാടുകളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് നാല് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട്. 1974ല്‍ ഇന്ത്യ അതിന്റെ ആദ്യ ആണവ വിസ്‌ഫോടനം നടത്തിയപ്പോള്‍ അതിന് ധാര്‍മ്മിക പിന്തുണ നല്‍കിയവരില്‍ യുഎഇ ഭരണാധിപന്‍ ഷെയ്ക്ക് സയീദ് ഉണ്ടായിരുന്നു. 42 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകന്‍ റിപ്പബ്ലിക് ദിന ചടങ്ങിലെ മുഖ്യാതിഥിയായെത്തുകയും ഒപ്പം 179 യുഎഇ സൈനികരുടെ പരേഡും രാജ്പഥില്‍ നടത്തിയതും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധത്തിന്റെ ആഴം തന്നെയാണ് സൂചിപ്പിക്കുന്നത്.

1976ല്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദ് ആ രാജ്യം സന്ദര്‍ശിച്ചത് മുതല്‍ തുടങ്ങുന്നു ഔദ്യോഗിക ബന്ധങ്ങള്‍. 1976-1980 കാലഘട്ടത്തില്‍ ഇന്ത്യയുടെ യുഎഇ അംബാസിഡര്‍ ആയി പ്രവര്‍ത്തിച്ചത് ഇപ്പോഴത്തെ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയായിരുന്നു. തുടര്‍ന്ന് ജനതാ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയും യുഎഇ സന്ദര്‍ശിക്കുകയുണ്ടായി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഊട്ടിയുറപ്പിച്ചതില്‍ ഹമീദ് അന്‍സാരിയുടെ പങ്ക് ചെറുതല്ല.

1981ല്‍ ഇന്ദിര ഗാന്ധി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. വലിയ ഒരുകൂട്ടം ഒരുപക്ഷേ യുഎഇ അധികാരികള്‍ക്ക് ലഭിക്കുന്നതിലധികം ആളുകള്‍ അന്നു കൂടുകയുണ്ടായി. കാരണം അക്കാലത്തെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ലളിത് മാന്‍സിംഗ് തന്നെ പറഞ്ഞിട്ടുണ്ട്-അക്കാലത്തെ യുഎഇ ജനസംഖ്യ രണ്ടര ലക്ഷം മാത്രമായിരുന്നു. ഇന്ത്യന്‍ പ്രവാസികളാകട്ടെ നാലര ലക്ഷവും. ഇന്ത്യന്‍ തൊഴിലാളികളുടെ അച്ചടക്കവും കഠിനാധ്വാനവും എക്കാലത്തും അറബ് ഐക്യനാടുകളെ ആകര്‍ഷിച്ച ഒരു വസ്തുത തന്നെയാണ്. 1992ലെ ബാബറി മസ്ജിദ് സംഭവം വലിയൊരളവില്‍ ഇന്ത്യന്‍ തൊഴിലാളികളെ ബാധിക്കാതിരുന്നതും ഇക്കാരണം കൊണ്ട് തന്നെ.

1993ലെ മുംബൈ സ്‌ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതപ്പെടുന്ന ദാവൂദ് ഇബ്രാഹിം അറബ് ഐക്യനാടുകളിലേക്ക് കടന്നുവെന്ന പ്രചാരണം ശക്തമായിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന (ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്ലാമിക് കോണ്‍ഫറന്‍സ്) കശ്മീര്‍ വിഷയത്തില്‍ നടത്തിയ പ്രസ്താവനയില്‍ യുഎഇയും ഒപ്പുവച്ചത് ഒരുഘട്ടത്തില്‍ ഇന്ത്യയെ വല്ലാതെ അലോസരപ്പെടുത്തുകയുണ്ടായി.

ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം പ്രധാനമായും നാല് മേഖലകളിലായിരുന്നു. വ്യാപാരവും വാണിജ്യവും, ഊര്‍ജ്ജ സുരക്ഷിതത്വം, പ്രതിരോധം, പ്രവാസി ക്ഷേമം എന്നിവയാണവ. ഇതില്‍ ഊന്നിനിന്നുകൊണ്ടു തന്നെയാണ് മോദിയും നഹ്യായും 14 കരാറുകളില്‍ ജനുവരി 25ന് ഒപ്പുവച്ചത്. ആയുധ നിര്‍മ്മാണം, സാങ്കേതികവിദ്യ കൈമാറ്റം, മനുഷ്യക്കടത്ത് തടയല്‍, സമുദ്രം വഴിയുള്ള വാണിജ്യം, റോഡ് വികസനം, രഹസ്യാന്വേഷണ വിവര കൈമാറ്റം, സൈബര്‍ സുരക്ഷ എന്നിവ 14 ഇന കരാറില്‍ ഉള്‍പ്പെടുന്നു.

ഐഎസ്ആര്‍ഒയും യുഎഇയുടെ ശാസ്ത്രസാങ്കേതിക വകുപ്പും തമ്മിലുള്ള കരാര്‍, ഇന്ത്യയുടെ ചന്ദ്രയാന്‍ പദ്ധതിയുടെ ഭാഗമാകാനുള്ള യുഎഇ നീക്കം എന്നിവയെല്ലാം പച്ചക്കൊടി കണ്ടു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തിലുള്ള ഫ്രാന്‍സ് പങ്കാളികളായ ഇന്റര്‍നാഷണല്‍ സോളാര്‍ അലയന്‍സിന്റെ ഭാഗമാകാനും യുഎഇ കരാറിലെത്തുകയുണ്ടായി.
പ്രസാര്‍ ഭാരതിയും യുഎഇയുടെ എമിറേഷന്‍ ന്യൂസ് ഏജന്‍സിയും വാര്‍ത്താ വിതരണത്തിലും മറ്റും സഹകരണത്തിലെത്തുകയുണ്ടായി.

1970 കളില്‍ ഇന്ത്യ-യുഎഇ വ്യാപാര ബന്ധം 180 മില്ല്യണ്‍ ഡോളറിന്റേതായിരുന്നെങ്കില്‍ ഇന്നത് 50 ബില്ല്യണ്‍ ഡോളറിന്റേതാണ്. ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാംസ്ഥാനത്ത് ഇപ്പോഴുള്ളതും മറ്റാരുമല്ല. യുഎഇയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യവും ഇന്ത്യയാണ്. മോദി 2015 ഓഗസ്റ്റില്‍ യുഎഇ സന്ദര്‍ശിച്ചതോടു കൂടി വലിയൊരു കുതിപ്പാണ് ആ രാജ്യവുമായുള്ള ബന്ധങ്ങളിലുണ്ടായത്. 34 വര്‍ഷങ്ങള്‍ക്കുശേഷം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് നന്ദി പ്രകാശിപ്പിക്കാന്‍ ആറു മാസത്തിനകം യുഎഇ രാജകുമാരന്‍ ഡെല്‍ഹിയിലെത്തി. രാഷ്ട്രത്തലവനോ ഭരണത്തലവനോ അല്ലാത്ത രാജകുമാരനെ വിശിഷ്ടാതിഥിയാക്കുക വഴി മോദി ഒരുമുഴം മുമ്പേ എറിഞ്ഞിരിക്കുകയുമാണ്.

തീവ്രവാദത്തിന്റെ കാര്യത്തിലും ഒരേപോലെ ഉത്കണ്ഠാകുലരാണ് ഇന്ത്യയും യുഎഇയും. കന്ദഹാര്‍, കാബൂള്‍ എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ യുഎഇ നയതന്ത്ര പ്രതിനിധികള്‍ കൊല്ലപ്പെട്ടതിലുള്ള ആശങ്കയും ഉത്കണ്ഠയും ഇരു രാജ്യങ്ങളും പങ്കുവയ്ക്കുകയുണ്ടായി.ഐഎസിന്റെ വളര്‍ച്ച, പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകള്‍, അതിര്‍ത്തികടന്നുള്ള ഭീകരാക്രമണങ്ങള്‍ എന്നിവയെല്ലാം രണ്ടു കൂട്ടരും ചര്‍ച്ച ചെയ്തു. അഫ്ഗാനിസ്ഥാനിലെ സുരക്ഷിതത്വമില്ലായ്മയ്ക്ക് പ്രധാന കാരണം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകളാണെന്ന് ഇന്ത്യ സ്ഥാപിക്കുകയുണ്ടായി. പ്രവാസികളായ എം എ യൂസഫലി, ആസാദ് മൂപ്പന്‍ എന്നിവരെല്ലാം രാജകുമാരന്റെ ബിസിനസ് സംഘത്തിലുണ്ടായിരുന്നു. യുഎഇയുടെ ഇന്ത്യയിലെ നിയോഗം എട്ട് ബില്ല്യണ്‍ ഡോളറിന്റേതാണെങ്കില്‍ തിരിച്ചുള്ളത് 50 ബില്ല്യണ്‍ ഡോളറിന്റേതാണ്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കരുതല്‍ നിക്ഷേപം ഉറപ്പുവരുത്താന്‍ മംഗലാപുരത്ത് ഒരു കേന്ദ്രം സ്ഥാപിക്കാന്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (എഡിഎന്‍ഒസി) യുമായി ധാരണയായതാണ് 14 ഇന കരാറില്‍ ശ്രദ്ധേയമായ മറ്റൊരിനം. പ്രതിരോധ രംഗത്ത് കോംപ്രിഹെന്‍സീവ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്റ് (സിഎസ്പിഎ) എന്ന അതി പ്രധാന്യമുള്ള സംയുക്ത സൈനിക അഭ്യാസം ഉള്‍പ്പെടുന്ന ഉടമ്പടിയിലും ഇരു രാജ്യങ്ങളും എത്തിച്ചേര്‍ന്നു. ഇന്ത്യയുടെ സമുദ്രാന്തരീയ സുരക്ഷ (മാരിടൈം സെക്യൂരിറ്റി) രംഗത്ത് അതീവ പ്രാധാന്യമുള്ള സ്‌ട്രൈറ്റ് ഓഫ് ഹോര്‍മൂസ്, ബാബ് എല്‍ മാന്‍ദേബ് എന്നിവിടങ്ങളിലെല്ലാം സൈനികാഭ്യാസം നടത്താന്‍ പുതിയ ഉടമ്പടികള്‍ മൂലം സാധിക്കും.

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തിയ യുഎഇ രാജകുമാരന്‍ ലോദി ഗാര്‍ഡനില്‍ മരംനട്ടുകൊണ്ട് പ്രതീകാത്മകമായി ഇന്ത്യ-യുഎഇ സൗഹൃദത്തെ കൂടുതല്‍ പ്രകാശമാനമാക്കി. ഇന്ത്യയുടെ വികസനത്തിനുവേണ്ടി രൂപവല്‍ക്കരിച്ച നാഷണല്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടി(എന്‍ഐഐഎഫ്) ല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള കരാറിലും രാജകുമാരന്‍ എത്തിച്ചേരുകയുണ്ടായി.

ഇന്ത്യയുടെ വിദേശ വരുമാനത്തിന്റെ 52 ശതമാനവും ഗള്‍ഫ് പ്രവാസികളില്‍ നിന്നാണ്. ഇതാകട്ടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തില്‍ വളരെ പ്രാധാന്യമേറിയതും. ഇപ്പോള്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഗള്‍ഫ് നാടുകളില്‍ എത്തിപ്പെടണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. എന്നാല്‍ ഇ- മൈഗേറ്റ് സംവിധാനം വൈകാതെ നടപ്പാക്കുകയാണെങ്കില്‍ അര്‍ഹരായവര്‍ക്ക് ഏകജാലകത്തിലൂടെ പ്രവാസം ഇനി കൂടുതല്‍ ലളിതമാകാന്‍ പോവുകയാണ്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാകട്ടെ യുഎഇ രാജകുമാരനും. ഏതായാലും അടുത്ത യുഎഇ ഭരണാധികാരിയുമായി തന്നെ കരാറുകളിലെത്തിച്ചേരാന്‍ സാധിച്ചതിനാല്‍ ഭാവിയിലും രണ്ടു രാഷ്ട്രങ്ങളും തമ്മിലെ ബന്ധം ശക്തമായി തുടരുമെന്നത് ഉറപ്പാണ്.

Comments

comments

Categories: FK Special
Tags: India, UAE