ജൈവകൃഷിക്കൊരു ഡിജിറ്റല്‍ കൈത്താങ്ങ്‌

ജൈവകൃഷിക്കൊരു ഡിജിറ്റല്‍ കൈത്താങ്ങ്‌

2016 ഫെബ്രുവരി അഞ്ചിനാണ് പ്രദീപ് എന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ ജോലിയുപേക്ഷിച്ച് മണ്ണിലേക്കിറങ്ങിയത്. അതിന്റെ ഒന്നാം വാര്‍ഷികത്തില്‍ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു. ”ഇന്ന് ഞാന്‍ ഫിന്‍ജെന്റില്‍ നിന്നും എന്റെ പ്രൊഫഷന്‍ ആയ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ജോലി ഉപേക്ഷിച്ചിട്ട് ഒരു വര്‍ഷം. ഇതുവരെയുള്ള ജീവിതത്തില്‍ വീട്ടുകാരുടെ പരിപൂര്‍ണ സമ്മതമില്ലാതെ എടുത്ത ഒരു സുപ്രധാന തീരുമാനം.” ഇതിനൊപ്പം ഉയര്‍ന്ന അനിശ്ചിതത്വത്തിനെല്ലാം അദ്ദേഹത്തിന്റെ പക്കല്‍ ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ സ്വപ്‌നസംരംഭമായ ഫാമേഴ്‌സ് ഫ്രെഷ് സോണ്‍ എന്ന സ്റ്റാര്‍ട്ടപ്പ്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനപരിചയമുള്ള ഒരു യുവഎന്‍ജിനീയര്‍ക്ക് കിട്ടുന്ന മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിക്കാന്‍ പ്രദീപിനെ പ്രേരിപ്പിച്ചതും ഈ സ്റ്റാര്‍ട്ടപ്പ് തന്നെ. പച്ചക്കറിവിപണനത്തിനു സോഫ്റ്റ്‌വെയര്‍ കണ്ടെത്തിയ ശേഷമുള്ള ജൈത്രയാത്രയിലാണ് ഒന്നര വര്‍ഷമായി ഈ യുവാവ്.

എസി മുറിയിലെ ജോലിയല്ല പ്രധാനം

തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാടിനടുത്ത മറ്റത്തൂര്‍ സ്വദേശിയായ പ്രദീപ് വീടിനോട് ചേര്‍ന്നുള്ള എട്ടേക്കര്‍ സ്ഥലത്ത് നടക്കുന്ന കൃഷിയും വിളവെടുപ്പുമൊക്കെ കണ്ടാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. പിന്നീട് ലാഭം ലഭിക്കാതെയായപ്പോള്‍ അച്ഛനും പിതൃസഹോദരനും കൃഷി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കൃഷി ചെയ്തു വിളയിച്ച 200 കിലോ ചുരക്കയ്ക്ക് ആകെ കിട്ടിയത് 200 രൂപ. കിലോയ്ക്ക് വെറും ഒരു രൂപ എന്ന നിരക്കില്‍. പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്ന പ്രദീപിന്റെ മനസില്‍ ഈ സംഭവമുടക്കി. പിന്നീട് ബിടെക് കംപ്യൂട്ടര്‍സയന്‍സിനു പഠിക്കുമ്പോള്‍ പ്രദീപ് ആ കൃഷിയിടത്തിലേക്കിറങ്ങി. 40 സെന്റ് സ്ഥലത്തായിരുന്നു പ്രദീപിന്റെ കൃഷി. നല്ല വിളവ് ലഭിച്ചെങ്കിലും അത് വിപണിയിലെത്തിക്കുന്നതിനോ നല്ല വിലയ്ക്കു വില്‍ക്കാനോ കഴിഞ്ഞില്ല. ലാഭം ലഭിക്കാത്തതാണ് കൃഷി ഉപേക്ഷിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അതിന് ഒരു പ്രതിവിധി കണ്ടെത്തുക എന്ന ചിന്തയായിരുന്നു മനസ്സുനിറയെ.

പഠനത്തിനുശേഷം ജോലി സമ്പാദിച്ചെങ്കിലും പ്രദീപിന്റെ മനസില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അലയടിച്ചു. അങ്ങനെയാണ് കര്‍ഷകര്‍ക്ക് താങ്ങുവില നല്‍കിക്കൊണ്ട് കാര്‍ഷികവിള ഏറ്റെടുത്ത്, ആവശ്യക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്താടെ ഒരു വെബ്‌സൈറ്റ് രൂപീകരിക്കുന്നത്. ഫാമേഴ്‌സ് ഫ്രെഷ് സോണ്‍ അഥവാ ഫാമേഴ്‌സ്എഫ്‌സെഡ് ( www.farmersfz.com) എന്ന വെബ്‌സൈറ്റിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഇന്‍ഫോപാര്‍ക്കിലെ ഫിന്‍ജന്റ് ടെക്‌നോളജി സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജോലിയോടൊപ്പം മുന്നോട്ടു കൊണ്ടുപോയി. 2015 ജൂലൈ 19ന് മന്ത്രി സി രവീന്ദ്രനാഥ് ഉല്‍ഘാടനം ചെയ്തതോടെ ഫാമേഴ്‌സ് ഫ്രെഷ് സോണ്‍ എന്ന സംരംഭം ആള്‍ക്കാര്‍ക്കിടയിലേക്ക് എത്തി. പ്രദീപിനൊപ്പം സുഹൃത്ത് ജോര്‍ജ് തോമസ്, അച്ഛന്‍ ഷാജന്‍ ബാബു, ഇളയച്ഛന്‍ അംബുജാക്ഷന്‍, ബന്ധുവായ അജയ് ശങ്കര്‍ എന്നിവരടങ്ങിയ ടീം ആണ് ഫാമേഴ്‌സ് ഫ്രഷ് സോണ്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ അണിയറയിലുള്ളത്. പ്രദീപിന്റെ കുടുംബാംഗങ്ങളടക്കം എട്ട് കര്‍ഷകരില്‍ നിന്നായി ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ 50 ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊണ്ടായിരുന്നു ആദ്യകാല പ്രവര്‍ത്തനങ്ങള്‍. അത് ഇന്‍ഫോപാര്‍ക്കിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രദീപില്‍ നിന്നും ഫാമേഴ്‌സ് ഫ്രെഷ് സോണ്‍ എന്ന സംരംഭത്തിന്റെ സ്ഥാപകനും ഡയറക്റ്ററുമായ പ്രദീപിലേക്കുള്ള വളര്‍ച്ചയായിരുന്നു. ഇന്‍ഫോപാര്‍ക്കിലേക്ക് സംരംഭത്തെ പറിച്ചു നട്ടെങ്കിലും ജോലിയും സ്റ്റാര്‍ട്ടപ്പും ഒരുമിച്ച് കൊണ്ടുപോകാനായി. പിന്നീട് ആറുമാസങ്ങള്‍ക്ക് ശേഷമാണ് ജോലി ഉപേക്ഷിച്ച്, മുഴുവന്‍സമയ പ്രവര്‍ത്തനവും ഫാര്‍മേഴ്‌സ് ഫ്രെഷ് സോണിനായി മാറ്റിവെക്കുന്നത്. പ്രദീപിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ 24 വര്‍ഷം താന്‍ അനുഭവിക്കാത്ത വെല്ലുവിളികളെയാണ് ഈ കുറച്ചു നാളുകള്‍കൊണ്ട് നേരിടേണ്ടതായി വന്നത്. തനിക്ക്് ഇഷ്ടമുള്ള കാര്യം ചെയ്യുന്നു എന്ന സംതൃപ്തിയായിരുന്നു അവിടെയെല്ലാം അദ്ദേഹത്തെ മുന്‍പോട്ട് നയിച്ചത്.

കൃഷിയെ സംരക്ഷിക്കാന്‍

ആദ്യകാലങ്ങളില്‍ തങ്ങളുടെ സംരംഭത്തിലേക്ക് കാര്‍ഷികവിളകള്‍ നല്‍കുന്നതിന് പല കര്‍ഷകരും മടി കാണിച്ചിട്ടുണ്ടെന്നാണ് പ്രദീപ് പറയുന്നത്. അവര്‍ക്കാര്‍ക്കും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമായിരുന്നില്ല എന്നതു തന്നെയായിരുന്നു കാരണം. എന്നാല്‍ കുറച്ചുനാളുകളുടെ പ്രവര്‍ത്തനം കൊണ്ട് ഇത് വിജയകരമാണെന്ന് ആ കര്‍ഷകര്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു ഈ ചെറുപ്പക്കാരന്‍. അങ്ങനെ ഫാമേഴ്‌സ് ഫ്രെഷ് സോണ്‍ എന്ന സംരംഭത്തിന്റെ പ്രവര്‍ത്തനവും സേവനങ്ങളും കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തി. ഇന്ന് തൃശ്ശൂര്‍, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളില്‍ നിന്നായി 150 കര്‍ഷകരാണ് ഫാമേഴ്‌സ് ഫ്രെഷ് സോണിനായി തങ്ങളുടെ കൃഷിയിടത്തില്‍ പച്ചക്കറികള്‍ വിളയിക്കുന്നത്. കര്‍ഷകര്‍ പണത്തിനു ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ അവരില്‍ നിന്നു വാങ്ങിക്കുന്ന പച്ചക്കറികള്‍, ഒരു കുടുംബത്തിന്റ മുഴുവന്‍ പ്രതീക്ഷകളായിരിക്കാം ചിലപ്പോള്‍ വീണ്ടെടുത്ത് നല്‍കുന്നത്. അത്തരം അനുഭവങ്ങളാണ് വെല്ലുവിളികള്‍ ഉണ്ടാകുമ്പോള്‍ കൂടുതല്‍ പ്രചോദനമായി തനിക്ക് മുന്‍പില്‍ നില്‍ക്കുന്നതെന്ന് പ്രദീപ് പറയുന്നു.


”കേരളത്തില്‍ മികച്ച വിപണി കണ്ടെത്താന്‍ കഴിയാത്തതാണ് നമ്മുടെ നാട്ടിലെ കൃഷി കുറയുന്നതിനുള്ള പ്രധാനകാരണം. അതേസമയം, അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള കാര്‍ഷികവിളകള്‍ നമ്മുടെ വിപണി കീഴടക്കുന്നു. ഈ അവസ്ഥ മാറി ഒരു വിപണി കണ്ടെത്താന്‍ കഴിയണം. ഗുണമേന്മയുള്ള പച്ചക്കറികള്‍ നല്‍കുകയാണെങ്കില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും,” പ്രദീപ് വ്യക്തമാക്കുന്നു. തന്റെ അഭിപ്രായത്തില്‍ 2030 ആകുമ്പോഴേക്കും കേരളത്തിലെ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ഒരു സംരംഭമായി കൃഷി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇന്‍ഫോപാര്‍ക്കിനുള്ളില്‍ കൃഷി തുടങ്ങി കാര്‍ഷികചിന്ത കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കുന്നതിനും ഫാമേഴ്‌സ് ഫ്രെഷ് സോണിന് സാധിച്ചിട്ടുണ്ട്. ഇന്ന് ഇന്‍ഫോപാര്‍ക്കിന്റെ സിഇഒ അടക്കമുള്ള 5,000 ഉപഭോക്താക്കളാണ് ഫാമേഴ്‌സ് ഫ്രെഷ് സോണിനുള്ളത്.

എതിര്‍പ്പുകളോടും ഓഫറുകളോടും ‘നോ’

മികച്ച ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് സംരംഭം എന്നു പറഞ്ഞ് ഇറങ്ങിത്തിരിക്കുന്നതിന് വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുകളേറെയായിരുന്നു. പരമ്പരാഗതമായി കൃഷി ചെയ്തിരുന്നവരാണെങ്കിലും എന്‍ജിനീയറിംഗും എംബിഎയും കഴിഞ്ഞ മകന്‍ ഈ മേഖലയിലേക്ക് ഇറങ്ങിയത് അവര്‍ക്ക് ചിന്തിക്കാനാകുമായിരുന്നില്ല. വീട്ടുകാര്‍ പരാജയപ്പെട്ട മേഖല തെരഞ്ഞെടുത്ത പ്രദീപിന്റെ തീരുമാനത്തെ മാറ്റാന്‍ പക്ഷെ അവര്‍ക്കായില്ല. മികച്ച പ്രകടനം കാഴ്ച വെച്ച് താനെടുത്ത തീരുമാനം ശരിയാണെന്ന് ഈ യുവാവ് തെളിയിക്കുക തന്നെ ചെയ്തു.”മറ്റ് ജോലികളെ അപേക്ഷിച്ച് അല്‍പം കഷ്ടപ്പാടു കൂടുതലുള്ള രംഗമാണിത്. പക്ഷെ നമുക്ക് ഇഷ്ടപ്പെട്ട കാര്യം ചെയ്യുന്നതിന്റെ ആത്മസംതൃപ്തി ഇതിലൂടെ ലഭിക്കുന്നുണ്ട്. ടൈംടേബിള്‍ പ്രകാരമുള്ള ജീവിതക്രമം മാറ്റി ഓരോ ദിവസവും വ്യത്യസ്തമാക്കുകയാണ് ഞാനിപ്പോള്‍,” പ്രദീപ് പറയുന്നു. എല്ലാവരും പോകുന്ന വഴിക്കല്ല നമ്മള്‍ സഞ്ചരിക്കേണ്ടതെന്ന് തന്റെ ജീവിതം കൊണ്ട് കാണിച്ച് തരുകയാണ് ഈ ചെറുപ്പക്കാരന്‍. സ്റ്റാര്‍ട്ടപ്പ് തുടങ്ങി കുറച്ച് നാളുകള്‍ക്ക് ശേഷം സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ നിന്ന് സ്വപ്‌നം കാണാനാകാത്ത ശമ്പളത്തില്‍ ഒരു ജോലിവാഗ്ദാനം വന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ അതിനോട് ‘നോ’ എന്ന് പറയാന്‍ പ്രദീപിനെ പ്രേരിപ്പിച്ചത് കൃഷിയോടുള്ള സ്‌നേഹവും നിശ്ചയദാര്‍ഢ്യവും തന്നെ. സാധാരണ യുവാക്കളില്‍ നിന്നും മാറി ചിന്തിച്ച് അദ്ധ്വാനിക്കുന്നത് സ്വന്തം നാടിനു വേണ്ടിയാകുക എന്ന ചിന്താഗതിയാണ് പ്രദീപിനുള്ളത്.

സേവനം കൂടുതല്‍ആള്‍ക്കാരിലേക്ക്

ആദ്യകാലങ്ങളില്‍ ക്യാഷ് ഓണ്‍ ഡെലിവറി മാത്രമേ ഫാമേഴ്‌സ് ഫ്രെഷ് സോണിന്  ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇന്ന് ഓണ്‍ലൈനിലും പണമടയ്ക്കാം. വെബ്‌സൈറ്റിലൂടെയും മൊബീല്‍ ആപ്ലിക്കേഷനിലൂടെയും ഓഡര്‍ ചെയ്ത പച്ചക്കറികള്‍ കൃഷിയിടങ്ങളില്‍ നിന്നു പറിച്ചെടുത്ത് മറ്റത്തൂരിലെ വീടിന് സമീപത്തു നിന്നും പായ്ക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളില്‍ ആവശ്യക്കാരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. മുന്‍കൂട്ടിയുള്ള ഓഡര്‍ ലഭിച്ചതിനുശേഷം മാത്രമേ പച്ചക്കറികള്‍ കൃഷിയിടത്തില്‍ നിന്നും ശേഖരിക്കുകയുള്ളൂ. ഏറ്റവും ശുദ്ധമായ പച്ചക്കറികള്‍ നല്‍കുന്നതിനാണിത്. ഇതിനോടകം തന്നെ ഈ സംരംഭത്തെ ജയ്പ്പുരിലേക്ക് കൂടി വ്യാപിപ്പിക്കണം എന്ന ആവശ്യങ്ങളുമായി അവിടെ നിന്നുമുള്ള ചിലര്‍ ഫാര്‍മേഴ്‌സ് ഫ്രെഷ് സോണിനെ സമീപിക്കുകയുണ്ടായി. എന്നാല്‍ കേരളത്തില്‍ മികവു പ്രകടിപ്പിച്ച ശേഷം മാത്രം മറ്റിടങ്ങളിലേക്ക് എന്നാണ് പ്രദീപ് ചിന്തിക്കുന്നത്. ഇപ്പോള്‍ കാക്കനാട് മാത്രമായി 5,000 ഉപഭോക്താക്കളുള്ള സംരംഭം ഉടന്‍ കടവന്ത്ര, തേവര, ഇടപ്പള്ളി എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളം മുഴുവന്‍ ഫാമേഴ്‌സ് ഫ്രെഷ് സോണിന്റെ സേവനങ്ങളെ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.

Comments

comments

Categories: Life, Tech, Trending