കാഷ്‌ലെസ് രാജ്യത്ത് ബിറ്റ്‌കോയിന്‍ വന്നാല്‍…

കാഷ്‌ലെസ് രാജ്യത്ത്  ബിറ്റ്‌കോയിന്‍ വന്നാല്‍…

പി ഡി ശങ്കരനാരായണന്‍

2010 ഡിസംബര്‍ ഏഴാം തിയതി ചൊവ്വാഴ്ച്ച രാത്രി ഏഴുമണി. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ അപ്പോള്‍ സമയം രാവിലെ എട്ടര മണി. മാസ്റ്റര്‍ കാര്‍ഡ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ പ്രസിഡന്റ് അജയ്പാല്‍ സിംഗ് ഭാംഗയുടെ മൊബീല്‍ഫോണില്‍ അമേരിക്കന്‍ സെനറ്റര്‍ ജോസഫ് ലീബര്‍മാന്റെ വിളിയെത്തുന്നു. അജയ് ഭാംഗ ആ ദിവസങ്ങളില്‍ ഇന്ത്യയില്‍ പഞ്ചാബിലെ ജലന്ധറിനടുത്തുള്ള തന്റെ കുടുംബവീട്ടില്‍ ഒരു അവധിക്കാലം ആഘോഷിക്കാന്‍ വേണ്ടി അമേരിക്കയില്‍ നിന്ന് എത്തിയതായിരുന്നു. ലീബര്‍മാന്റെ അടിയന്തിര ആവശ്യം ഒന്നുമാത്രം: വിക്കിലീക്‌സിന് മാസ്റ്റര്‍കാര്‍ഡ് ഗേറ്റ്‌വേ മുഖേനയുള്ള എല്ലാ പണം വരവും തടയണം. തങ്ങള്‍ ചോര്‍ത്തിയെടുത്ത രണ്ടര ലക്ഷം നയതന്ത്ര കമ്പിസന്ദേശങ്ങളില്‍ ആദ്യത്തെ 220 എണ്ണം അമേരിക്കന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ വകവയ്ക്കാതെ വിക്കിലീക്‌സ് പുറത്തുവിട്ടിട്ട് അപ്പോഴേയ്ക്കും പത്ത് ദിവസം കഴിഞ്ഞിരുന്നു. വിക്കിലീക്‌സിനെ സാമ്പത്തികമായി ഞെരുക്കുക എന്നതായിരുന്നു ലീബര്‍മാന്റെ ഉദ്ദേശ്യം.

ആലോചിച്ച് ചെയ്യാം എന്ന് മറുപടി പറഞ്ഞ ഭാംഗയോട് ലീബര്‍മാന്‍ പറഞ്ഞത് -‘നിങ്ങള്‍ ഞങ്ങളുടെ ഭാഗത്താണോ എതിരാളികളുടെ ഭാഗത്താണോ എന്ന് വിക്കിലീക്‌സിന് മാസ്റ്റര്‍കാര്‍ഡ് ഗേറ്റ്‌വേ അര മണിക്കൂറിനകം മുറിച്ചുകൊണ്ട് തെളിയിക്കുക’ എന്നാണ്. കൂട്ടത്തില്‍ പേപാല്‍ തലേദിവസം രാത്രി വിക്കിലീക്‌സിനെ തങ്ങളുടെ ഉപയോഗത്തില്‍ നിന്ന് വിലക്കിയ കാര്യവും അറിയിച്ചു.

ഭാംഗയ്ക്ക് ലീബര്‍മാന്റെ ആവശ്യം അത്രയെളുപ്പം തള്ളിക്കളയാനാവുന്നതല്ലായിരുന്നു. ഒരു വര്‍ഷം മുന്‍പ്, 2009ല്‍, റഷ്യ ‘മിര്‍’ എന്ന തങ്ങളുടെ സ്വന്തം ദേശീയ പേമെന്റ് കാര്‍ഡ് സമ്പ്രദായം നടപ്പിലാക്കാന്‍ തുടങ്ങിയത് ലീബര്‍മാന്‍ മുഖേനയുള്ള അന്താരാഷ്ട്ര നയതന്ത്ര ഇടപെടലുകളിലൂടെയാണ് ഭാംഗയ്ക്ക് തടയാനായത്. മാസ്റ്റര്‍കാര്‍ഡിന്റെ 20% വരുമാനവും അക്കാലത്ത് റഷ്യന്‍ കമ്പോളത്തില്‍ നിന്നായിരുന്നു.

മിര്‍ നടപ്പിലായിരുന്നുവെങ്കില്‍ മാസ്റ്റര്‍കാര്‍ഡിനും വിസയ്ക്കും അത് വലിയ തിരിച്ചടിയാവുമായിരുന്നു. (പിന്നീട് 2014 ജൂലൈയില്‍ റഷ്യ മിര്‍ നടപ്പിലാക്കി).ഭാംഗ ലീബര്‍മാന്റെ ആവശ്യം ഉടനടി നടപ്പാക്കി. പിറ്റേന്ന് വിസയും അതുപോലെ ചെയ്തു. ലീബര്‍മാന്‍ വളരെ വിദഗ്ധമായി നീക്കിയ കരുക്കളില്‍ തട്ടി വിക്കിലീക്‌സിന്റെ എല്ലാ വരുമാനവും നിന്നു. ഇതാണ് ഇക്കാര്യത്തില്‍ പറഞ്ഞ് കേള്‍ക്കുന്ന പിന്നാമ്പുറ കഥകള്‍. വിക്കിലീക്‌സ്, തങ്ങളുടെ പണസ്രോതസ് മുടക്കിയതിന്റെ പേരില്‍ മാസ്റ്ററിനും വിസയ്ക്കുമെതിരെ നടത്തുന്ന നിയമയുദ്ധം എന്തായാലും ഇപ്പോഴും തുടരുന്നു.

ആറുമാസം കഴിഞ്ഞ് വിക്കിലീക്‌സ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു: ‘1HB5XMLmzFVj8ALj6mfBsbifRoD4miY36v’ എന്ന പബ്ലിക് കീ വച്ച് ‘ബിറ്റ്‌കോയിന്‍’ മുഖേന ജനങ്ങള്‍ക്ക് വിക്കിലീക്‌സിന് സംഭാവന അയക്കാം! തൊണ്ണൂറ്റൊമ്പത് ശതമാനം ജനങ്ങള്‍ക്കും അതുവരെ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന ബിറ്റ്‌കോയിന്‍ അങ്ങനെ പ്രസിദ്ധമായി.

ബിറ്റ്‌കോയിന്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലെ സങ്കീര്‍ണ്ണമായ ഗോപ്യഭാഷാസങ്കേതം (encrypting) ഉപയോഗിച്ച് ഉണ്ടാക്കിയ, കാണാനോ സ്പര്‍ശിക്കാനോ ആവാത്ത, സാങ്കല്‍പ്പിക കറന്‍സിയാണ് (cryptocurrency). സടോഷി നാകമോട്ടോ എന്ന ഇരട്ടപ്പേരില്‍ മാത്രം പുറംലോകം അറിയുന്ന ഒരാളോ ഒന്നിലധികം പേരോ ചേര്‍ന്നാണ് നൂതനകണ്ടുപിടുത്തമായ ബിറ്റ്‌കോയിന് 2008 ല്‍ രൂപം നല്‍കിയത്. ഇത് ലോകത്തില്‍ ആദ്യത്തെ കേന്ദ്രീകൃത ഡിജിറ്റല്‍ കറന്‍സിയാണ്. ഇന്റര്‍നെറ്റ് വഴിയാണ് ഇത് ഉപയോഗിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍ മൗസ്‌ക്ലിക്കിലൂടെ, ഒരു ബാങ്കിന്റെയും ഇടപെടല്‍ കൂടാതെ ഒരാളില്‍ നിന്ന്, ബ്‌ളോക് ചെയിന്‍ എന്ന പ്രത്യേക സംവിധാനം മുഖേന രേഖപ്പെടുത്തി, മറ്റൊരാളിലേക്ക് പണം കൈമാറാമെന്നതാണ് ഇതിന്റെ സവിശേഷത. ഒരു സര്‍ക്കാരിന്റെയോ ഒരു കേന്ദ്ര ബാങ്കിന്റെയോ നിയന്ത്രണത്തിലല്ല, ബിറ്റ്‌കോയിന്‍.

ഒനിയന്‍ റൂട്ടര്‍ (The Onion Router, TOR) എന്ന പേരിലുള്ള സോഫ്റ്റ് വെയര്‍ സംവിധാനത്തിലാണ് ബിറ്റ്‌കോയിന്‍ ഒരുക്കിയിരിക്കുന്നത്. ഉപയോഗിക്കുന്നവരുടെ യാതൊരു കാലടിപ്പാടുകളും അവശേഷിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. അന്വേഷിക്കുന്നവര്‍ക്ക് ഉള്ളി തൊലികളയുന്ന അനുഭവമാകും, ഒന്നും ബാക്കി കിട്ടില്ല. അതിനാലാണ് ഇതിനെ ഒനിയന്‍ റൂട്ടര്‍ എന്നു വിളിക്കുന്നത്. അതുകൊണ്ട് തന്നെ അജ്ഞാതരായി നിലകൊണ്ട് പണമിടപാടുകള്‍ നടത്താന്‍ പലരും ഇതുപയോഗിക്കുന്നു.

ഉപയോഗിക്കുന്നവരുടെ കമ്പ്യൂട്ടറിലാണ് ബിറ്റ്‌കോയിന്‍ സൂക്ഷിക്കപ്പെടുന്നത്. എല്ലാവര്‍ക്കും ഒരു പ്രൈവറ്റ് കീയും (പാസ് വേര്‍ഡ്) ഒരു പബ്ലിക് കീയും (അഡ്രസ്) ഉണ്ടാവും. പ്രൈവറ്റ് കീ ഉടമസ്ഥന്‍ രഹസ്യമായി സൂക്ഷിക്കുമ്പോള്‍ പബ്ലിക് കീ പണം തരാനുള്ളവരുമായി പങ്കുവയ്ക്കുന്നു. രണ്ടും 27 മുതല്‍ 34 വരെ അക്കാക്ഷരങ്ങള്‍ ഉള്ളതായിരിക്കും. ഈ പബ്ലിക് കീ ആണ് വിക്കിലീക്‌സ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.ബിറ്റ്‌കോയിന്റെ വിനിമയ നിരക്ക് കമ്പോളത്തിലെ ആവശ്യലഭ്യതകള്‍ക്ക് അനുസരിച്ച് മാത്രം മാറുന്നതാണ്; ഒരു സര്‍ക്കാരിനും ഇതില്‍ ഇടപെടാനാവില്ല.

പല പാശ്ചാത്യപൗരസ്ത്യ രാജ്യങ്ങളും ബിറ്റ്‌കോയിന്‍ ഒരു പണമിടപാട് മാധ്യമമായി അംഗീകരിച്ചിട്ടുണ്ട്. ബിറ്റ്‌കോയിന്‍ ശേഖരത്തില്‍ നിന്ന് അതാത് രാജ്യങ്ങളിലെ കറന്‍സികളില്‍ പണം പിന്‍വലിക്കാവുന്ന എടിഎം പോലും പലയിടത്തുമുണ്ട്. ഇന്ത്യയിലും ഇത് ഭാഗികമായി ചില എക്‌സ്‌ചേഞ്ചുകള്‍ മുഖേന (ഉദാ:http-s://www.zebpay.com) ഉപയോഗത്തിലുണ്ടെങ്കിലും ഒരു യൂണിറ്റ് ബിറ്റ്‌കോയിന്റെ നടപ്പ് വില ഏകദേശം 70000 രൂപയാണ് ഇപ്പോള്‍. ഒട്ടുംതന്നെ നിയമവിധേയ കറന്‍സിയല്ല ബിറ്റ്‌കോയിന്‍.

ബിറ്റ്‌കോയിന്‍ ഇന്ത്യയില്‍ നിയമവിധേയമാക്കണമെന്ന് നിരവധിപേര്‍ വാദിക്കുന്നുണ്ട്; പ്രധാനമായും ഇതിന്റെ വിനിമയവുമായി ബന്ധപ്പെട്ടവര്‍ തന്നെ. പക്ഷേ, റിസര്‍വ്ബാങ്കും ഭാരത സര്‍ക്കാരും ഇതുവരെ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്:

1. റിസര്‍വ് ബാങ്കിന് ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ വീക്ഷിക്കാനോ നിയന്ത്രിക്കാനോ കിട്ടില്ല. കാരണം അവ അജ്ഞാതര്‍ അജ്ഞാതമായി അജ്ഞാത ഉദ്ദേശങ്ങള്‍ക്കായി നടത്തുന്നതാണ്. ആഭ്യന്തരമായി വിലനിലവാരവും വൈദേശികമായി വിനിമയനിലവാരവും സ്ഥിരത കൈവരിപ്പിച്ച് നിര്‍ത്തുകയെന്ന റിസര്‍വ് ബാങ്ക് കടമ നിറവേറ്റാന്‍ ബിറ്റ്‌കോയിന്റെ വ്യാപക ഉപയോഗം തടസ്സമാവും.
2. കള്ളപ്പണം ഒളിപ്പിക്കാനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ബിറ്റ്‌കോയിന്‍ ഉപയോഗിച്ചേക്കാം. തെളിവുകള്‍ തുടച്ച് മാറ്റുന്ന TOR സംവിധാനത്തിലുള്ള പണമിടപാടുകള്‍ കുറ്റവാളികള്‍ക്ക് പ്രചോദനവും കുറ്റാന്വേഷകര്‍ക്ക് കഠിന പരീക്ഷണവുമായിരിക്കും.
3. സമ്പദ് വ്യവസ്ഥയില്‍ സര്‍ക്കാരിന് നിയന്ത്രണം നഷ്ടപ്പെടും. സമാന്തര സമ്പദ് വ്യവസ്ഥ നിലവില്‍ വരികയും അത് കടിഞ്ഞാണില്ലാതെ പായുകയും ചെയ്യും. പണപ്പെരുപ്പം പിടിച്ചാല്‍ കിട്ടാതെയാവും.
4. ഇന്ത്യന്‍ രൂപയുടെ പ്രസക്തിയ്ക്ക് തന്നെ മങ്ങലേല്‍ക്കാം. വിദേശവ്യാപാരം ഇന്ത്യന്‍ രൂപയിലേയ്ക്ക് വരാതെ പോകും. ഇത് വ്യാപകമായ സാമ്പത്തിക അസ്ഥിരതയ്ക്ക് കാരണമാവും.
5.ഒരു വസ്തുവിന്റെ പോലും കൈമാറ്റം ഇല്ലാതെ, തികച്ചും ഊഹക്കച്ചവടത്തിലൂന്നിയ പണവ്യവഹാരം പണപ്പെരുപ്പത്തിന് കാരണമാകും.
6. വിദേശ വിനിമയ നിയമപ്രകാരം ബിറ്റ്‌കോയിന്‍ നിര്‍വചിക്കപ്പെട്ടിട്ടില്ല. ഇത് നിയമപ്രശ്‌നങ്ങളുമുണ്ടാക്കും.
7. നിയതമായ ചട്ടങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കാത്ത, ഒരു നിയന്ത്രണ സംവിധാനവുമില്ലാത്ത, തുറന്ന സ്രോതസായ (open source) ബിറ്റ്‌കോയിന്‍ കൈമാറ്റം നടത്തുന്നവര്‍ക്ക് യാതൊരു സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ ഒരു സ്ഥാപനമോ ചട്ടക്കൂടോ നിലവില്ല.
8. ബിറ്റ്‌കോയിന്‍ ഒരു ഡിജിറ്റല്‍ കറന്‍സി തന്നെയാണെങ്കിലും, നോട്ട് നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് തകിടം മറിക്കും. ഇന്ത്യന്‍ രൂപയുടെ വിനിമയപരമാധികാരത്തിന് ഇത്തരം കറന്‍സികള്‍ ഭീഷണിയാണ്. ഡിജിറ്റല്‍ ഇടപാടുകളാണ് നാം വിഭാവനം ചെയ്യുന്നത്; ഡിജിറ്റല്‍ കറന്‍സിയല്ല.
ഇക്കാര്യത്തില്‍ ഭാരത സര്‍ക്കാരിന്റേയും ഭാരതീയ റിസര്‍വ് ബാങ്കിന്റെയും ഇതുവരെയുള്ള നിലപാടുകള്‍ ശ്ലാഘനീയമാണ്. അത് തുടരണം.

(സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരുവനന്തപുരം പഠനകേന്ദ്രം മേധാവിയും അസിസ്റ്റന്റ് ജനറല്‍ മാനേജരുമാണ് ലേഖകന്‍. അഭിപ്രായങ്ങള്‍ വ്യക്തിപരം)

Comments

comments

Categories: FK Special