ഡ്രൈവറില്ലാ കാറുകള്‍ ഭരിക്കുന്ന ലോകം

ഡ്രൈവറില്ലാ കാറുകള്‍ ഭരിക്കുന്ന ലോകം

അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്(കൃത്രിമ ബുദ്ധി) അധിഷ്ഠിത സ്റ്റാര്‍ട്ടപ്പാണ് അര്‍ഗോ എഐ. ഈ സ്റ്റാര്‍ട്ടപ്പില്‍ അടുത്തിടെ അമേരിക്കയുടെ ക്ലാസ് ഓട്ടോമൊബീല്‍ കമ്പനി ഫോര്‍ഡ് മോട്ടോര്‍ കോ. നിക്ഷേപിച്ചത് ഒരു ബില്ല്യണ്‍ ഡോളറാണ്. എന്തിന് ഒരു ഓട്ടോ വമ്പന്‍ ഒരു കുഞ്ഞന്‍ സ്റ്റാര്‍ട്ടപ്പില്‍ ഇത്ര വലിയ നിക്ഷേപം നടത്തണം. കാരണം ഓട്ടൊമൊബീല്‍ രംഗത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ തന്നെ.

ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് ഉപയോഗപ്പെടുത്തിയുള്ള സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വികസിപ്പിക്കാന്‍ വന്‍കിട കമ്പനികളെല്ലാം തന്നെ ഇന്ന് രംഗത്തുണ്ട്. ഇതിനായാണ് ഈ സാങ്കേതികവിദ്യയില്‍ അഗ്രഗണ്യരായ സ്റ്റാര്‍ട്ടപ്പുമായി ഫോര്‍ഡ് കൈകോര്‍ക്കുന്നത്.

ഏറ്റവും മികച്ച രീതിയില്‍ സ്വയം നിയന്ത്രിത കാര്‍ ആര്‍ക്ക് പുറത്തിറക്കാനാകും എന്ന മത്സരത്തിലാണ് കമ്പനികള്‍. ആല്‍ഫബെറ്റ് ഇന്‍കിന്റെ ഗൂഗിളും ആപ്പ് അധിഷ്ഠിത വാഹന ബുക്കിംഗ് കമ്പനിയും ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുമായ യുബറും സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ഏറെക്കാലം മുമ്പേ ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിന്‍ ഭീമന്‍ സെല്‍ഫ് ഡ്രൈവിംഗ് കാറില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
ഏഴ് വര്‍ഷം മുമ്പ് ഗൂഗിള്‍ ആസ്ഥാനത്ത് ഒരു പ്രൊജക്റ്റ് എന്ന നിലയ്ക്കാണ് സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്കുള്ള ശ്രമം ആരംഭിച്ചത്. എന്നാല്‍ ഇന്ന് ആ പ്രൊജക്റ്റ് ഒരു കമ്പനിയായി രൂപാന്തരപ്പെട്ടുകഴിഞ്ഞു. വേമോ എന്നാണ് സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ വികസിപ്പിക്കുന്ന ഗൂഗിളിന്റെ സ്വതന്ത്ര കമ്പനിയുടെ പേര്. ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറുകള്‍ വിപണിയില്‍ ഉടനെത്തുമെന്നതിന് ഇതിലും വലിയൊരു സൂചന ആവശ്യമില്ല.

സെല്‍ഫ് ഡ്രൈവിംഗ് പ്രൊജക്റ്റ് ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രധാനപ്പെട്ട ഘട്ടത്തിലാണെന്നും എത്രയും വേഗം പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്നുമായിരുന്നു വേമോ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ജോണ്‍ ക്രാഫ്‌സിക് പറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബര്‍ മാസത്തില്‍ സ്റ്റിയറിംഗ് വീലുകളോ ബ്രേക്ക് പാഡുകളോ ഇല്ലാത്ത സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ മനുഷ്യസഹായമില്ലാതെ അന്ധരായ യാത്രക്കാരുമായി ഓസ്റ്റിനിലും ടെക്‌സസിലും സവാരി നടത്തിയിരുന്നു.

ഗൂഗിള്‍ സഹസ്ഥാപകനായ സെര്‍ജെ ബ്രിന്നിന്റെ നേതൃത്വത്തില്‍ 2009 ലാണ് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പ്രൊജക്റ്റ് ആരംഭിക്കുന്നത്. ‘എക്‌സ്’ എന്ന സ്വകാര്യ ലാബിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.

സാന്‍ഫ്രാന്‍സിസ്‌കോ, ഓസ്റ്റിന്‍, അരിസോണ തുടങ്ങിയ പ്രദേശങ്ങളില്‍ 2.3 ദശലക്ഷം മൈലുകളോളം പരീക്ഷണ ഓട്ടം നടത്തിയ കാര്‍ 35 റോഡപകടങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ വര്‍ഷമാദ്യമാണ് വേമോയുടെ മുന്‍ഗാമിക്ക് സെല്‍ഫ് ഡ്രൈവിംഗ് ടെക്‌നോളജിക്കുള്ള ലൈസന്‍സ് ലഭിച്ചത്. സ്വന്തമായി സെല്‍ഫ് ഡ്രൈവിംഗ് കാര്‍ നിര്‍മ്മിക്കുന്നതിനു പുറമെ പരമ്പരാഗത വാഹനനിര്‍മാതാക്കള്‍ക്ക് ഈ ടെക്‌നോളജി കൈമാറാനും വേമോയ്ക്ക് പദ്ധതിയുണ്ട്.

അമേരിക്കയിലെ ഓട്ടൊമൊബീല്‍ ഭീമന്‍ ജനറല്‍ മോട്ടോഴ്‌സ് സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ ലക്ഷ്യമിട്ട് അടുത്തിടെയാണ് ചില ഏറ്റെടുക്കലുകള്‍ നടത്തിയത്. ക്രൂയിസ് ഓട്ടോമേഷനെയാണ് ഡെട്രോയി കേന്ദ്രമാക്കിയ ജിഎം അവസാനമായി ഏറ്റെടുത്തത്. തൊട്ടുപിന്നാലെ യുബര്‍ ഒട്ടോ എന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രക്ക് സ്റ്റാര്‍ട്ടപ്പിനെയും ഏറ്റെടുത്തിരുന്നു. സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തനം തുടങ്ങി ഏഴ് മാസത്തിനുള്ളിലായിരുന്നു ഈ ഏറ്റെടുക്കല്‍.

ഓട്ടോമൊബീല്‍ രംഗത്തെ അടുത്ത വലിയ 'ഡിസ്‌റപ്ഷന്‍'ഡ്രൈവറില്ലാ കാറുകള്‍

റോബോട്ടുകളെ വികസിപ്പിക്കാനും സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ് റിസര്‍ച്ച് വിഭാഗം ശക്തിപ്പെടുത്താനുമായി പ്രമുഖ വാഹനനിര്‍മാണ കമ്പനിയായ ടൊയോട്ട അടുത്ത അഞ്ച് വര്‍ഷത്തേക്കായി നിക്ഷേപിച്ചിരിക്കുന്നത് ഒരു ബില്ല്യണ്‍ ഡോളറാണ്. ഇതിനായി ടൊയോട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നൊരു വിഭാഗവും ഒരു വര്‍ഷം മുമ്പ് അവര്‍ ആരംഭിച്ചു.

ഓട്ടോമൊബീല്‍ രംഗത്തെ അടുത്ത വലിയ ‘ഡിസ്‌റപ്ഷന്‍’ സെല്‍ഫ് ഡ്രൈവിംഗ് കാറുകളായിരിക്കുമെന്ന് പരമ്പരാഗത രീതിയില്‍ ചിന്തിക്കുന്ന വാഹനിര്‍മാതാക്കള്‍ പോലും കരുതുന്നു. ഇത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന മാറ്റത്തിന്റെ വ്യാപ്തി വളരെ വലുതായിരിക്കും. മിക്ക കാറുകളും മലിനീകരണമില്ലാത്ത തരത്തില്‍ പ്രകൃതിയോട് ഇണങ്ങിയാണ് ഡിസൈന്‍ ചെയ്യുന്നത്. റോബോട്ടുകള്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്തതിനാല്‍ ഇത്തരം കാറുകള്‍ കൂടുതല്‍ റോഡില്‍ ഇറക്കുന്നത് അപകടങ്ങള്‍ കുറയ്ക്കുമെന്നും വിലയിരുത്തപ്പെടുന്നു.

നിലവിലെ ഓട്ടോ വ്യവസായത്തിന്റെ അടിസ്ഥാനശിലകള്‍ തന്നെ ഉടച്ചുവാര്‍ത്തായിരിക്കും സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ വാണിജ്യരംഗപ്രവേശം.

Comments

comments

Categories: FK Special
Tags: Google, Waymo