ലിസ്റ്റിംഗ് കാലാവധി കുറയ്ക്കുമെന്ന് സെബി

ലിസ്റ്റിംഗ് കാലാവധി കുറയ്ക്കുമെന്ന് സെബി

പബ്ലിക് ഓഫര്‍ വഴി ഓഹരികള്‍ വിറ്റഴിക്കുന്നതില്‍ മാറ്റങ്ങള്‍ വരുത്തി സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. നിലവില്‍ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ക്ക് ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്നതിന് ആറു ദിവസത്തെ കാലാവധിയാണുള്ളത്. ഇത് കുറയ്ക്കുന്നതിനാണ് സെബി ഒരുങ്ങുന്നത്.

അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ സുരക്ഷാ റെസീപ്റ്റുകളുള്ള കമ്പനികള്‍ക്കാണ് ലിസ്റ്റിംഗ് അനുവദിക്കുക. കമ്പനികള്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനും, നിക്ഷേപകന്റെ പണം അനാവശ്യമായി കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനും ഇതുവഴി സാധിക്കും.

ബ്രോക്കര്‍മാര്‍ അടക്കമുള്ളവരുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും സെബി

അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പരിഷ്‌കരണ നടപടികളുടെ ഭാഗമായി ബ്രോക്കര്‍മാര്‍ അടക്കമുള്ളവരുടെ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുമെന്നും സൈബര്‍ സെക്യൂരിറ്റി ലാബ് നടപ്പിലാക്കുമെന്നും സെബി പ്രഖ്യാപിക്കുന്നു. മ്യൂച്ചല്‍ ഫണ്ട്, ബ്രോക്കര്‍മാര്‍, പോര്‍ട്ട്‌ഫോളിയോ മാനേജര്‍മാര്‍, തുടങ്ങിയവരുടെ രജിസ്‌ട്രേഷനാണ് പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്നത്.

ഇതിലൂടെ പുതിയ മാര്‍ക്കറ്റ് ഇടനിലക്കാര്‍ക്ക് അവരുടെ രജിസ്‌ട്രേഷന്‍ വേഗത്തിലും ചെലവു കുറഞ്ഞ രീതിയിലുമാക്കാന്‍ സഹായകമാണ്.
വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പാന്‍ അനുവദിക്കല്‍, രജിസ്‌ട്രേഷന്‍, ബാങ്ക്-ഡിമാന്റ് എക്കൗണ്ട് തുറക്കല്‍ എന്നിവയ്ക്കായി പൊതു അപേക്ഷാ ഫോം അവതരിപ്പിക്കുന്നതിനും 2017-18 വര്‍ഷത്തേക്കുള്ള പദ്ധതിയില്‍ സെബി അംഗീകാരം നല്‍കിയിട്ടുണ്ട്.
കമോഡിറ്റി മാര്‍ക്കറ്റ്, ഓഹരി, വിദേശവിനിമയം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സെബി തീരുമാനിച്ചു. കൂടാതെ ബോധവല്‍ക്കരണ പരിപാടികള്‍ വഴി നിക്ഷേപ വിദ്യാഭ്യാസം രാജ്യത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാവശ്യമായ ശ്രമങ്ങള്‍ നടത്തും.

Comments

comments

Tags: Sebi