ബില്‍ ഗേറ്റ്‌സിന് മോദിയുടെ വ്യക്തമായ സന്ദേശം

ബില്‍ ഗേറ്റ്‌സിന് മോദിയുടെ വ്യക്തമായ സന്ദേശം

ആരോഗ്യ മിഷനില്‍ നിന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെ പുറത്താക്കിയത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ധീരമായ നടപടിയാണ്

നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത് ഉദാരവല്‍ക്കരണനയങ്ങളാണെന്ന കാര്യത്തില്‍ യാതൊരുവിധ തര്‍ക്കവുമില്ല. മോദിയുടെ ഉദാരവല്‍ക്കരണ നയങ്ങളോട് പാര്‍ട്ടിക്കുള്ളിലും ആര്‍എസ്എസി(രാഷ്ട്രീയ സ്വയംസേവക സംഘം)ന്റെ ഭാഗമായ നിരവധി സംഘടനകള്‍ക്കുള്ളിലും ശക്തമായ എതിര്‍പ്പുണ്ടെങ്കില്‍ കൂടി അതിനെ വകവെക്കാതെയാണ് അദ്ദേഹത്തിന്റെ പദ്ധതികള്‍. എന്നാല്‍ അത്യന്തം ഗൗരവകരമായ ചില വിഷയങ്ങളില്‍ മോദി വമ്പന്‍ കോര്‍പ്പറേറ്റുകള്‍ക്കെതിരെ നിലപാടെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

തന്റെ വികസന നയങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതിനെ സ്വീകരിക്കാനും അല്ലാത്തതിനെ തള്ളാനുമുള്ള ആര്‍ജ്ജവം പ്രധാനമന്ത്രി കാണിക്കുന്നുവെന്നത് നല്ല കാര്യമാണ്. ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ബില്‍ഗേറ്റ്‌സിന്റെയും ഭാര്യ മെലിന്‍ഡയുടെയും സംരംഭമായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനെതിരെ മോദി കൈക്കൊണ്ട നടപടി.

സുപ്രധാനമായ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായുള്ള ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളാണ് ചില സുതാരത്യതക്കുറവിന്റെ പേരില്‍ പ്രശ്‌നങ്ങളായത്. കുത്തിവെപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തെ പരമോന്നത അഡൈ്വസറി സ്ഥാപനമായ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷ(എന്‍ടിഎജിഐ)ന് സാമ്പത്തിക വിഷയങ്ങളില്‍ ഗേറ്റ്‌സ് ഫൗണ്ടേഷനുമായുള്ള എല്ലാ ബന്ധവും സര്‍ക്കാര്‍ വേര്‍പെടുത്തി.

പദ്ധതി മുഴുവനായും ഇനി ഫണ്ട് ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ടായിരിക്കും. ഇതുവരെ എന്‍ടിഎജിഐ ഫണ്ട് ചെയ്യപ്പെട്ടിരുന്നത് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സാമ്പത്തിക സഹായത്തോടെയുള്ള ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ സപ്പോര്‍ട്ട് യൂണിറ്റ് വഴിയായിരുന്നു.

ഗേറ്റ്‌സ് ഫൗണ്ടേഷന് ചില വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായുള്ള ബന്ധവും കുത്തിവെപ്പ് നയത്തില്‍ ഇത് ചെലുത്തുന്ന സ്വാധീനവും പല സംഘടനകളും ചൂണ്ടിക്കാട്ടിയിരുന്നു. ഗ്ലോബല്‍ പോളിസി ഫോറം 2015 ഡിസംബറില്‍ നടത്തിയ പഠനത്തില്‍ ഗേറ്റ്‌സ് ഫൗണ്ടേഷന് ഫാര്‍മ കമ്പനികളുമായുള്ള ബന്ധം രാജ്യത്തിന്റെ ഇമ്യൂണൈസേഷന്‍ പദ്ധതിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന ആശങ്കകളും പ്രകടിപ്പിച്ചിരുന്നു.

ഫിലാന്ത്രോപ്പി, പവര്‍, ആന്‍ഡ് ഡെവലപ്‌മെന്റ്-ഹു ഷേപ്പ്‌സ് ദി അജണ്ട? എന്നതായിരുന്നു പഠനത്തിന്റെ പേര്. ഇത് ചൂണ്ടിക്കാട്ടി ആര്‍എസ്എസിന്റെ കീഴിലുള്ള സ്വദേശി ജാഗരണ്‍ മഞ്ച് സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഗേറ്റ്‌സ് ഫൗണ്ടേഷനുമായി രാജ്യത്തിന്റെ ഇമ്യൂണൈസേഷന്‍ പദ്ധതിക്ക് യാതൊരുവിധ ബന്ധവും ഉണ്ടാകുന്നത് നല്ലതല്ലെന്ന ശക്തമായ നിലപാടാണ് സ്വദേശി ജാഗരണ്‍ മഞ്ച് സ്വീകരിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊണ്ടതെന്നാണ് സൂചന.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആഭ്യന്തര നയരൂപീകരണത്തിലും മറ്റും വന്‍കിടകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ യാതൊരു കാരണവശാലും പാടുള്ളതല്ല. ഇതിനായി മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി തീര്‍ത്തും ഉചിതമായി.

Comments

comments

Categories: Editorial, Slider
Tags: Gates, Modi