ഫേസ്ബുക്ക് കൗമാരത്തിലേക്കു കടക്കുമ്പോള്‍

ഫേസ്ബുക്ക് കൗമാരത്തിലേക്കു കടക്കുമ്പോള്‍

ലോകത്തിലെ ഏറ്റവുംവലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്ക് അതിന്റെ പതിമൂന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധികം കേട്ടിട്ടില്ലാത്ത ചില വസ്തുതകള്‍ ഇതാ
facebook1

facebook-side2

 

2004 ഫെബ്രുവരി 4നാണ് ഹാര്‍വാഡ് സര്‍വകലാശാല വിദ്യാര്‍ത്ഥികളായ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ദസ്ടിന്‍ മോസ്‌കൊവില്‍സ്, ക്രിസ് ഹ്യൂബസ് എന്നിവര്‍ ചേര്‍ന്ന് ഫേസ്ബുക്ക് എന്ന വെബ്‌സൈറ്റ് ആരംഭിക്കുന്നത്. തുടക്കത്തില്‍ ഹാര്‍വാഡ് വിദ്യാര്‍ത്ഥികള്‍ മാത്രം ഉപയോഗിച്ചിരുന്ന പ്ലാറ്റ്‌ഫോമാണ് ഇത്. പിന്നീട് അമേരിക്കയിലെ മറ്റ് സര്‍വ്വകലാശാലകളിലേക്കും കാനഡ പോലുള്ള രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഫേസ്ബുക്കിന്റെ ആഗോള തലത്തിലുള്ള ലോഞ്ചിന് മുന്‍പായിരുന്നു ഇത്രയും സ്വീകാര്യത ഇതിന് ലഭിച്ചത്. ഇന്ന് നാമെല്ലാം വ്യാപകമായി ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഫേസ്ബുക്ക്. ഫെബ്രുവരി നാലാം തീയതി കമ്പനി അതിന്റെ 13ാം വാര്‍ഷികം ആഘോഷിച്ചു. റിലയന്‍സ് ജിയോയിലൂടെ മുകേഷ് അംബാനി ഇന്ത്യക്കാര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കിയപ്പോഴും നേട്ടംകൊയ്തത് ഫേസ്ബുക്ക് തന്നെയാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഫേസ്ബുക്ക് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ഡേവിഡ് വെനര്‍ തന്നെ ഇക്കാര്യം പരാമര്‍ശിച്ചു കഴിഞ്ഞു. ഒരു ഹാര്‍വാഡ് വിദ്യാര്‍ത്ഥിയുടെ ആശയത്തില്‍ ഉദയം ചെയ്ത കമ്പനി 2015ലെ കണക്കുകള്‍ പ്രകാരം 17.928 ബില്യണ്‍ വരുമാനവുമായി ആഗോള ഭീമനായി വളര്‍ന്നിരിക്കുകയാണ്.

അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരേ യുവജനതയുടെ വന്‍പങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വര്‍ത്തിച്ചത് ഫേസ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങളായിരുന്നു. ഇവയില്‍ ഈജിപ്തിലെ ‘ഏപ്രില്‍ 6 യുവജനപ്രസ്ഥാനം’ തികഞ്ഞ ഒരു ഫേസ്ബുക്ക് കൂട്ടായ്മ തന്നെയായിരുന്നു.

ഓരോ സമയത്തും വ്യത്യസ്തസവിശേഷതകളുമായി രംഗത്തെത്താന്‍ ഫേസ്ബുക്ക് ശ്രമിച്ചിട്ടുണ്ട്. ഫേസ്ബുക്ക് ലൈവ് വീഡിയോ ഇത്തരത്തിലുള്ള ഒരു നൂതന ആശയമാണ്. ഉപഭോക്താക്കള്‍ ഇതിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 2016 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം പ്രതിമാസം 1.65 ബില്യണ്‍ ആക്റ്റീവ് ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. ഫേസ്ബുക്കിന്റെ പതിമൂന്നാംവാര്‍ഷികം ആഘോഷിക്കുന്ന ഫെബ്രുവരിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിനെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില കാര്യങ്ങള്‍ ഇതാ
അല്‍ പാസിനോ ഫേസ്ബുക്കിന്റെ ആദ്യത്തെ മുഖം
ഹോളിവുഡ് താരം ‘അല്‍ പാസിനോ’യുടേതാണ് ഫേസ്ബുക്കിലെ ആദ്യത്തെ മുഖം. 2004ലാണ് അന്‍ഡ്രൂ മക്കല്ലം അദ്ദേഹത്തിന്റെ ഹാര്‍വാഡിലെ സഹപാഠിയായ സക്കര്‍ബര്‍ഗിന് വേണ്ടി ഫേസ്ബുക്കിന്റെ ആദ്യത്തെ ലോഗോ തയ്യാറാക്കിയത്. ആരുടെ മുഖമാണിതെന്നും ജീവിച്ചിരിക്കുന്ന വ്യക്തിയുടെ രൂപമാണോ ഇതെന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അമേരിക്കന്‍ നടനായ അല്‍ പാസിനോയുടെ മുഖമാണിത്. ഓണ്‍ലൈനില്‍ ലഭ്യമായ അല്‍ പാസിനോയുടെ ചിത്രമുപയോഗിച്ചാണ് സക്കര്‍ബര്‍ഗിന്റെ സുഹൃത്ത് ലോഗോ ഡിസൈന്‍ ചെയ്തത്. അക്കാദമി, ബാഫ്ത, ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി, സ്‌ക്രീന്‍ ആക്‌റ്റേഴ്‌സ് ഗില്‍ഡ് പുരസ്‌കാരങ്ങള്‍ നേടിയ ചലച്ചിത്ര നടനും സംവിധായകനുമാണ് അല്‍ഫ്രേദോ ജെയിംസ് അല്‍ പാസിനോ. എക്കാലത്തെയും മികച്ച അഭിനയശേഷിയും സ്വാധീനശക്തിയുമുള്ള നടന്മാരിലൊരാളായി ഇദ്ദേഹം അറിയപ്പെടുന്നു.

 

പീറ്റര്‍ തെയ്ല്‍: ആദ്യ നിക്ഷേപകന്‍

ഫേസ്ബുക്കിന്റെ പുറമേ നിന്നുള്ള ആദ്യത്തെ നിക്ഷേപകനാണ് പീറ്റര്‍ തെയ്ല്‍. 2004 ഓഗസ്റ്റില്‍ കമ്പനിയുടെ 10.2 ശതമാനം ഓഹരിയാണ് അദ്ദേഹം ഏറ്റെടുത്തത്. 500,000 ഡോളറിന്റെ നിക്ഷേപവും ഇതില്‍ നടത്തി. പിന്നീട് കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും അദ്ദേഹം വിറ്റുവെങ്കിലും ഡയറക്ടര്‍ ബോര്‍ഡില്‍ തുടര്‍ന്നു പോരാന്‍ തീരുമാനിക്കുകയായിരുന്നു. പെയ്പാല്‍ മാഫിയയുടെ ഡോണ്‍ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. 2014ല്‍ ഫോബ്‌സ് മാസികയുടെ പട്ടികയില്‍ അദ്ദേഹം നാലാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് 2.2 ബില്യണ്‍ ഡോളറായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്. ഇബേ പെയ്പാല്‍ ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ഒരു ഗ്ലോബല്‍ മാക്രോ ഹെഡ്ജ് ഫണ്ടായ ക്ലാരിയം കാപ്പിറ്റല്‍ സ്ഥാപിച്ചു. അതിന് ശേഷം പലാന്റിയര്‍ ടെക്‌നോളജീസ് എന്ന അനലിറ്റിക്കല്‍ സോഫ്റ്റ് വെയര്‍ കമ്പനിയും സ്ഥാപിച്ചു.

 

യാഹൂ ഫേസ്ബുക്ക് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നു

2006 ല്‍ ഫേസ്ബുക്ക് യാഹൂവിന് വില്‍ക്കാന്‍ തയ്യാറായിട്ടുള്ള നിക്ഷേപകര്‍ ഉണ്ടായിരുന്നു. ഇതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനും താല്‍പര്യമുണ്ടായിരുന്നുവെന്നും പ്രചരിച്ചിരുന്നു. എന്നാല്‍ സ്റ്റോക്കിലെ ഇടിവ് കാരണം ബില്യണ്‍ ഡോളര്‍ ഓഫറില്‍ നിന്നും 875മില്യണ്‍ ഡോളറിലെത്തി. ഇതേത്തുടര്‍ന്ന് സുക്കര്‍ബര്‍ഗിന് ഈ ഡീലില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നു. തുക കുറഞ്ഞതാണ് യാഹുവിന് ഫേസ്ബുക്ക് വില്‍ക്കുന്നതില്‍ നിന്നും സുക്കര്‍ബര്‍ഗിനെ പിന്തിരിപ്പിച്ചത്. ഒരു സ്വതന്ത്ര ബിസിനസ് എന്നുള്ള നിലയില്‍ ഫേസ്ബുക്ക് വിജയകരമായിരിക്കുമെന്ന് സക്കര്‍ബര്‍ഗിന് ഉറപ്പുണ്ടായിരുന്നു.

 

ലൈക്ക് ബട്ടണ് മറ്റൊരു പേരുണ്ട്

ഫേസ്ബുക്കില്‍ ലൈക്ക് ബട്ടണ്‍ എത്തിയപ്പോള്‍ അതിന്റെ പേര് അങ്ങനെയായിരുന്നില്ല. ‘ഓസം ബട്ടണ്‍’ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഈ പേര് സുക്കര്‍ബര്‍ഗ് നിരാകരിച്ചു. ലൈക്ക് എന്നുള്ള പേരിനാണ് ആഗോളമായി തന്നെ കൂടുതല്‍ ശ്രദ്ധ ലഭിക്കുക എന്ന് അദ്ദേഹം ചിന്തിച്ചു. 2009 ഫെബ്രുവരി 9നാണ് ഇത് ആദ്യമായി ആക്റ്റിവേറ്റ് ചെയ്യപ്പെട്ടത്. മിക്കവരും സദാസമയവും ഫേസ്ബുക്കില്‍ തന്നെയാണ്. എന്നാല്‍ മനസ്സില്‍ എന്തു വികാരം തോന്നിയാലും ഫേസ്ബുക്കില്‍ പ്രകടിപ്പിക്കാന്‍ ഒരു ബട്ടണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളു അത് ലൈക്ക് ബട്ടനാണ്. ദേഷ്യം വന്നാലും സന്തോഷം, സങ്കടമൊക്കെ വന്നാല്‍ ചിഹ്ന ഭാഷ ഉപയോഗിക്കാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല. അതിന് പ്രതിവിധിയായാണ് പുതിയ ബട്ടണുകള്‍ ലൈക്ക് ബട്ടണൊപ്പം അവതരിപ്പിച്ചത്. സാഡ്‌നസ് ബട്ടണ്‍ മുതല്‍ വൗ ബട്ടണ്‍ വരെ ഇപ്പോള്‍ ഇതില്‍ ഉണ്ട്

 

വയര്‍ഹോഗ്

ഫേസ്ബുക്ക് ഒരു കാലത്ത് ഒരു ഫയല്‍ ഷെയറിംഗ് സൈറ്റായി ഉപയോഗിക്കപ്പെട്ടിരുന്നു എന്ന സത്യം നിങ്ങളില്‍ എത്ര പേര്‍ക്കറിയാം? വയര്‍ഹോഗ് എന്ന് പേരുള്ള ഒരു ഫയല്‍ ഷെയറിംഗ് സംവിധാനത്തോട് ചേര്‍ന്നായിരുന്നു ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം. വെബ്‌സൈറ്റിന്റെ ഉപയോക്താക്കളുടെ എണ്ണം 500,000 ആയപ്പോഴാണ് അദ്ദേഹം പി2പി ഫയല്‍ ഷെയറിംഗ് സംവിധാനമായ വയര്‍ബോഗ് അവതരിപ്പിച്ചത്. സൈറ്റിന്റെ ഏറ്റവും പ്രധാന ഘടകമായി ഇത് പിന്നീട് മാറി. കംപ്യൂട്ടറുകള്‍ വഴി നേരിട്ട് ഫേസ്ബുക്കുമായി ബന്ധിപ്പിച്ച് ഫയലുകള്‍ കൈമാറ്റം ചെയ്യാന്‍ ഇതുവഴി സാധിച്ചിരുന്നു. പിന്നീട് പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴാണ് ഇത് ഒഴിവാക്കപ്പെട്ടത്.

 

ഫേസ്ബുക്കിന്റെ നീല നിറത്തിന് പിന്നില്‍
ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്. ലോഗോയില്‍ തുടങ്ങി, ഒരു ചെറു ബട്ടണ്‍ പോലും നീലമയം ആണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? കേട്ടാല്‍ ഒരുപക്ഷെ നിങ്ങള്‍ ഞെട്ടിയേക്കാം.ഫേസ്ബുക്കിന്റെ നീലനിറത്തിനു പിന്നില്‍ ഒരു ചെറിയ രഹസ്യമുണ്ട്. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനു വര്‍ണാന്ധത ബാധിച്ചുവെന്നുള്ളാണ് ആ രഹസ്യം. വര്‍ണാന്ധതയുള്ളവര്‍ക്ക് ചില നിറങ്ങള്‍ തിരിച്ചറിയാനാവില്ല. സുക്കര്‍ബര്‍ഗിന് ചുവപ്പും പച്ചയും കാണാന്‍ കഴിയില്ല. നീലനിറം ആണ് കൂടുതല്‍ നന്നായി കാണുന്നത്. അതുകൊണ്ടുതന്നെ ആദ്യമേ നീലനിറം തിരഞ്ഞെടുത്തു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്.

 

വ്യാപനം

2013 ഓഗസ്റ്റിലാണ് പുതിയ പദ്ധതിയായ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് ആവിഷ്‌കരിക്കാന്‍ ഫേസ്ബുക്ക് തീരുമാനിക്കുന്നത്. ഫേസ്ബുക്കും മറ്റ് ആറോളം കമ്പനികളും ചേര്‍ന്നുള്ള ഒരു പുതിയ രീതിയിലുള്ള ഒരു സംയോജിത ഇന്റര്‍നെറ്റ് വ്യവസായ മാതൃകയാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. ഇതു പ്രകാരം അവികസിത, വികസ്വര രാജ്യങ്ങളില്‍ ചെലവ് കുറഞ്ഞ രീതിയില്‍ പരിമിത ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഏതൊക്കെ സേവനങ്ങള്‍ നല്‍കണമെന്ന തീരുമാനങ്ങള്‍ കമ്പനികളില്‍ നിക്ഷിപ്തമായിരിക്കും. സാംസംഗ്, മോട്ടോറോള, മീഡിയ ടെക്, ഓപ്പെറ സോഫ്റ്റ്‌വെയര്‍, നോക്കിയ, ക്വാല്‍കോം എന്നിവയാണ് മറ്റ് ആറ് കമ്പനികള്‍. മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഈ പദ്ധതിയും സ്ഥാപിച്ചത്.

 

ഫേസ്ബുക്ക് ഉപയോക്താക്കള്‍

120 കോടി സജീവ ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം 190 കോടി കഴിഞ്ഞതായി സുക്കര്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. 65 ദശലക്ഷം ചെറുകിട കമ്പനികള്‍ ഉപഭോക്താക്കളുമായി നിരന്തരം ബന്ധം ഫേസ്ബുക്ക് വഴിയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസില്‍ കുറിച്ചു. വീഡിയോകള്‍ക്ക് ഫേസ്ബുക്കില്‍ കൂടുതല്‍ പ്രാധാന്യം നല്‍കി മുന്നോട്ട് പോവുമെന്നും സുക്കര്‍ പറഞ്ഞു. 15 കോടി ആളുകള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഉപയോഗിക്കുന്നുണ്ട്. മെസഞ്ചറില്‍ പുതിയ ക്യാമറ കൊണ്ടുവന്നു. ഫേസ്ബുക്കില്‍ ഇത് ഉടന്‍ ആരംഭിക്കും. 10 വര്‍ഷത്തെ റോഡ് മാപ്പും പോസ്റ്റിനോടൊപ്പം സുക്കര്‍ബര്‍ഗ് ചേര്‍ത്തിട്ടുണ്ട്. റോഡ്മാപ്പ് പ്രകാരം 120 കോടി ആളുകള്‍ വാട്‌സാപ്പില്‍ സജീവമാണ്. ഫേസ്ബുക്കില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

 

Comments

comments

Categories: Motivation, Tech