യുബര്‍ പറക്കും കാറുകള്‍ നിര്‍മ്മിക്കും

യുബര്‍ പറക്കും കാറുകള്‍ നിര്‍മ്മിക്കും

സാന്‍ഫ്രാന്‍സിസ്‌കോ: കാറുകള്‍ക്ക് ആകാശത്തിലൂടെ പറക്കാന്‍ കഴിഞ്ഞാലോ? റോഡിലെ തിക്കും തിരക്കുമില്ലാതെ അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയുന്ന പറക്കും കാറുകള്‍ അധികം താമസിക്കാതെ യാഥാര്‍ത്ഥ്യമാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. കാബ് ഭീമനായ യുബര്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു.

2010 ല്‍ നാസയുടെ ലാംഗ്‌ലേ റിസേര്‍ച്ച് സെന്ററിലെ അഡ്വാന്‍സ്ഡ് എയര്‍ ക്രാഫ്റ്റ് എഞ്ചിനീയറായ മാര്‍ക്ക് മൂര്‍ ഇലക്ട്രോണിക് എയര്‍ക്രാഫ്റ്റിന്റെ സാധ്യതകളെ കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അനായാസമായി പറന്നുയരുവാനും ഹെലികോപ്ടറുകളെക്കാള്‍ എളുപ്പത്തില്‍ ലാന്റ് ചെയ്യുവാനും സാധിക്കുന്ന, വളരെ വേഗത്തില്‍ യാത്ര സാധ്യമാക്കുന്ന ചെറിയ വാഹനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. ചുരുക്കി പറഞ്ഞാല്‍ ഒരു പറക്കും കാര്‍. നിരവധി സാങ്കേതിക വിദഗ്ധര്‍ ഈ പ്രബന്ധത്തില്‍ ആകൃഷ്ടരായി. പ്രബന്ധം വായിച്ച ഗൂഗിളിന്റെ സഹസ്ഥാപകനായ ലാറി പേജ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനായി രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ രഹസ്യമായി ആരംഭിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗൂഗിളിന്റെ പ്രധാന എതിരാളികളില്‍ ഒന്നായ യുബര്‍ടെക്‌നോളജീസ് പറക്കും കാര്‍ വികസിപ്പിച്ചെടുക്കുന്നതിനായി മൂറിനെ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. 30 വര്‍ഷം നാസയില്‍ പ്രവര്‍ത്തിച്ച മൂര്‍ ഇനി യുബറിന്റെ എഞ്ചിനീയറിംഗ് ഫോര്‍ ഏവിയേഷന്‍ ഡയറക്റ്ററായി സ്ഥാനമേല്‍ക്കും. യുബറിന്റെ പറക്കും കാര്‍ ഉദ്യമമായ യുബര്‍ എലവേറ്റിന് ഇനി അദ്ദേഹം നേതൃത്വം നല്‍കും.

യുബര്‍ ഇതുവരെ ഒരു പറക്കും കാര്‍ നിര്‍മ്മിച്ചിട്ടില്ല. സാങ്കേതികമായ വെല്ലുവിളികള്‍ ഏറ്റെടുത്ത് പറക്കും കാറില്‍ കുറഞ്ഞ ദൂരത്തില്‍ കുറഞ്ഞ ചെലവില്‍ യാത്ര സാധ്യമാക്കുക എന്നതാണ് യുബറിന്റെ ലക്ഷ്യം.

സാങ്കേതികവും അല്ലാത്തതുമായ നിരവധി തടസ്സങ്ങള്‍ ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ മുമ്പിലുണ്ടെന്ന് മൂര്‍ പറയുന്നു. സയന്‍സ്-ഫിക്ഷന്‍ ആരാധകര്‍ക്കുവേണ്ടിയുള്ള പ്രത്യേക വാഹനമാണ് യുബര്‍ ലക്ഷ്യം വയ്ക്കുന്നത്.

വിരമിക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കുമ്പോഴാണ് മാര്‍ക്ക് മൂര്‍ നാസ വിട്ട് യുബറില്‍ സേവനം അനുഷ്ടിക്കാന്‍ തീരുമാനിക്കുന്നത്. കൂടുതല്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ഈ തീരുമാനം.

Comments

comments

Categories: Auto