ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ടെക് കമ്പനികള്‍

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരെ നിയമയുദ്ധം പ്രഖ്യാപിച്ച് ടെക് കമ്പനികള്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിലക്കിനെ എതിര്‍ത്ത് ടെക് കമ്പനികള്‍ നിയമ നടപടിയിലേക്ക്. ആപ്പിള്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, നെറ്റ്ഫ്‌ളിക്‌സ്, ട്വിറ്റര്‍, യുബര്‍ തുടങ്ങി നൂറിലധികം വന്‍കിട ടെക്‌നോളജി കമ്പനികളാണ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ ഉത്തരവിനെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്.

ഏഴ് മുസ്ലീം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ട്രംപിന്റെ പരിഷ്‌കരണം തങ്ങളുടെ ബിസിനസ് സാധ്യതകളെ തകര്‍ക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ടെക് ലോകം ഒറ്റകെട്ടായി നിയമപോരാട്ടത്തിന് തയാറെടുക്കുന്നത്. ഏകദേശം 100 ടെക് കമ്പനികളുടെ ഭാഗത്തു നിന്നുള്ള ഈ നീക്കം വളരെ വേറിട്ട രീതിയിലുള്ള പ്രതിഷേധമാണെന്നും, ട്രംപ് ഉത്തരവിനെതിരായ എതിര്‍പ്പിന്റെ ആഴമാണ് അപ്പീല്‍ സൂചിപ്പിക്കുന്നതെന്നുമാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയിട്ടുള്ള ഉണര്‍വുകള്‍ ഓരോന്നും വ്യക്തമാക്കുന്ന അപ്പീലില്‍ ഉടന്‍ നീക്കുപോക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐടി കമ്പനികളാണ് പ്രധാനമായും വൈറ്റ്ഹൗസ് നയങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ടെക്‌നോളജി മേഖലയില്‍ ഭൂരിഭാഗം കമ്പനികളെയും ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ കുടിയേറ്റക്കാര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത് രാഷ്ട്രത്തിന് വലിയ നഷ്ടം വരുത്തിവെക്കുമെന്നും അപ്പീല്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇസ്ലാമിക ഭീകരരില്‍ നിന്നും അമേരിക്കയെ രക്ഷിക്കാനെന്ന പേരില്‍ ജനുവരി 27നാണ് ട്രംപ് ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് തടയുന്നത്. ഇതിനൊപ്പം മറ്റേത് രാജ്യത്തു നിന്നുമുള്ള അഭയാര്‍ഥികള്‍ക്ക് 120 ദിവസത്തെ നിരോധനവും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു.

അമേരിക്കയിലെ ഇരുന്നൂറോളം കമ്പനികള്‍ കുടിയേറ്റക്കാരുടേതാണ്. ഗൂഗിളും ഫേസ്ബുക്കും നേരത്തെ തന്നെ ട്രംപിന്റെ നയത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റുകമ്പനികളും ഇവര്‍ക്കൊപ്പം ചേര്‍ന്നത്. ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയും സ്‌പേസ് എക്‌സും ഇവരോടൊപ്പം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ആമസോണ്‍ ഇതില്‍ നിന്നും വിട്ടുനിന്നതായാണ് വിവരം. തീര്‍ത്തും ‘വിവേചനപരം’ എന്നാണ് ട്രംപിന്റെ ഉത്തരവിനെ ടെക് കമ്പനികള്‍ അപ്പീലില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Comments

comments

Categories: Slider