കാണ്‍പൂര്‍ ട്രെയ്ന്‍ അപകടം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

കാണ്‍പൂര്‍ ട്രെയ്ന്‍ അപകടം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

കാണ്‍പൂര്‍: കാണ്‍പൂര്‍ ട്രെയ്‌നപകടത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന കുറ്റവാളിയെ നേപ്പാളില്‍നിന്നും നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ അറസ്റ്റ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന്റെ(ഐഎസ്‌ഐ) ഏജന്റായ ഷംസുല്‍ ഹൂഡയെയാണ് അറസ്റ്റ് ചെയ്തത്. നേപ്പാളിലും ഇന്ത്യയിലും നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. ഇയാള്‍ ദുബായ് കേന്ദ്രീരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ ഇന്ത്യന്‍ കറന്‍സി ഇടപാടുകാരനുമാണ്. നേപ്പാളില്‍ ശക്തമായ ക്രിമിനല്‍ ശൃംഖലയും ഇയാളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നേപ്പാളിലെ ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ച ഹൂഡയും മൂന്ന് അനുയായികളും വന്ന് ഇറങ്ങിയപ്പോള്‍ അറസ്റ്റ് ചെയ്യുകയായിരുന്നെന്നു നേപ്പാള്‍ ഡപ്യൂട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പശുപതി ഉപാധ്യായ പറഞ്ഞു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണു ദുബായിയില്‍നിന്നും നേപ്പാളിലേക്ക് ഹൂഡയെയും മറ്റ് മൂന്ന് പേരെയും എത്തിച്ചത്.

നേപ്പാളിലെ ബരാ ജില്ലയിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനും ഹൂഡയായിരുന്നു. നേപ്പാളിലും ഇന്ത്യയിലും ഹൂഡയുടെ നേതൃത്വത്തില്‍ നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ച് ഇന്‍ഡോര്‍-പുനെ എക്‌സ്പ്രസ് ട്രെയ്‌നിന്റെ 14 കോച്ചുകള്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടിരുന്നു. ട്രെയ്ന്‍ അപകടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഐഎസ്‌ഐ ആണെന്നും അട്ടിമറിയാണെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.

Comments

comments

Categories: Top Stories