ഐഡിയ സെല്ലുലാര്‍ ടവര്‍ ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു

ഐഡിയ സെല്ലുലാര്‍ ടവര്‍ ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു

ഐഡിയ സെല്ലുലാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസും ഇന്‍ഡസ് ടവേര്‍സിലെ ഓഹരികളും കൈമാറും

മുംബൈ: ഐഡിയ സെല്ലുലാര്‍ തങ്ങളുടെ ടെലികോം ടവര്‍ ബിസിനസ് വില്‍ക്കാനൊരുങ്ങുന്നു. രണ്ട് വ്യത്യസ്ത കരാര്‍ വഴി ടവര്‍ ബിസിനസ് കൈമാറാനാണ് കമ്പനിയുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഭാരതി ഇന്‍ഫ്രാടെല്‍ ലിമിറ്റഡുമായും അമേരിക്കന്‍ ടവര്‍ കോര്‍പ്പുമായും ഐഡിയ സെല്ലുലാര്‍ പ്രാരംഭ ഘട്ട ചര്‍ച്ച ആരംഭിച്ചതായാണ് ഔദ്യോഗിക വിവരം. ഐഡിയ-വൊഡാഫോണ്‍ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് ടവര്‍ ബിസിനസ് കൈമാറാന്‍ കമ്പനി തയാറെടുക്കുന്നത്.

ഇന്‍ഡസ് ടവേഴ്‌സില്‍ തങ്ങള്‍ക്കുള്ള 16 ശതമാനം ഉടമസ്ഥാവകാശവും വില്‍പ്പന നടത്തുന്നതിനു വേണ്ടിയാണ് ഭാരതി ഇന്‍ഫ്രാടെലുമായി ഐഡിയ സെല്ലുലാര്‍ ചര്‍ച്ച നടത്തുന്നത്. ഭാരതി ഇന്‍ഫ്രാടെല്‍ ലിമിറ്റഡ്, വൊഡാഫോണ്‍ ഇന്ത്യ, ഐഡിയ സെല്ലുലാര്‍ തുടങ്ങിയ മൂന്ന് കമ്പനികളുടെയും സംയുക്ത സംരംഭമാണ് ഇന്‍ഡസ് ടവേഴ്‌സ്.

ഭാരതി ഇന്‍ഫ്രാടെലിലെ പുതിയ നിക്ഷേപകന്‍ ഇന്‍ഡസ് ടവേഴ്‌സില്‍ ഐഡിയയ്ക്കുള്ള അത്രയും പങ്കാളിത്തം വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് സൂചന. ഭാരതി ഇന്‍ഫ്രാടെലിനും വൊഡോഫോണ്‍ ഇന്ത്യയ്ക്കും ഇന്‍ഡ്‌സ് ടവേഴ്‌സില്‍ 42 ശതമാനം വീതം പങ്കാളിത്തമാണുള്ളത്. 2014-2015 സാമ്പത്തിക വര്‍ഷം 15,374 കോടി രൂപയാണ് കമ്പനിക്ക് നേടാനായത്. ഇതില്‍ 2,400 കോടി രൂപയാണ് ഐഡിയ സെല്ലുലാറിന്റെ വിഹിതം. ഇന്‍ഡസിലെ വോഡഫോണിന്റെ ഓഹരികളെ ഐഡിയ- വോഡഫോണ്‍ ചര്‍ച്ചകളുടെ ഭാഗമാക്കിയിട്ടില്ല.

ഐഡിയ സെല്ലുലാറിന്റെ ഉപസ്ഥാപനമായ ഐഡിയ സെല്ലുലാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് അമേരിക്കന്‍ ടവര്‍ കോര്‍പ്പിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പുരോഗമിക്കുകയാണ്. 4,300 മുതല്‍ 4,500 കോടി രൂപ വരെയാണ് കരാര്‍ മൂല്യം കണക്കാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-2015ല്‍ ഐഡിയ സെല്ലുലാര്‍ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ സര്‍വീസസ് 238 കോടി രൂപയുടെ മൊത്ത വരുമാനം രേഖപ്പെടുത്തിയിരുന്നു.

നിലവില്‍ ടവര്‍ ബിസിനസില്‍ നിന്നും പുറത്തു പോകാനുള്ള നീക്കം ആദിത്യ ബിര്‍ള ഗ്രൂപ്പിനെ (ഐഡിയ) സംബന്ധിച്ചിടത്തോളം നേരത്തെ പുറത്തുവന്ന പദ്ധതികളില്‍ നിന്നുള്ള വ്യതിയാനമാണ്. ഇന്‍ഡസ് ടവേര്‍സിലെ ഓഹരിയുള്‍പ്പടെ തങ്ങളുടെ ടവര്‍ ബിസിനസ് എല്ലാം ഏകീകരിക്കുന്നതിന് ആദിത്യ ബിര്‍ള ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു.

വൊഡാഫോണുമായുള്ള ലയനത്തിന് തയാറെടുക്കുന്ന ഐഡിയ സെല്ലുലാറിനെ സംബന്ധിച്ചിടത്തോളം ലയനത്തിനു മുന്നോടിയായി ടവര്‍ ബിസിനസില്‍ നിന്നും പുറത്തു പോകാനുള്ള നീക്കം കടബാധ്യത കുറയ്ക്കുന്നതിനും തങ്ങളുടെ ലയന മൂല്യം വര്‍ധിപ്പിക്കുന്നതിനും വഴിയൊരുക്കുമെന്നാണ് നിരീക്ഷണം.

Comments

comments

Categories: Business & Economy