എച്ച്പിസിഎല്‍ 500 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചേക്കും

എച്ച്പിസിഎല്‍ 500 മില്യണ്‍ ഡോളര്‍ സ്വരൂപിച്ചേക്കും

മുംബൈ: പൊതുമേഖലാ ഓയില്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് (എച്ച്പിസിഎല്‍) ബോണ്ട് പുറത്തിറക്കി 500 മില്യണ്‍ ഡോളര്‍ സ്വരൂപിക്കാനൊരുങ്ങുന്നു. വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എച്ച്പിസിഎല്‍ നിക്ഷേപം സ്വരൂപിക്കാനൊരുങ്ങുന്നത്.

വിശാഖപട്ടണം റിഫൈനറി ആധുനികവല്‍ക്കരിക്കുന്നതിനും നിലവിലുള്ള 8.33 എംടിപിഎ ശേഷി 15 എംടിപിഎയിലേക്ക് ഉയര്‍ത്തുന്നതിനും ചില പൈപ്പ് ലൈന്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ് പ്രധാനമായും തുക സ്വരൂപിക്കുന്നതെന്ന് എച്ച്പിസിഎല്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മംഗളൂരു-ഹസ്സന്‍-മൈസൂര്‍-ബെംഗളൂരു 397 കിലോ മീറ്റര്‍ പൈപ്പ്‌ലൈനും ഉറാന്‍-ശിക്രപ്പൂര്‍ 168 കിലോ മീറ്ററില്‍ മറ്റൊരു എല്‍പിജി പൈപ്പ്‌ലൈനും ഉള്‍പ്പെടെ രണ്ട് പൈപ്പ്‌ലൈനുകളാണ് എച്ച്പിസിഎല്‍ നിര്‍മിക്കാന്‍ പോകുന്നത്. ഗാസ് ടാങ്കറുകളുടെ ഉപയോഗം കുറയ്ക്കുക, സുരക്ഷ ഉറപ്പുവരുത്തുക, ലോജിസ്റ്റിക്‌സ് ചെലവ് ചുരുക്കുക തുടങ്ങിയവയാണ് പൈപ്പ്‌ലൈന്‍ നിര്‍മാണത്തിലൂടെ എച്ച്പിസിഎല്‍ ലക്ഷ്യമിടുന്നത്.

മുംബൈ, വിശാഖപട്ടണം റിഫൈനറിയുടെ വിപുലീകരണത്തിനായി 2020ഓടെ 45,000 കോടി രൂപ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ എച്ച്പിസിഎല്‍ അറിയിച്ചിരുന്നു. ഇതില്‍ 21,000 കോടി രൂപ റിഫൈനറി ശേഷി വര്‍ധിപ്പിക്കുന്നതിനും 9,000 കോടി രൂപ മാര്‍ക്കറ്റിംഗ് ഇന്‍ഫ്രാസ്ട്രക്ച്ചറിനും വേണ്ടി ചെലവഴിക്കാനാണ് ആലോചിക്കുന്നതെന്നും ബാക്കി 14,000 കോടി സംയുക്ത റിഫൈനറി പദ്ധതികള്‍ക്കും, നാച്വറല്‍ ഗ്യാസ് ബിസിനസിനും വേണ്ടി ഉപയോഗപ്പെടുത്തുമെന്നും എച്ച്പിസിഎല്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പുറമെ ഗെയ്ല്‍ ഇന്ത്യയുമായി ചേര്‍ന്ന് പടക്ക നിര്‍മാണ യൂണിറ്റ് ആരംഭിക്കാനും എച്ച്പിസിഎല്‍ പദ്ധതിയിടുന്നുണ്ട്. 40,000 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയിരിക്കുന്നത്.

Comments

comments

Categories: Business & Economy