ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരിവില്‍പ്പന നീക്കത്തിന് തിരിച്ചടി

ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരിവില്‍പ്പന നീക്കത്തിന് തിരിച്ചടി

മുംബൈ : യുഎസ് ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി കമ്പനി കെകെആര്‍, കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടായ സിപിപി ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡ് എന്നിവയുടെ കണ്‍സോര്‍ഷ്യത്തിന് നിയന്ത്രണ ഓഹരി കൈമാറാനുള്ള ഭാരതി ഇന്‍ഫ്രാടെല്ലിന്റെ നീക്കത്തിന് തിരിച്ചടി. ഐഡിയ-വോഡഫോണ്‍ ലയന സാധ്യതയാണ് ഭാരതി ഇന്‍ഫ്രാടെല്ലിന് വിലങ്ങുതടിയായത്.

ഭാരതി എയര്‍ടെല്ലിന്റെ ടവര്‍ വിഭാഗമായ ഭാരതി ഇന്‍ഫ്രാടെല്‍ മാനേജ്‌മെന്റ് നിയന്ത്രണത്തോടുകൂടി 41 ശതമാനം ഓഹരി വില്‍ക്കുന്നതിനാണ് താറെടുക്കുന്നത്. നിലവില്‍ ഇന്‍ഫ്രാടെല്ലിന്റെ 71.96 ശതമാനം ഓഹരി ഭാരതി എയര്‍ടെല്ലും അവശേഷിക്കുന്നവ പൊതുഓഹരിയുടമകളുമാണ് കൈയാളുന്നത്.

കഴിഞ്ഞയാഴ്ചയിലെ രണ്ട് വ്യാപാര ദിനങ്ങളിലായി ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരി വില 17 ശതമാനം കുറഞ്ഞത് കമ്പനിയുടെ വിപണിമൂല്യത്തില്‍ 11,400 കോടി രൂപയുടെ ഇടിവ് സംഭവിക്കുന്നതിന് കാരണമായിരുന്നു. ഇത് ആസന്നമായ ഓഹരി കൈമാറ്റം തടസപ്പെടുത്തുന്ന അവസ്ഥയാണ് ഇപ്പോള്‍ സംജാതമാക്കിയിരിക്കുന്നത്.

മാനേജ്‌മെന്റ് നിയന്ത്രണത്തിനായി നേരത്തെ കെകെആറും സിപിപി ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും നിര്‍ദേശിച്ച പ്രതി ഓഹരി വിലയായ 340 രൂപയേക്കാള്‍ വളരെ കൂടുതല്‍ നല്‍കേണ്ടിവരുമെന്ന് ഭാരതി ഇന്‍ഫ്രാടെല്‍ ഇരു കമ്പനികളെയും അറിയിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച അവസാനമാണ് കണ്‍സോര്‍ഷ്യം താല്‍പ്പര്യപത്രം സമര്‍പ്പിച്ചത്. തിങ്കളാഴ്ച്ച ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഓഹരി 304.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐഡിയ-വോഡഫോണ്‍ ലയനം രാജ്യത്തെ ടവര്‍ ആവശ്യകതയില്‍ കുറവ് വരുത്തുമെന്നും ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ദീര്‍ഘകാല ലാഭസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഭാരതി ഇന്‍ഫ്രാടെല്ലിന്റെ ഒരു ഓഹരിയില്‍ 40-53 രൂപ വരെ നഷ്ടം സംഭവിച്ചേക്കാമെന്നാണ് ജെഎം ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സെക്യൂരിറ്റീസ് കരുതുന്നത്.

Comments

comments

Categories: Business & Economy