എയര്‍ ഇന്ത്യയ്ക്ക് പുതിയ ഉടമസ്ഥാവകാശ ഘടന; ലിസ്റ്റിംഗിന് സാധ്യത

എയര്‍ ഇന്ത്യയ്ക്ക് പുതിയ ഉടമസ്ഥാവകാശ ഘടന; ലിസ്റ്റിംഗിന് സാധ്യത

ബാങ്കുകള്‍ പ്രധാന ഓഹരി പങ്കാളികളായി മാറും

ന്യൂഡെല്‍ഹി : നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയ്ക്ക് പുതിയ ഉടമസ്ഥാവകാശ ഘടന കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്നത് ആലോചിക്കുന്നു. ആദ്യ പടിയായി എയര്‍ ഇന്ത്യ വിവിധ ബാങ്കുകളില്‍ നിന്നെടുത്ത ഏകദേശം 28,000 കോടി രൂപ വരുന്ന പ്രവര്‍ത്തന മൂലധന വായ്പ ഓഹരികളാക്കി മാറ്റാനാണ് ആലോചിക്കുന്നത്. തുടര്‍ന്ന് ധനകാര്യ-മാനേജ്‌മെന്റ് പ്രാവീണ്യമുള്ള പ്രൊഫഷണലുകളെ കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയിലേക്ക് നിയോഗിക്കും. ഇതിനുശേഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും.

എയര്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രായോഗികമായ പദ്ധതിയാണിതെന്നും എത്രയും വേഗം യാഥാര്‍ത്ഥ്യമാകുമെന്നുമാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. എല്ലാം സുഗമമായി നടന്നാല്‍ എയര്‍ ഇന്ത്യയുടെ പ്രധാന നിക്ഷേപകരായി ബാങ്കുകള്‍ മാറും. പരിഷ്‌കരണ നടപടികള്‍ക്ക് രൂപം നല്‍കുന്നതിന് മക്കിന്‍സി ഉള്‍പ്പെടെയുള്ള മൂന്ന് കണ്‍സല്‍ട്ടിംഗ് കമ്പനികളെ എയര്‍ ഇന്ത്യ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തുകഴിഞ്ഞു.

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഇതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. വ്യോമയാന നയം സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം വ്യോമയാന മന്ത്രാലയം നടത്തിയ അവതരണത്തില്‍ സ്വകാര്യവല്‍ക്കരണം പ്രതിപാദിക്കുന്ന സ്ലൈഡ് സ്‌കിപ് ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചത്. പകരം ആഭ്യന്തര വ്യോമയാന മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറയുന്നു.

എയര്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം വായ്പ അനുവദിച്ച പൊതുമേഖലാ ബാങ്കുകളില്‍ എസ്ബിഐ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനിയും എസ്ബിഐ ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയും ഇതിനകം രണ്ട് തവണ ചര്‍ച്ച നടത്തിക്കഴിഞ്ഞു. എന്നാല്‍ കിട്ടാക്കടം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ബാങ്കുകള്‍ ഇപ്പോഴത്തെ നീക്കങ്ങളെ ആശങ്കയോടെയാണ് കാണുന്നത്. അതേസമയം ‘സുസ്ഥിരമായി’ നിലനില്‍ക്കുന്നതിന് എയര്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ ബാങ്കുകള്‍ സ്വാഗതം ചെയ്യുന്നുമുണ്ട്.

മുന്‍ വര്‍ഷത്തെ 5,859 കോടി രൂപയില്‍നിന്ന് 2015-16 ല്‍ എയര്‍ ഇന്ത്യയുടെ നഷ്ടം 3,587 കോടി രൂപയായി കുറഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍ ഇന്ത്യയില്‍ ഒരു സമരം നടന്നിട്ടില്ലെന്നും ഇത് മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമാണെന്നും വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

2012 ല്‍ എയര്‍ ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്ത 30,231 കോടി രൂപയുടെ ഓഹരി നിക്ഷേപത്തില്‍ 23,993 കോടി രൂപയുടെ നിക്ഷേപം ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. 2016 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് എയര്‍ ഇന്ത്യയുടെ ആകെ സ്ഥാവര ആസ്തികളുടെ മൂല്യം 46,074.07 കോടി രൂപയാണ്. എന്നാല്‍ 35,806 കോടി രൂപയുടെ ദീര്‍ഘകാല വായ്പ ബാധ്യതയും എയര്‍ ഇന്ത്യയ്ക്കുള്ളതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര വിപണിയുടെ 15 ശതമാനവും ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര ഗതാഗതത്തിന്റെ 17 ശതമാനം വിഹിതവും നിലവില്‍ 140 വിമാനങ്ങളുള്ള എയര്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്.

Comments

comments

Categories: Top Stories
Tags: Air India