നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും

നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും

നാറ്റോയെ കാലഹരണപ്പെട്ട സംഘടനയെന്നാണ് നേരത്തെ ട്രംപ് വിശേഷിപ്പിച്ചത്

വാഷിംഗ്ടണ്‍: മെയ് മാസത്തില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. നേരത്തെ നാറ്റോ സഖ്യത്തെ തുടര്‍ച്ചയായി വിമര്‍ശിച്ചുവന്ന ട്രംപ് ഇത് കാലഹരണപ്പെട്ട സംഘടനയാണെന്നും വിശേഷിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ (നാറ്റോ) സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടെന്‍ബര്‍ഗുമായി സംസാരിച്ച ട്രംപ് നാറ്റോയ്ക്കുള്ള അമേരിക്കയുടെ ശക്തമായ പിന്തുണ അറിയിച്ചതായി വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പിറക്കി.

പ്രതിരോധ ചെലവുകള്‍ക്കായി നാറ്റോയിലെ അംഗരാജ്യങ്ങള്‍ ഉറപ്പുനല്‍കിയ പണം നേടിയെടുക്കുന്നതിന് എങ്ങനെ സമ്മര്‍ദ്ദം ചെലുത്താമെന്നത് സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച നടത്തിയതായും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു. ഉക്രൈന്‍ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള സാധ്യതകളും ഇരുവരും ചര്‍ച്ച ചെയ്തു.

ആക്രമണങ്ങളില്‍നിന്ന് സഖ്യരാജ്യങ്ങളെ പ്രതിരോധിക്കുന്നതിന് താന്‍ ഉപാധികള്‍ മുന്നോട്ടുവെയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത് യൂറോപ്യന്‍ രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു.

സൈനിക സഖ്യങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക അമേരിക്കയ്ക്ക് വലിയ ഭാരമാണ് വരുത്തിവെയ്ക്കുന്നതെന്നും നേരത്തെ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക നാറ്റോയുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്ന് വിശ്വസിക്കുന്നതായി ദാവോസിലെ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബര്‍ഗ് പറയുകയുണ്ടായി. നാറ്റോയെ കൈവിടില്ലെന്ന് യുഎസ് സന്ദര്‍ശനത്തിനിടെ ട്രംപ് തന്നോട് പറഞ്ഞതായി ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേ വ്യക്തമാക്കിയിരുന്നു.

Comments

comments

Categories: World