കാത്തിരുപ്പിന് വിരാമം; ആന്‍ഡമാനില്‍ ട്രെയ്ന്‍ വരുന്നു

കാത്തിരുപ്പിന് വിരാമം; ആന്‍ഡമാനില്‍ ട്രെയ്ന്‍ വരുന്നു

പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലിപുരിനെയും ബന്ധിപ്പിച്ച് 240 കിലോമീറ്റര്‍ നീളത്തിലാണ് ബ്രോഡ്‌ഗേജ് റെയ്ല്‍ പാത നിര്‍മ്മിക്കുന്നത്

ന്യൂഡെല്‍ഹി: ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളില്‍നിന്ന് ഇനി ട്രെയ്‌നുകളുടെ ചൂളം വിളി ഉയര്‍ന്നുകേള്‍ക്കും. പദ്ധതിക്ക് ഇന്ത്യന്‍ റെയ്ല്‍വേ അംഗീകാരം നല്‍കി പച്ചക്കൊടി വീശി. പോര്‍ട്ട് ബ്ലെയറിനെയും ദിഗ്ലിപുരിനെയും ബന്ധിപ്പിച്ച് 240 കിലോമീറ്റര്‍ നീളത്തിലാണ് ബ്രോഡ്‌ഗേജ് റെയ്ല്‍ പാത നിര്‍മ്മിക്കുന്നത്. റെയ്ല്‍പാതയുടെ ഭാഗമായി തീരങ്ങളില്‍ പാലങ്ങളും സ്റ്റേഷനുകളും നിര്‍മ്മിക്കേണ്ടിവരും.

നിലവില്‍ ദ്വീപിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്ത് എത്തണമെങ്കില്‍ 14 മണിക്കൂര്‍ ബസ്സില്‍ യാത്ര ചെയ്യണം. കപ്പല്‍ ഗതാഗതത്തിന് 24 മണിക്കൂറാണ് ചെലവഴിക്കേണ്ടത്. ഈ യാത്രാദുരിതം അവസാനിപ്പിക്കുന്നതിനാണ് റെയ്ല്‍ മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. ട്രെയ്ന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ഇതേ ദൂരം യാത്ര ചെയ്യുന്നതിന് പരമാവധി മൂന്ന് മണിക്കൂര്‍ മതി.

പദ്ധതി പൂര്‍ത്തിയാക്കുന്നതിന് 2,413.68 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. റെയ്ല്‍ മന്ത്രാലയത്തിന്റെ ആസൂത്രണ-സാമ്പത്തിക വിഭാഗം കഴിഞ്ഞയാഴ്ച്ച പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതി ചെലവിന്റെ പകുതി ആന്‍ഡമാന്‍-നികോബാര്‍ ഭരണകൂടം വഹിക്കും.

പ്രതിരോധ സേനകളുടെ തന്ത്രപ്രാധാന്യവും വിനോദസഞ്ചാര സാധ്യതകളും കണക്കിലെടുത്താണ് പദ്ധതിക്ക് റെയ്ല്‍ മന്ത്രാലയം രൂപം നല്‍കിയത്. ദിഗ്ലിപുരില്‍നിന്ന് കടല്‍മാര്‍ഗ്ഗം മുന്നൂറ് കിലോമീറ്റര്‍ ദൂരം മാത്രമാണ് മ്യാന്‍മറിലേക്കുള്ളത്. ട്രെയ്ന്‍ ഗതാഗതം യാഥാര്‍ത്ഥ്യമാകുന്നതോടെ ദ്വീപുകളിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ആറ് ലക്ഷത്തോളമായി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആന്‍ഡമാന്‍-നികോബാര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ജഗ്ദീശ് മുഖി പറഞ്ഞു.

പ്രാഥമിക സര്‍വ്വെ 2014 ഡിസംബറില്‍ പൂര്‍ത്തിയാക്കിയെങ്കിലും പിന്നീട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ റെയ്ല്‍വേ തീരുമാനിക്കുകയായിരുന്നു.

Comments

comments

Categories: Top Stories